പൊന്മുടിയുടെ സ്വന്തം മീന്‍മുട്ടി

Posted on: 04 Sep 2008

ബി. പ്രകൃതി



പൊന്മുടി കുന്നുകളിലെ മലമടക്കുകള്‍ താണ്ടിയെത്തുന്ന ജലത്തെ തടഞ്ഞുനിര്‍ത്തി ഒരു മിനി വൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനപ്രദേശത്തെ പ്രകൃതിഭംഗിയെ തനതുശൈലിയില്‍ നിലനിര്‍ത്തിക്കൊണ്ടൊരു വിനോദസഞ്ചാര കേന്ദ്രം. അതാണ് നന്ദിയോട് പഞ്ചായത്തിലെ മീന്‍മുട്ടി ഹൈഡല്‍ ടൂറിസം പ്രോജക്ട്.

കാലവര്‍ഷത്തില്‍ കരയെടുത്തൊഴുകുകയും വേനലില്‍ വറ്റിവരളുകയും ചെയ്യുന്ന വാമനപുരം നദി. കടലിലേക്കൊഴുക്കി കളയുന്ന ഈ നദീജലത്തെ അണകെട്ടി തടഞ്ഞുനിര്‍ത്തിയാണ് വൈദ്യുതി ഉല്പാദനവും, ടൂറിസത്തിനുമുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. കലങ്ങി മറിഞ്ഞ് കരയില്‍ മുട്ടിനില്‍ക്കുന്ന നദീജലം, സദാപ്രവര്‍ത്തിക്കുന്ന വൈദ്യുത ഉല്പാദന യൂണിറ്റ്, ഉല്പാദനത്തിനുശേഷം പുറത്തേക്ക് പതഞ്ഞൊഴുകുന്ന വെള്ളത്തിന്റെ ആരവം. നദീതീരങ്ങളില്‍ ഇടതൂര്‍ന്ന വനഭംഗി. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെ എണ്ണപ്പന തോട്ടം. കൊച്ചുവീടുകള്‍ നിറഞ്ഞ ചെറുഗ്രാമങ്ങള്‍. പുതുതായി ആരംഭിച്ച ഈ വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളിനിയുമേറെയുണ്ട്.

പദ്ധതി പ്രദേശത്തെ ബോട്ടുസവാരിക്കായാണ് യാത്രക്കാരിലധികവും എത്തുന്നത്. പതിനഞ്ച് മിനിട്ടുനേരത്തെ യാത്ര. പദ്ധതി പ്രദേശം മുഴുവന്‍ ചുറ്റിക്കറങ്ങാം. കാഴ്ച കണ്ടിറങ്ങുന്നവര്‍ക്ക് വിശ്രമിക്കാനായി പാര്‍ക്കും, കോഫി ഹൗസുമുണ്ട്.

ആറുപേര്‍ക്ക് യാത്രചെയ്യാവുന്ന റാഫ്ടിംഗ് കോഫി ഷോപ്പെന്ന് പേരുള്ള ബോട്ടിന് 200 രൂപയും അഞ്ചുപേരെ വഹിക്കുന്ന റിവര്‍ റാഫ്ടിംഗ് ബോട്ടിന് 150 രൂപയും പെഡല്‍ ബോട്ടിന് 50 രൂപയുമാണ് വാടക. 15 മിനിട്ടുകൊണ്ട് രണ്ട് കിലോമീറ്റര്‍ യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്തും. പദ്ധതിപ്രദേശത്ത് സന്ദര്‍ശനത്തിന് മുതിര്‍ന്നവര്‍ക്ക് 10 രൂപയും കുട്ടികള്‍ക്ക് 5 രൂപയുമാണ് പ്രവേശനഫീസ്. വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസില്ല.

മീന്‍മുട്ടിയിലെത്തുന്നവര്‍ക്ക് വൈദ്യുതോല്പാദനം നേരിട്ടുകണ്ടറിയാം. ലോവര്‍ മീന്‍മുട്ടിയിലെ വെള്ളച്ചാട്ടം കണ്ടാസ്വദിക്കുകയുമാകാം. മീന്‍മുട്ടി ഹൈഡല്‍ ടൂറിസം സ്ഥലത്ത് തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട് -പാലോട് റോഡില്‍ നന്ദിയോട് കവലയില്‍ നിന്നും 5 കിലോമീറ്റര്‍ ഇടത്തോട്ട് സഞ്ചരിച്ചാല്‍ പദ്ധതി പ്രദേശത്തെത്താം.

കുളത്തൂപ്പുഴ വഴി വരുന്നവര്‍ക്ക് മടത്തറ-പാലോട് വഴിയും കാട്ടാക്കടയില്‍ നിന്നും വരുന്നവര്‍ക്ക് വിതുര-നന്ദിയോട് വഴിയും മീന്‍മുട്ടിയിലെത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് യൂണിറ്റ് മാനേജര്‍ പി.കെ. സുരേഷിന്റെ 98466993636 എന്ന നമ്പരില്‍ ബന്ധപ്പെട്ടാല്‍ അറിയാം.



MathrubhumiMatrimonial