
വെളിച്ചമില്ലാത്ത പരീത് ഇനി വെളിച്ചമേകും...
Posted on: 23 Jun 2011
സി.എസ്. ദിനേശന്‍

പുല്ലൂറ്റ് ഗവ. കോളേജിന്റെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ആശാലതയുടെ അനുഗ്രഹം വാങ്ങി മലയാള വിഭാഗം രജിസ്റ്ററില്‍ ഒപ്പ് വെയ്ക്കുമ്പോള്‍ പരീതിന്റെ മനസ്സ് നിറഞ്ഞിരിക്കണം. മൂവാറ്റുപുഴ കോളേജ്പടി കല്ലുങ്കല്‍കുടി അസീസിന്റെും ഇസബല്ലയുടെയും നാല് മക്കളില്‍ മൂത്ത മകനാണ് പരീത്. ഇയാളുടെ സഹോദരനും അന്ധനാണ്. ഒന്നാം റാങ്കിന്റെ തിളക്കത്തോടെയാണ് പരീത് എം.ജി. സര്‍വകലാശാലയില്‍നിന്ന് പി.ജി. കരസ്ഥമാക്കിയത്. അത് റെക്കോഡ് മാര്‍ക്കുമാണ്. എട്ടുവര്‍ഷക്കാലം താന്‍ പഠിച്ച നിര്‍മ്മല കോളേജിലെ അധ്യാപകരും ജീവനക്കാരും ഒരു മകനെപ്പോലെ തന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതാണ് ഒരു കോളേജ് അധ്യാപകനാകാന്‍ പ്രേരണയായതെന്ന് പരീത് പറയുന്നു.
ജീവിതപ്രാരാബ്ദങ്ങളില്‍പ്പെട്ട് ബുദ്ധിമുട്ടിയിരുന്ന പരീതിനെ പഠിപ്പിക്കുവാന്‍ വാപ്പ അസീസിസ് ഏറെ ബുദ്ധിമുട്ടായിരുന്നു. സൈക്കിളില്‍ മത്സ്യവില്പന നടത്തിയാണ് അസീസ് മക്കളെ പഠിപ്പിച്ചത്. ബി.എഡും ടി.ടി.സിയും ഉയര്‍ന്ന നിലവാരത്തില്‍ വിജയിച്ച പരീതിന് 2007 ജൂലായില്‍ സ്‌കൂള്‍ അധ്യാപകനായി ജോലി ലഭിച്ചു. മൂവാറ്റുപുഴ ഗവ.ഈസ്റ്റ് സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നു. ഒരു വര്‍ഷത്തിനുള്ളില്‍ മൂവാറ്റുപുഴ റവന്യൂ ജില്ലയിലെ നല്ല അധ്യാപകനുള്ള അവാര്‍ഡും ലഭിച്ചു. ഇതിനിടെ യു.ജി.സി. നെറ്റ് പരീക്ഷ പാസാവുകയും ജെ.ആര്‍.എഫ്. ലഭിക്കുകയും ചെയ്തു. പി.എസ്.സി. ടെസ്റ്റ് എഴുതി കോളേജ് അധ്യാപക ജോലിയും ലഭിച്ചു. ആകെ രണ്ട് പി.എസ്.സി. ടെസ്റ്റുകളാണ് പരീത് എഴുതിയിട്ടുള്ളത്. ഇത് രണ്ടും ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ പി.എച്ച്.ഡി. പൂര്‍ത്തിയായിവരികയാണ്. 'പി. കുഞ്ഞിരാമന്‍ നായരുടെ കവിതകളിലെ ആഖ്യാന തന്ത്രം' എന്ന വിഷയത്തിലാണ് ഗവേഷണം.
കോളേജ് അധ്യാപകനായി ജോലി ലഭിച്ചതിനെത്തുടര്‍ന്ന് മുവാറ്റുപുഴയിലെ സ്‌കൂള്‍ ഒന്നടങ്കം പരീതിന് യാത്രയപ്പ് നല്‍കി. പരീത് പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന് സാക്ഷികളാകാന്‍ ഈ സ്‌കൂളില്‍ നിന്നുമുള്ള കുറെ അധ്യാപകരും കെ.കെ.ടി.എം. കോളേജില്‍ എത്തിയിരുന്നു. ഞങ്ങളുടെ തീരാനഷ്ടം, നിങ്ങളുടെ മഹാ ഭാഗ്യം എന്നാണ് ഈ അധ്യാപകര്‍ പ്രതികരിച്ചത്.
മുവാറ്റുപുഴയിലെ വീട്ടില്‍നിന്ന് ദിവസവും പോയിവരികയാണ് പരീത്. 6 മണിക്ക് വീട്ടില്‍നിന്ന് ഇറങ്ങി 9.10ന് കോളേജില്‍ എത്തിച്ചേരും. ആദ്യ ദിവസങ്ങളില്‍ പിതവ് അസീസിന്റെ കൂടെയാണ് പരീതിന്റെ യാത്ര. വഴി പരിചയമായാല്‍ ഒറ്റയ്ക്ക് വരാനാണ് പരീതിന്റെ തീരുമാനം. എം.എ. ഫിലോസഫി പൂര്‍ത്തിയാക്കണമെന്നും എം.എ. ഇംഗ്ലീഷ് നേടണമെന്നുമാണ് പരീതിന്റെ ഭാവി പരിപാടി. ഇതിനിടെ ജൂലായ് 10ന് വീടിന് അടുത്തുള്ള കക്കടാശ്ശേരിയിലെ ഒരു സാധാരണ കുടുംബത്തിലെ പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചിരിക്കുകയാണ്.
