goodnews head

ഷംസീറിന്റെ ധീരത വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിച്ചു

Posted on: 13 Nov 2007


താമരശ്ശേരി: പന്ത്രണ്ട്‌കോല്‍ താഴ്ചയും മൂന്നാള്‍ പൊക്കത്തില്‍ വെള്ളവുമുള്ള കിണറ്റില്‍ വീണ വിദ്യാര്‍ഥിയുടെ ജീവന്‍ മറ്റൊരു വിദ്യാര്‍ഥിയുടെ ധീരതയാല്‍ രക്ഷപ്പെട്ടു.

പൂനൂര്‍ കണ്ടോത്ത് ഹരിദാസന്റെ മകന്‍ പൂനൂര്‍ ജി.എം.യു.പി. സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി രോഹിതാണ് അബദ്ധത്തില്‍ കിണറ്റില്‍ വീണത്. ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഈ സമയം രോഹിതിന്റെ വീട്ടില്‍ അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിലവിളികേട്ട് ഓടിയെത്തിയ എട്ടാംക്ലാസ് വിദ്യാര്‍ഥി ഷംസീര്‍ കിണറ്റിലേക്ക് എടുത്തുചാടി മുങ്ങിക്കൊണ്ടിരുന്ന കുട്ടിയെ പൊക്കിയെടുത്ത് കിണറ്റിലേക്ക് താഴ്ന്നുകിടന്ന പൈപ്പില്‍ പിടിച്ചുനിന്നു. പിന്നീട് ഓടിയെത്തിയ നാട്ടുകാര്‍ രണ്ടുപേരെയും ഏറെനേരത്തെ പരിശ്രമത്തിന്റെ ഫലമായി കരയ്‌ക്കെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഷംസീറിന്റെ കൈക്ക് പരിക്കേറ്റു. ഇപ്പോള്‍ പ്ലാസ്റ്ററിട്ട് ചികിത്സയിലാണ്.

ഷംസീറിന്റെ ധീരതയെ നാട്ടുകാര്‍ അഭിനന്ദിച്ചു. പ്രദേശത്തെ സാംസ്‌കാരിക സംഘടനയായ എസ്.സി.എ.കെ.യുടെ ആഭിമുഖ്യത്തില്‍ അനുമോദനയോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് അംഗം എ.കെ. ഗോപാലന്‍ ഉപഹാരം നല്കി. നിര്‍ധന കുടുംബാംഗമായ ഷംസീര്‍ പൂനൂര്‍ കുനിയില്‍ അഷ്‌റഫ്-കമല ദമ്പതികളുടെ മകനാണ്. പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 8-ാം ക്ലാസ് വിദ്യാര്‍ഥിയാണ്.

 

 




MathrubhumiMatrimonial