goodnews head

പഠനത്തിനിടയിലും പച്ചക്കറി വിളവെടുപ്പ്

Posted on: 19 Jan 2008


വാളേരി: പഠനത്തിന്റെ തിരക്കുകള്‍ക്കിടയിലും പച്ചക്കറി കൃഷി ചെയ്ത് മാതൃകയാവുകയാണ് വാളേരി ജി.യു.പി.യിലെ കുട്ടികള്‍.

സ്‌കൂള്‍ മുറ്റംതന്നെയാണ് ഇവരുടെ കൃഷിനിലം. ഹരിതസേനയുടെ ആഭിമുഖ്യത്തിലായിരുന്നു കൃഷി. കഴിഞ്ഞ നവംബര്‍ മാസമായിരുന്നു ഹരിതസേനയുണ്ടാക്കി ഇവര്‍ പച്ചക്കറി കൃഷി തുടങ്ങിയത്. വിദ്യാര്‍ഥികള്‍ അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് തോട്ടം പരിപാലിച്ചത്. ചീര, വെണ്ടയ്ക്ക, പാവയ്ക്ക തുടങ്ങിയ പച്ചക്കറികള്‍ കൃഷിയിറക്കി. കൃഷിയുടെ ഓരോ പാഠവും മുതിര്‍ന്നവരില്‍നിന്നു വിശദമായി ഇവര്‍ ചോദിച്ചറിഞ്ഞു. ഈ പാഠങ്ങളാണ് തങ്ങളുടെ സ്‌കൂള്‍ മുറ്റത്തെ കൃഷിയിടത്തില്‍ ഇവര്‍ പ്രാവര്‍ത്തികമാക്കിയത്.

പച്ചക്കറികളുടെ വിളവെടുപ്പ് ഉത്സവം പി.ടി.എ. പ്രസിഡന്റ് എ.ആര്‍.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. മികച്ച ഹരിതസേന പ്രവര്‍ത്തകരായി അഞ്ജു കെ. ബേബി, എമിലിന്‍ ഷാജന്‍, കെ.ടി.ഷില്‍ന, അനുപമ വിജയന്‍, പി.എസ്.ആര്യ, മിഥുന്‍ വിജയന്‍ എന്നിവരെ തിരഞ്ഞെടുത്തു. ഹരിതസേന കോ-ഓര്‍ഡിനേറ്റര്‍ എ.കെ.ഫിലിപ്പ്, വിഷ്ണുപ്രസാദ്, അനുപമ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.കെ.സുഹറാബി, ജോസിചാക്കോ, ആലീസ് ജോസഫ്, ജി.ജി.എസ്.പോള്‍, വി.ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്കി.

സ്‌കൂള്‍മുറ്റത്ത് ഓരോ വിദ്യാര്‍ഥിക്കും ഓരോ മരം പദ്ധതി നടപ്പാക്കാന്‍ വൃക്ഷത്തൈകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ ഫോറസ്ട്രി അസി. കമ്മീഷണര്‍ക്ക് സേനാംഗങ്ങള്‍ അപേക്ഷ നല്കിയിട്ടുണ്ട്. പൂന്തോട്ടവും ഒരുക്കിക്കൊണ്ടിരിക്കുകയാണ് ഹരിതസേനാംഗങ്ങള്‍.

 

 




MathrubhumiMatrimonial