
ഈ ചിരിക്ക് സുവര്‍ണശോഭ
Posted on: 04 Sep 2008

മെഡിക്കല്‍ കോളേജിനു കീഴില്‍ ഡന്റല്‍ വിങ് ആയി 36 പേരുടെ ബി.ഡി.എസ് ബാച്ചുമായാണ് കോളേജ് പ്രവര്‍ത്തനമാരംഭിച്ചത്. മറ്റുപല സംസ്ഥാനങ്ങളിലും ഡന്റല്‍കോളേജ് ഇല്ലാതിരുന്ന അക്കാലത്ത് പകുതി സീറ്റുവരെ അന്യസംസ്ഥാനക്കാര്‍ക്കായി നീക്കിവെച്ചിരുന്നു. വിദേശിയായ ഡോ. ക്ലമന്റ് ആയിരുന്നു ആദ്യപ്രിന്‍സിപ്പല്‍.
1977 മുതല്‍ രണ്ട് സീറ്റൊഴികെ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കായി നീക്കിവെച്ചു. '67ല്‍ പി.ജി ആരംഭിച്ച ഇവിടെ ഇന്ന് എട്ട് ഡിപ്പാര്‍ട്ടുമെന്റുകളിലായി പി.ജി കോഴ്‌സുകളുണ്ട്. 1996 മുതല്‍ മെഡിക്കല്‍ കോളേജ് ഭരണത്തിനു കീഴില്‍ നിന്ന് മോചിതമായ ഡന്റല്‍കോളേജ് 2001 മുതലാണ് പൂര്‍ണ്ണമായും സ്വതന്ത്രകേന്ദ്രമായത്. ഡോ. സക്കറിയ, ഡോ. പി.ടി. ജോണ്‍, ഡോ. ബി.ആര്‍. വര്‍മ്മ, ഡോ. ജേക്കബ്ബ് ഹെയ്‌സണ്‍... ഇങ്ങനെ നീളുന്നു ഈ കോളേജ് രാജ്യത്തിന് സംഭാവന ചെയ്ത ഭിഷഗ്വരന്മാരുടെ നിര.
1976 ബാച്ചില്‍ ഇതേ കോളേജില്‍ പഠിച്ചിറങ്ങിയ ഡോ. എന്‍.ഒ. വര്‍ഗ്ഗീസാണ്, ദേശീയതലത്തില്‍ തന്നെ ഏറെ പാരമ്പര്യം അവകാശപ്പെടാവുന്ന ഡന്റല്‍കോളേജിന്റെ ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍. പൂര്‍വ വിദ്യാര്‍ത്ഥി സംഗമം, ദേശീയതല സെമിനാറുകള്‍, കലാ-സാംസ്‌കാരിക പരിപാടികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളുമായി ജൂബിലി ആഘോഷിക്കാനാണ് അധികൃതര്‍ തയ്യാറെടുക്കുന്നത്.
അതേസമയം പരാധീനതകളുടെ ചെറുപ്രശ്‌നങ്ങളും കോളേജിനുണ്ട്. സ്വന്തമായി സര്‍ജിക്കല്‍ വാര്‍ഡ് ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ മെഡിക്കല്‍ കോളേജ് വാര്‍ഡിലാണ് കിടത്തുന്നത്. പ്രത്യേകം ഓപ്പറേഷന്‍ തിയേറ്ററും വാര്‍ഡുമടങ്ങിയ ഒരു കെട്ടിടം കൂടി സുവര്‍ണ്ണജൂബിലി വര്‍ഷത്തിലെങ്കിലും അനുവദിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
