ഇങ്ങനെയും ഒരു ബീച്ച്‌

Posted on: 31 Aug 2008

സി.ജി.ആശ



കടല്‍ത്തീരങ്ങളില്‍ ഏറ്റവും മനോഹരമായതാണ് കൊല്ലം ബീച്ച്. ഒപ്പം അപകട സാധ്യതയേറിയതും.


കൊല്ലം: ബീച്ചായാല്‍ ഇങ്ങനെവേണം; എന്നുപറഞ്ഞാല്‍ കൊല്ലം ബീച്ചുപോലെ. പ്ലാസ്റ്റിക്കിന് പ്ലാസ്റ്റിക്, പേപ്പറിന് പേപ്പര്‍. മറ്റ് മാലിന്യങ്ങളാണെങ്കില്‍ ഒട്ടും കുറവല്ല. ഇതുകേട്ട് പേടിക്കുകയൊന്നും വേണ്ട. സഹനശക്തിയുള്ളവര്‍ കാലുകൊണ്ട് അഴുക്കുനീക്കി മണല്‍പ്പരപ്പില്‍ ഇരിക്കും.

കടല്‍ത്തീരങ്ങളില്‍ ഏറ്റവും മനോഹരമായതാണ് കൊല്ലം ബീച്ച്. ഒപ്പം അപകടസാധ്യതയേറിയതും. എന്നാല്‍ ഇവിടെ ഒരുവിധ സൗകര്യങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടില്ല.

ബീച്ചിലെ അഴുക്ക് നീക്കുന്നതിന് നഗരസഭയുടെ മൂന്ന് ജീവനക്കാരുണ്ടെങ്കിലും വൃത്തിയാക്കല്‍ കണക്കുതന്നെ. ആഴ്ചയില്‍ രണ്ടും മൂന്നും തവണ സന്നദ്ധപ്രവര്‍ത്തകര്‍ വൃത്തിയാക്കിയെങ്കിലായി. ബീച്ച് എപ്പോഴും വൃത്തിയായി കിടക്കണമെന്ന് വാശിപിടിക്കാന്‍ പാടില്ലല്ലോ.

സുരക്ഷയ്ക്കാണെങ്കില്‍ രണ്ട് ലൈഫ്ഗാര്‍ഡുമാരെ ഡ്യൂട്ടിക്കിട്ടിട്ടുണ്ട്. ഈസ്റ്റ് സ്റ്റേഷനില്‍നിന്ന് കുറച്ച് പോലീസുകാരും. ബീച്ചിന്റെ സൗന്ദര്യവത്കരണത്തിനായി വമ്പന്‍ പദ്ധതികളാണ് നഗരസഭ ആവിഷ്‌കരിക്കുന്നത്. നടപ്പാക്കണമെങ്കില്‍ നൂറ്റാണ്ടുകള്‍ വേണ്ടിവരും. ബീച്ച് വൃത്തിയാക്കുന്നതിന് ആധുനികയന്ത്രം എത്തിക്കുമെന്നായിരുന്നു ഇതുവരെയുള്ള കൊട്ടിഘോഷം. കേന്ദ്രസര്‍ക്കാരിന്റെ സുനാമി പദ്ധതിയില്‍പ്പെടുത്തി സൗന്ദര്യവത്കരണമാണ് ഏറ്റവും പുതിയത്. ഒന്നേമുക്കാല്‍ കോടി രൂപയുടേതാണ് പദ്ധതി. മറീന ബീച്ചിന്റെ മാതൃകയിലാക്കും എന്നതാണ് സങ്കല്പം. പദ്ധതി കേട്ട് നഗരവാസികള്‍ക്ക് സ്വപ്നം കാണാം-കൊല്ലവും ഒരിക്കല്‍ മറീന ബീച്ചാകും.

എങ്കിലും സായാഹ്നങ്ങളില്‍ ബീച്ചില്‍ തിരക്കൊഴിയില്ല. അവധിദിവസങ്ങളില്‍ കുട്ടികളുമായെത്തുന്ന കുടുംബങ്ങളും സുഹൃത്തുക്കളുടെ സംഘവുമെല്ലാം ബീച്ചിലെ വര്‍ണക്കാഴ്ചകളാണ്. ബലൂണുകളും പട്ടം പറത്തലുമെല്ലാം കുട്ടികള്‍ക്ക്. വറുത്ത കപ്പലണ്ടിയും കൊറിച്ച് സൊറ പറഞ്ഞിരിക്കുന്നതിന്റെ സുഖം മുതിര്‍ന്നവര്‍ക്കും.

നഗരവാസികള്‍ മാത്രമല്ല ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ബീച്ചില്‍ എത്തുന്നവര്‍ ദിനംപ്രതി കൂടിവരികയാണ്. പക്ഷേ സൂക്ഷിക്കണേ മാലിന്യക്കൂമ്പാരവും അപകടവും ഇവിടെ കാത്തിരിപ്പുണ്ട്.



MathrubhumiMatrimonial