കൊല്ലൂര്‍വിള ഭരണിക്കാവ് ദേവീക്ഷേത്രം

Posted on: 12 Aug 2008


കൊല്ലം: മാമ്പള്ളിശാസനത്തിലും രാമേശ്വരം ശിലാലിഖിതത്തിലും ഉണ്ണുനീലി സന്ദേശത്തിലും പരാമര്‍ശിച്ചിരിക്കുന്ന നഗരത്തിലെ പ്രാചീനക്ഷേത്രം-കൊല്ലൂര്‍വിള ഭരണിക്കാവ് ദേവീക്ഷേത്രം ദേശീയപാത 47-ല്‍ മാടന്‍നട ജങ്ഷനില്‍നിന്ന് നൂറുമീറ്റര്‍ അകലെയായാണ് സ്ഥിതിചെയ്യുന്നത്.

ഉഗ്രരൂപിണിയായ കൊടുങ്ങല്ലൂരമ്മയുടെ അംശമാണ് ഭരണിക്കാവിലമ്മയായി കുടികൊള്ളുന്നതെന്ന വിശ്വാസമുണ്ട്.

ക്ഷേത്രപൂജാരി ദിവസങ്ങളോളം ആഹാരനീഹാരാദികള്‍ വെടിഞ്ഞ് നിദ്രാവിഹീനനായി ഉപവസിച്ച്, ചുടലഭദ്രകാളിയെ ദേവിയായി പരിവര്‍ത്തനം ചെയ്യിച്ചതാണത്രേ ഇന്നത്തെ ഭരണിക്കാവിലമ്മയുടെ പ്രതിഷ്ഠ.

ദക്ഷിണകേരളത്തില്‍ അദൈ്വതമതം സ്ഥാപിക്കാനെത്തിയ ശങ്കരാചാര്യരുടെ ആവാസസ്ഥലം ഭരണിക്കാവ് ക്ഷേത്രസന്നിധി ആയിരുന്നെന്ന് പറയുന്നു. തിരുവിതാംകൂര്‍ സംസ്ഥാപനത്തിന്റെ ഭാഗമായി മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് നടത്തിയ കൊല്ലം ആക്രമണത്തില്‍ ക്ഷേത്രത്തിന്റെ വസ്തുവകകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും പില്‍ക്കാലത്ത് അത് പരിഹരിക്കപ്പെടുകയും ചെയ്തത്രേ.

ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ഈ ക്ഷേത്രത്തില്‍ വിപുലമായ പരിഹാരക്രിയകളോടെ പുനരുദ്ധാരണയജ്ഞം നടന്നു.

2007 ഏപ്രില്‍ 23ന്, ക്ഷേത്രതന്ത്രി മുഖത്തല നീലമന ഇല്ലത്ത് വൈകുണ്ഠം ഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആധാരശില സ്ഥാപിച്ചു.




MathrubhumiMatrimonial