
മരിച്ചെങ്കിലും ഉഷയുടെ ജീവന്‍ അഞ്ചുപേരില്‍ തുടിക്കും
Posted on: 12 Aug 2008

ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആസ്പത്രിയില്‍ ശനിയാഴ്ചയായിരുന്നു ഉഷ തന്‍വര്‍ മസ്തിഷ്്ക രക്തസ്രാവംമൂലം മരിച്ചത്. രണ്ട് നാളുകള്‍ക്ക്‌ശേഷം ഇവരെ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
കരള്‍വീക്കം പിടിപെട്ട് ബുദ്ധിമുട്ടുന്ന 24കാരനായ പട്ടാളക്കാരന് കരള്‍ നല്‍കി. ഒരു വൃക്ക 54കാരനും മറ്റൊന്ന് പുണെ കമാന്‍ഡ് ആസ്പത്രിക്ക് അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയും നല്‍കി. ഹൃദയ വാള്‍വും കണ്ണും പിന്നീട് രോഗബാധിതര്‍ക്ക് കൊടുക്കും.
കശ്മീരില്‍ സൈനിക സേവനം ചെയ്യുന്ന ദിനേശ് തന്‍വര്‍ അമ്മയുടെ അവയവങ്ങള്‍ ദാനംചെയ്യാന്‍ സ്വയം തീരുമാനിക്കുകയായിരുന്നുവെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. ആര്‍മി റിസര്‍ച്ച് ആസ്പത്രിയില്‍ നടക്കുന്ന പത്താമത്തെ ബഹുഅവയവ ദാനമാണ് ഇതെന്ന് കമാന്‍ന്റഡ് ലഫ്. ജന. ഒ.പി. മാത്യു അറിയിച്ചു.
അവയവങ്ങളുടെ ക്ഷാമം ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ്. വൃക്ക രോഗം മൂലം മരണത്തോട് മല്ലിടുന്ന ഒന്നര ലക്ഷം കേസുകള്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. അവയവം മാറ്റിവെക്കലാണ് ഏക മാര്‍ഗമെങ്കിലും ഇവ കിട്ടുന്നത് 3000 പേര്‍ക്ക് മാത്രമാണ്.
2007ല്‍ മസ്തിഷ്‌ക മരണത്തെക്കുറിച്ച് ബോധവത്കരണം നടത്താനും അവയവദാനം പ്രോത്സാഹിപ്പിക്കാനുമായി പട്ടാളക്കാര്‍ക്കിടയില്‍ ആംഡ് ഫോഴ്‌സസ് ഓര്‍ഗന്‍ റിട്രീവല്‍ ആന്‍ഡ് ട്രാന്സ്പ്ലാന്േറഷന് അതോറിറ്റി(എ.ഒ.ആര്‍.ടി.എ.) എന്ന സംഘടനയ്ക്ക് രൂപംനല്‍കിയിട്ടുണ്ട്.
