
'മരുത്തി'ന്റെ നാട്ടിലെ ദേവീക്ഷേത്രം
Posted on: 01 Sep 2008

ക്ഷേത്രോത്പത്തിയെക്കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെ: പണ്ട് നാട്ടില്‍ വസൂരി പടര്‍ന്നുപിടിച്ചു. അനേകമാളുകള്‍ ചത്തൊടുങ്ങി. ഭയവിഹ്വലരായ നാട്ടുകാര്‍ പ്രശ്‌നം വച്ചു. ദേവീകോപമാണ് കാരണമെന്നാണ് പ്രശ്‌നത്തില്‍ തെളിഞ്ഞത്. പരിഹാരമായി നിത്യവും ദേവീപൂജ നടത്താന്‍ ജ്യോത്സ്യന്മാര്‍ നിര്‍ദ്ദേശിച്ചു. ദേവീഭക്തനും അവര്‍ണനുമായ നാട്ടുപ്രമാണി ക്ഷേത്രനിര്‍മ്മാണമെന്ന ലക്ഷ്യത്തോടെ പരിവാരങ്ങള്‍ക്കൊപ്പം കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ജലമാര്‍ഗം വഞ്ചിയിലായിരുന്നു യാത്ര. കൊടുങ്ങല്ലൂരിലെത്തിയ ഭക്തന്‍, തങ്ങള്‍ക്ക് ക്ഷേത്രം നിര്‍മ്മിക്കാന്‍ ദേവീചൈതന്യം പകര്‍ന്നുതരണമെന്ന് അധികാരികളോട് അപേക്ഷിച്ചു. എന്നാല്‍ അധികാരികള്‍ അപേക്ഷ ചെവിക്കൊണ്ടില്ല. നിരാശനും ദുഃഖിതനുമായ ഭക്തന്‍ ജലപാനംപോലും നടത്താതെ തപസ്സാരംഭിച്ചു. ദേവി പ്രത്യക്ഷപ്പെട്ടു. പട്ടില്‍ പ്പൊതിഞ്ഞ ദേവീചിഹ്നം ലഭിക്കുകയും ചെയ്തു. സന്തോഷത്തോടെ പരിവാരങ്ങളുമായി അദ്ദേഹം മടങ്ങി. എന്നാല്‍ വേമ്പനാട്ടുകായലിന്റെ മധ്യത്തെത്തിയപ്പോള്‍ ശക്തമായ കാറ്റും മഴയും തുടങ്ങി. വഞ്ചി മറിഞ്ഞു. ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ദേവീചിഹ്നം നഷ്ടപ്പെടുകയും ചെയ്തു. ദുഃഖിതനും നിരാശനുമായ അദ്ദേഹം വീട്ടില്‍ തിരിച്ചെത്തി. തളര്‍ന്നുമയങ്ങവേ സ്വപ്നത്തില്‍ ഒരുദര്‍ശനം-'നീ ആഗ്രഹിച്ചത് തൊട്ടുപടിഞ്ഞാറ് കടല്‍ക്കരയില്‍ എത്തിയിട്ടുണ്ട്. വേഗം എടുത്തുകൊള്‍ക'. ഞെട്ടിയുണര്‍ന്ന പ്രമാണി കടല്‍ക്കരയിലേക്ക് ഓടി. അദ്ഭുതം... അതാ നഷ്ടപ്പെട്ട ദേവീചൈതന്യം പട്ടില്‍ പ്പൊതിഞ്ഞ നിലയില്‍. അത്യാഹ്ലാദത്തോടെ ചിഹ്നം കൈയിലെടുത്ത് കിഴക്കോട്ട് നടന്നു. കണ്ടല്‍ക്കാടിന് സമീപമെത്തിയപ്പോള്‍ ദേവീചിഹ്നം നിലത്തുവീണു. ക്ഷേത്രത്തിന് ഉചിതമായ സ്ഥാനം അതാണെന്ന് മനസ്സിലാക്കി അവിടെത്തന്നെ നിര്‍മ്മാണം തുടങ്ങി ദേവിയെ പ്രതിഷ്ഠിച്ചു.
1991-ല്‍ ക്ഷേത്രം പൊളിച്ചുപണിയുകയും പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തു.
കുംഭത്തിലെ മൂന്നാം ചൊവ്വാഴ്ചയാണ് ക്ഷേത്രത്തിലെ ആറാട്ടുത്സവം. പത്തുദിവസം മുമ്പ് കാപ്പുകെട്ടി കൊടിയേറും. ഉത്സവത്തിന് തൊട്ടുമുമ്പുള്ള ഞായറാഴ്ച, സമീപത്തെ മുളങ്കാടകം ദേവീക്ഷേത്രത്തില്‍നിന്ന് അംഗനമാരുടെ താലപ്പൊലിയോടെ തിരുവാഭരണഘോഷയാത്ര നടക്കും.
ഉത്സവത്തോടനുബന്ധിച്ചുള്ള തോറ്റംപാട്ടും ചമയവിളക്കും പേരുകേട്ടതാണ്. ആനയെ എഴുന്നള്ളിക്കാറില്ലെന്നത് പ്രത്യേകതയാണ്. എല്ലാ വെള്ളിയാഴ്ചയും രാവിലെ പത്തുമുതല്‍ കാര്യസിദ്ധിപൂജയും 12 മുതല്‍ കുംഭാഭിഷേകവും അന്നദാനവും നടന്നുവരുന്നു.
17 അംഗങ്ങളുള്ള ട്രസ്റ്റിനാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല.
