goodnews head

ചന്തുവിന്റേത് തൊഴിലാളി ഇല്ലാതെ സ്വയം നിര്‍മ്മിച്ച വീട്‌

Posted on: 14 Nov 2007


യവനാര്‍കുളം (തവിഞ്ഞാല്‍): തൊഴിലാളിയും മുതലാളിയുമെല്ലാം ഒരാള്‍ തന്നെ. വീടിന്റെ അടിത്തറ മുതല്‍ കോണ്‍ക്രീറ്റ് വരെയുള്ള ജോലികള്‍ തനിയെ ചെയ്ത് ചന്തു വ്യത്യസ്തനാകുകയാണ്.
പാതിവഴിയില്‍ ആദിവാസി വീട് നിര്‍മാണം നിലയ്ക്കുമ്പോള്‍ ഇതിനപവാദമാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ യവനാര്‍കുളം കൂടത്തുംമൂല കോളനിയിലെ ചന്തുവിന്റെ വീട്. ഗ്രാമപ്പഞ്ചായത്ത് നല്‍കിയ 75000 രൂപ കൊണ്ട് മനോഹരമായ കോണ്‍ക്രീറ്റ് വീട് തീര്‍ത്ത് ഈ ആദിവാസി യുവാവ് ആദിവാസി ഭവന പദ്ധതിക്കും മറ്റ് വീട് നിര്‍മാതാക്കള്‍ക്കും മാതൃകയാകുകയാണ്.
വീട് നിര്‍മാണത്തിന്റെ മുഴുവന്‍ ജോലികളും ചന്തുവും ഭാര്യ രാധയും ഒറ്റയ്ക്ക് ചെയ്തതാണ് ഈ വിജയഗാഥയുടെ രഹസ്യം. തറകെട്ടിയതും കട്ടപിടിച്ചതും മുതല്‍ കോണ്‍ക്രീറ്റ് തേപ്പുംവരെ ഇവര്‍ചെയ്തു. നിര്‍മാണത്തിന്റെ ഒരു ഘട്ടത്തില്‍ പോലും തടസ്സം നേരിട്ടില്ലെന്ന് ചന്തുപറയുന്നു. ആശാരി പണികളും നിഷ്പ്രയാസം വഴങ്ങി. കൊത്തുപണിയെടുത്ത വാതിലും ജനല്‍ ഫ്രെയിമും ഏത് വിദഗ്ധ തൊഴിലാളിയുടെയും വൈഭവത്തിന് ഒപ്പം നില്‍ക്കുന്നതാണ്. അടുക്കളയുടെ പണികള്‍ പൂര്‍ണമായും തീര്‍ത്ത് നിലം കാവിവരെ ഇട്ടിട്ടുണ്ട്. പലകകള്‍ക്ക് പകരം പരമ്പും സിങ്ക്ഷീറ്റും വെച്ച് കോണ്‍ക്രീറ്റ് ചെയ്ത വീട്ടിലെവിടെയും ചോര്‍ച്ചയില്ല. സീലിങ്ങില്‍ പരമ്പിന്റെ ഡിസൈന്‍ ഏവരെയും ആകര്‍ഷിക്കുന്നതാണ്. വീട് നിര്‍മാണത്തിന് മണല്‍, സിമന്റ്, കമ്പി എന്നിവ വാങ്ങുന്നതിന് മാത്രമാണ് പണം നല്‍കിയത്. കൂലിയിനത്തില്‍ ആര്‍ക്കും തുക നല്‍കേണ്ടിവന്നില്ല.
ഒരു തൊഴിലും ചന്തു എവിടെയും പോയി പഠിച്ചിട്ടില്ല. എല്ലാം സ്വയം ഹൃദിസ്ഥമാക്കിയവയാണ്. മരപ്പണി, കെട്ടുപണി, കമ്പിപ്പണി എന്നിവ കൂടാതെ കൊല്ലപ്പണി, കരകൗശല വസ്തു നിര്‍മാണം എന്നിവയിലും മികച്ച കഴിവുണ്ട്.



 

 




MathrubhumiMatrimonial