ഒ.വി.വിജയന്‍ - ജീവിതരേഖ

Posted on: 28 Mar 2011


എഴുത്തിലും, വരയിലും, ദര്‍ശനത്തിലും, മലയാളത്തിനും, വിവരണാതീതമായ സംഭാവനകള്‍ നല്‍കിയ മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസകാരനാണ് ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി.വിജയന്‍. വിജയന്‍ തന്റെ വരയിലൂടെ ഉന്നയിച്ച പൊള്ളുന്ന ചോദ്യങ്ങള്‍ ദല്‍ഹിയിലെ ഭരണ സിരാകേന്ദ്രങ്ങളെ വിറപ്പിച്ചിരുന്നു. എഴുത്തും വരയും ഒരു പോലെ അനായാസം കൈകാര്യം ചെയ്ത്, ഇന്നേവരെ കാണാത്ത ഒരു ലോകം സൃഷ്ടിച്ച വിജയന്‍ , മലയാള നോവല്‍ സങ്കല്‍പ്പത്തെ തകിടം മറിച്ച ഖസാക്കിന്റെ ഇതിഹാസത്തെ സൃഷ്ടിച്ചപ്പോള്‍, മലയാള സാഹിത്യത്തില്‍ എക്കാലത്തെയും മികച്ച നോവല്‍ പിറക്കുകയായിരുന്നു. മലയാളനോവല്‍ ഖസാക്കിന് ശേഷവും മുമ്പും എന്ന കാലവേര്‍തിരിവ് അതോടെ സൃഷ്ടിക്കപ്പെടുകയായിരുന്നു . ഖസാക്കില്‍ നിന്നും തലമുറകളി ലെത്തുമ്പോള്‍ വിജയന്‍റെ മനസ് അവ്യക്തമായ ഏതോ ചേരിയിലേക്ക് ചാഞ്ഞു തുടങ്ങിയെന്ന് പലരും പറഞ്ഞു. എന്നാല്‍ ഭാരതീയമായൊരു ആത്മീയസമീപനമായിരുന്നു വിജയന്‍ സ്വീകരിച്ചു പോന്നത്. തനിക്കെതിരെ വന്ന വിമര്‍ശനങ്ങളെ സ്‌നേഹത്തോടെയാണ് അദ്ദേഹം നേരിട്ടത്. പുരസ്‌ക്കാരങ്ങളുടെ തണല്‍ പറ്റാന്‍ എന്നും വിജയന്‍ നിന്ന് കൊടുത്തിട്ടില്ല. എന്നിട്ടും ക്രൂശിക്കാന്‍ പലരും വന്നു.

വിജയന്‍റെ എഴുത്തിന്റെ, വരയുടെ ലോകം വിശാലമായിരുന്നു. ആഖ്യാനത്തിലെ വ്യത്യസ്തത, ചെത്തി മിനിക്കിയെടുത്ത ഭാഷ വിജയന്‍റെ കഥകളുടെ കരുത്തും വൈവിധ്യവും വിസ്മയകരമാണ് . ഖസാക്കിലെ രവി, അള്ളാപിച്ചാ മൊല്ലാക്ക, കുഞ്ഞാമിന, അപ്പുക്കിളി, കുപ്പുവച്ഛന്‍, നൈജാമലി വായനക്കാരന്റെ മനസ്സില്‍ എന്നും പച്ചയായി നില്ക്കും. മരണം കാത്തു കിടക്കുന്ന കണ്ടുണ്ണിയെ കാണാന്‍ പൊതിച്ചോറുമായി അച്ഛന്‍ വെള്ളായിയപ്പന്‍ പാഴുതറയില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ പഴുതറയിലെ ആണുങ്ങളും പെണ്ണുങ്ങളും വിതുമ്പുന്നതോടൊപ്പം മലയാള മനസ്സും വിതുമ്പിയിരുന്നു.' നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍. നൂറ്റാണ്ടുകളിലൂടെ കൊച്ചുളികളും ചെറു ചുറ്റികകളും അലസമായി പണിയുന്നു. വലിയ സന്ദേഹങ്ങളില്ലാതെ ,സൃഷ്ടിയുടെ നോവുകളില്ലാതെ .ഈ ശരാശരിത്വം തുടര്‍ന്നുപോകുന്നതിന്‍റെ ചരിത്രമാണ് നമ്മുടെ സാഹിത്യം.ഇവിടെ മരത്തിന്‍റെ മാറ്റ് മനസ്സിലാകാതെ പോകുന്നത് തച്ചന്‍മാര്‍ തന്നെ.' എന്ന ആശങ്കപ്പെടല്‍ ഒ.വി.വിജയന് എന്നുമുണ്ടായിരുന്നു.

1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ജനനം. അച്ഛന്‍ വേലുക്കുട്ടി,അമ്മ കമലാക്ഷിയമ്മ. മലബാര്‍ സ്‌പെഷല്‍ പോലീസ് എന്ന എം.എസ്.പിയില്‍ ഉദ്യോഗസ്ഥനായിരുന്നു വിജയന്റെ പിതാവ്. കുട്ടിക്കാലത്ത് അച്ഛന്‍ ജോലി ചെയ്തിരുന്ന മലപ്പുറത്ത് എം.എസ്?പി ക്വാട്ടേഴ്‌സില്‍ ആയിരുന്നു വിജയന്‍ താമസിച്ചിരുന്നത്. അനാരോഗ്യം കാരണം സെക്കന്‍ഡ് ഫോറം മുതലേ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞുള്ളൂ. കുറച്ചുകാലം അരിയക്കോട്ടുള്ള ഹയര്‍ എലിമെന്‍റ്!ററി സ്‌കൂളില്‍ പഠിച്ചു. സെക്കന്റ് ഫോറം കോട്ടയ്ക്കല്‍ രാജാസ് ഹൈസ്‌കൂളിലായിരുന്നു. തേര്‍ഡ്‌ഫോറം കൊടുവായൂര്‍ ബോര്‍ഡ് ഹൈസ്‌കൂളില്‍. ഫോര്‍ത്ത് ഫോറം മുതല്‍ സിക്‌സ്ത് ഫോറത്തിന്റെ മദ്ധ്യംവരെ പാലക്കാട് മോട്ടിലാല്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍. സിക്‌സ്ത് ഫോറത്തിന്റെ അവസാന ഭാഗം മദിരാശിയിലെ താംബരം കോര്‍ളി ഹൈസ്‌കൂളില്‍. ഇന്‍റ്!റര്‍മീഡിയറ്റും ബി.എയും പാലക്കാട് ഗവണ്‍മെന്‍റ്!റ് വിക്ടോറിയാ കോളജില്‍. മദ്രാസിലെ പ്രസിഡന്‍സി കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ ബിരുദം നേടി . പ്രസിഡന്‍സി കോളജില്‍ നിന്ന് ഇംഗഌഷില്‍ എം.എ. ജയിച്ച (1954) ശേഷം കോളജ് അദ്ധ്യാപകനായി. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ആയിരുന്നു അദ്ധ്യാപകനായിരുന്നത്. താനൊരു മോശം അദ്ധ്യാപകനായിരുന്നുവെന്ന് പില്ക്കിലത്ത് വിജയന്‍ അനുസ്മരിക്കുന്നുണ്ട്. ഇക്കാലത്ത് കടുത്ത ഇടതുപക്ഷവിശ്വാസിയായിരുന്നു വിജയന്‍. എഴുത്തിലും കാര്‍ട്ടുണ്‍ ചിത്രരചനയിലും അക്കാലത്ത് തന്നെ വിജയന്‍ താല്പര്യം പ്രകടമാക്കിയിരുന്നു. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് ശങ്കേഴ്‌സ് വീക്കിലിയിലും (1958) പേട്രിയറ്റ് ദിനപത്രത്തിലും (1963) കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തു. 1967 മുതല്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി. ഫാര്‍ ഈസ്‌റ്റേണ്‍ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കല്‍ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൌമുദി എന്നിവയ്ക്കു വേണ്ടി കാര്‍ട്ടൂണ്‍ വരച്ചു. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം (കലാകൗമുദിയില്‍) എന്ന കാര്‍ട്ടൂണ്‍ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയും (മലയാളനാട് വാരികയില്‍ പ്രസിദ്ധീകരിച്ചു. മാതൃഭൂമി, ഇന്ത്യാ ടുഡേ) എന്നിവയിലെഴുതിയ പരമ്പരകളും പ്രശസ്തമാണ്. 1975 ല്‍ ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ നിശിതമായ വിമര്‍ശനം എഴുത്തിലൂടെയും കാര്‍ട്ടൂണുകളിലൂടെയും ആവിഷ്‌കരിച്ച ഇന്ത്യന്‍ എഴുത്തുകാരില്‍ ഒരാള്‍ വിജയനാണ്. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം ഇതിനു തെളിവാണ്. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്ത ധര്‍മ്മപുരാണം എന്ന നോവല്‍ വിജയനെ മലയാളത്തിലെ എഴു!ത്തുകാരില്‍ അനന്വയനാക്കുന്നു.

ഖസാക്കിന്റെ ഇതിഹാസം (1969),ധര്‍മ്മപുരാണം (1985),ഗുരുസാഗരം (1987),മധുരം ഗായതി (1990),പ്രവാചകന്റെ വഴി (1992),തലമുറകള്‍ (1997) എന്നിവയാണ് പ്രധാന നോവലുകള്‍ . വിജയന്റെ കഥകള്‍ (1978),ഒരു നീണ്ടരാത്രിയുടെ ഓര്‍മ്മയ്ക്കായി (1979),കടല്‍ത്തീരത്ത് (1988),കാറ്റ് പറഞ്ഞ കഥ (1989),അശാന്തി (1985),ബാലബോധിനി (1985), ൂതപ്രബന്ധവും മറ്റ് കഥകളും (1993),കുറെ കഥാബീജങ്ങള്‍ (1995) എന്നവയാണ് കഥാസമാഹാരങ്ങള്‍ . ഘോഷയാത്രയില്‍ തനിയെ (1988),വര്‍ഗ്ഗസമരം,സ്വത്വം (1988),കുറിപ്പുകള്‍ (1988),ഇതിഹാസത്തിന്റെ ഇതിഹാസം (1989) എന്നീ ലേഖനങ്ങളും എന്റെ ചരിത്രാന്വേഷണപരീക്ഷകള്‍ (1989) എന്ന ആക്ഷേപഹാസ്യവും ഇത്തിരി നേരംപോക്ക് ഇത്തിരി ദര്‍ശനം (1999) എന്ന കാര്‍ട്ടൂണും സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരല്‍മീന്‍ (1998) എന്ന ഓര്‍മ്മക്കുറിപ്പും ഇതിഹാസകാരന്റേതായിട്ടുണ്ട് .കൂടാതെ നിരവധി രചനകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട് .

കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍, മുട്ടത്തുവര്‍ക്കി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം, പത്മശ്രീ(2001) തുടങ്ങി നിരവധി ബഹുമതികള്‍ വിജയനെ തേടിയെത്തി. 1993ല്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമില്‍നിന്ന് പത്മഭൂഷനും അദ്ദേഹം സ്വീകരിച്ചു.

ഭാര്യ ഡോക്ടര്‍ തെരേസ ഗബ്രിയേല്‍ ഹൈദരാബാദ് സ്വദേശിയാണ്. ഏകമകന്‍ മധുവിജയന്‍ അമേരിക്കയിലെ ഒരു പരസ്യക്കമ്പനിയില്‍ ക്രീയേറ്റീവ് ഡയറക്ടറായി ജോലിചെയ്യുന്നു.

2005 മാര്‍ച്ച് 30ന് ഹൈദരാബാദില്‍ വെച്ച് ഒ.വി.വിജയന്‍ ഓര്‍മ്മയായി



MathrubhumiMatrimonial