
സഞ്ചാരികളെ കാത്ത് കുഴുപ്പിള്ളി ബീച്ച്
Posted on: 12 Aug 2008

പ്രകൃതി രമണീയമായ ചെറായി ബീച്ചിന്റെ മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പ് കുഴുപ്പിള്ളി മുതല്‍ മുനമ്പം വരെ പത്തര കിലോമീറ്റര്‍ സൗന്ദര്യവത്ക്കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആദ്യഘട്ടം എന്ന നിലയ്ക്കാണ് ഒരു കിലോമീറ്റര്‍ വരുന്ന ചെറായി ബീച്ചിന്റെ സൗന്ദര്യവത്ക്കരണം നടന്നത്.
2006ല്‍ പ്രശസ്ത ആര്‍ക്കിടെക്ട് രഘുറാം മുനമ്പം മുതല്‍ കുഴുപ്പിള്ളി ബീച്ചുവരെ പരിശോധന നടത്തിയതില്‍ ഏറ്റവും നിലവാരമുള്ള വികസനപദ്ധതിക്ക് സാധ്യത കണ്ടെത്തിയത് കുഴുപ്പിള്ളി ബീച്ചിലാണ്.
ഒരു കോടി രൂപയുടെ ബീച്ച് സൗന്ദര്യവത്കരണ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
പകല്‍പോലെ വെളിച്ചംതൂകുന്ന ഹൈമാസ്‌ക് ലൈറ്റുകള്‍, ബീച്ച് അംബ്രല്ല, ബീച്ച് ബെഡ്, ബീച്ച് വോളി, ബീച്ച് ഫുട്‌ബോള്‍, കുട്ടികളുടെ പാര്‍ക്ക്, അലങ്കാര കമാനം, തുടങ്ങിയവ ഉള്‍പ്പെട്ടതായിരുന്നു പദ്ധതി. പക്ഷേ, ഇതിന്റെ നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല.
വൈപ്പിന്‍ - മുനമ്പം സംസ്ഥാനപാതയില്‍ പള്ളത്താംകുളങ്ങര ഭഗവതിക്ഷേത്രത്തിന് മുന്നില്‍നിന്ന് നേരെ പടിഞ്ഞാറ് ഇരുവശവും പൊക്കാളിപാടത്തിന് നടുവിലൂടെ വിനോദസഞ്ചാരികള്‍ക്ക് വാഹനത്തിലും കാല്‍നടയായും ബീച്ചിലെത്താം. 42 ലക്ഷം രൂപ ചെലവില്‍ ഈ റോഡ് പുനര്‍നിര്‍മാണം നടത്താന്‍ നടപടിയായിട്ടുണ്ട്.
നിര്‍ദിഷ്ട വൈപ്പിന്‍ മൂത്തകുന്നം തീരദേശ ഹൈവേയുടെ 500 മീറ്റര്‍ പടിഞ്ഞാറാണ് കുഴുപ്പിള്ളി ബീച്ച്.
ഹൈവേ വരുന്നതോടെ ബീച്ചിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവാഹം കൂടും. എറണാകുളം നഗരത്തില്‍നിന്ന് 23 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുഴിപ്പിള്ളി ബീച്ചിലെത്താം. അവിടെനിന്ന് 3 കിലോമീറ്റര്‍ വടക്കോട്ട് സഞ്ചരിച്ചാല്‍ ചെറായി ബീച്ചാകും.
പി.ജി. ലാലന്‍
