goodnews head

നെല്‍പ്പാടത്ത് നൂറുമേനി കൊയ്ത് രാജന്‍

Posted on: 14 Jan 2008


മുതിരേരി (തലപ്പുഴ): നെല്‍കൃഷി നഷ്ടമാണെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും നൂറുമേനി കൊയ്ത് രാജന്‍ വീണ്ടും വയലിലേക്കിറങ്ങുന്നു.

വാഴകൃഷിയില്‍നിന്നു ചുവട് മാറ്റത്തിലൂടെ നെല്‍കൃഷി പരീക്ഷിച്ച മുതിരേരി നെല്ലിക്കല്‍ രാജന് ഒട്ടും നിരാശപ്പെടേണ്ടിവന്നില്ല. കതിരിനൊപ്പം മനസ്സും നിറച്ച് മണ്ണിനെയും കൃഷിയെയും നെഞ്ചേറ്റുകയാണ് ഈ യുവകര്‍ഷകന്‍. പാട്ടത്തിനെടുത്ത വയലില്‍ സ്വര്‍ണ നിറത്തില്‍ നെല്‍മണികള്‍ നിറഞ്ഞതിന്റെ നിര്‍വൃതിയിലാണ് വീണ്ടും കൃഷിയിറക്കുന്നത്. വര്‍ഷങ്ങളായി വാഴമാത്രം കൃഷിചെയ്തിരുന്ന രാജന്‍ പരീക്ഷണാടിസ്ഥാനത്തിലാണ് തൃശ്ശിലേരി ആനപ്പാറയില്‍ മൂന്ന് ഏക്കര്‍ വയല്‍ പാട്ടത്തിനെടുത്ത് 'കുറൂട്ടി' നെല്ല് ഇറക്കിയത്. അന്‍പത് ക്വിന്റല്‍ നെല്ല് പാടത്ത് നിന്നു കൊയ്‌തെടുത്തു. പതിനായിരത്തോളം രൂപയുടെ വൈക്കോലും വിറ്റു. വയലൊരുക്കല്‍ മുതല്‍ കൊ'ുവരെ മുപ്പതിനായിരത്തോളം രൂപ മുതല്‍മുടക്കായി. ഇതില്‍ 9000 രൂപ പാട്ടത്തുകയും ഉള്‍പ്പെടും. പണികളില്‍ ഒട്ടും കുറവ് വരുത്തിയില്ലെന്നും രാജന്‍ പറയുന്നു.

ഏറും ട്രാക്ടറും ടില്ലറും ഉപയോഗിച്ച് മൂന്നുതവണ വയല്‍ ഉഴുതു. യന്ത്രസംവിധാനം ഇല്ലാതെയാണ് കൊ'ും മെതിയും നടത്തിയത്. സ്വന്തം ഭൂമിയേക്കാള്‍ കൂടുതല്‍ സ്ഥലം പാട്ടത്തിനെടുത്താണ് രാജന്‍ കൃഷിചെയ്യുന്നത്. ഇഞ്ചിയും വാഴയുമായിരുന്നു പ്രധാന കൃഷി. നെല്‍കൃഷി ചെയ്യണമെന്ന ആഗ്രഹം നേരത്തേ മുതല്‍ ഉണ്ടെങ്കിലും നഷ്ടം ഭയന്ന് വിട്ടു നില്ക്കുകയായിരുന്നു. കൃഷികളില്‍ കൂടുതല്‍ നഷ്ടം സംഭവിക്കാതിരിക്കാന്‍ ഇത്തവണ വാഴ കുറച്ചാണ് നെല്ലിലേക്ക് തിരിഞ്ഞത്. ആദ്യചുവടുവെപ്പു തന്നെ വിജയിച്ചതോടെ കൂടുതല്‍ നെല്‍കൃഷിയെന്ന ആലോചനയിലാണിപ്പോള്‍.

സര്‍ക്കാര്‍ പ്രോത്സാഹനത്തോടൊപ്പം കര്‍ഷകരും മനസ്സ് വെച്ചാല്‍ പാടങ്ങള്‍ പഴയ നെല്‍സമൃദ്ധിയിലേക്ക് തിരികെ കൊണ്ടുപോകാനാവുമെന്നും രാജന്‍ ഉറപ്പിച്ചു പറയുന്നു. വയനാട്ടില്‍ നടപ്പാക്കുന്ന തൊഴിലുറപ്പു പദ്ധതി വയലേലകളിലേക്ക് വ്യാപിപ്പിച്ചാല്‍ ഈ ലക്ഷ്യം എളുപ്പത്തില്‍ കൈവരിക്കാനാവും.

 

 




MathrubhumiMatrimonial