ഇനി പാലിയംകൊട്ടാരംകാഴ്ചകള്‍

Posted on: 31 Aug 2008

ടി.സി. പ്രേംകുമാര്‍



പറവൂര്‍: ഡച്ച് ശില്പമാതൃകയുടെ തിളക്കമുള്ള ചില്ലുജാലകങ്ങള്‍ ഇനി വിനോദസഞ്ചാരികള്‍ക്കായി തുറക്കപ്പെടും. ബല്‍ജിയം തറയോടുകള്‍ മേഞ്ഞ കോവിലകത്തിന്റെ അകത്തളങ്ങളില്‍ ഇനി കടല്‍ കടന്നെത്തുന്നവരുടെ കാലൊച്ചകള്‍ ഉയരും.

നൂറ്റാണ്ടുകളുടെ വീരസ്മൃതികളുറങ്ങുന്ന ചേന്ദമംഗലം പാലിയം കൊട്ടാരസമുച്ചയം പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ്.

ആഗസ്ത് 4ന് ധനമന്ത്രി തോമസ് ഐസക് പാലിയം ട്രസ്റ്റ് അധികൃതരുമായും എംഎല്‍എ, പഞ്ചായത്ത് അധികാരികളുമായും ചര്‍ച്ച നടത്തും. പദ്ധതിക്കായി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തെ പത്ത് കോടി വകയിരുത്തിയിരുന്നു.

കേരളത്തിലെ പഴയ രാജവംശങ്ങളോട് കിടപിടിച്ചിരുന്ന പ്രഭുക്കളും കൊച്ചിയുടെ പ്രധാനമന്ത്രിമാരുമായിരുന്നു പാലിയത്തച്ചന്മാര്‍. 17-ാം നൂറ്റാണ്ടില്‍ ഡച്ച് ശില്പചാതുരിയില്‍ പണിത കോവിലകം ഇന്നും ഒരത്ഭുതമാണ്. ബല്‍ജിയം തറയോട് പതിച്ച മുറികള്‍, വലിയ തേക്കുമരങ്ങളില്‍ പണിതീര്‍ത്ത കൊട്ടാരക്കെട്ടുകള്‍, കരംപിരിവ് മുതല്‍ കരുതല്‍ധനം വരെ സൂക്ഷിച്ചിരുന്ന സ്‌ട്രോങ്‌റൂം, ഔഷധമരക്കട്ടില്‍, ഭരണാധികാരികള്‍ ഇരുന്ന് പ്രജകളുടെ പരാതിയും ന്യായവിചാരവും നടത്തിയിരുന്ന കല്ല് ഇരിപ്പിടം ഒക്കെ ഇപ്പോഴുമുണ്ട്.

400 വര്‍ഷം പഴക്കമുള്ള, സ്ത്രീകള്‍ മാത്രം താമസിച്ചിരുന്ന നാലുകെട്ട്, രഹസ്യമുറിയില്‍ നിന്ന് പുറത്തേയ്ക്കുള്ള ഗുഹാദ്വാരം, പുതുമാളികകള്‍, പടിപ്പുര മാളികകള്‍, ഇരുനില മാളികകള്‍, മഠങ്ങള്‍, ക്ഷേത്രങ്ങള്‍, വലിയ കുളങ്ങള്‍ എന്നിവ പാലിയം സമുച്ചയത്തിന്റെ ഭാഗമാണ്. ഡച്ച് പാലസ് മ്യൂസിയമാക്കാനാണ് ആലോചന.

നാശത്തെ നേരിടുന്ന കൊട്ടാരക്കെട്ടുകള്‍ തനിമ നിലനിര്‍ത്തി സംരക്ഷിക്കാനും സഞ്ചാരികളെ ആകര്‍ഷിക്കാനുമാണ് വികസന പദ്ധതികള്‍.





MathrubhumiMatrimonial