
ഗീതാദര്‍ശനം - 730
Posted on: 28 Feb 2011
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
ഗീതയുടെ സാരസംഗ്രഹമാണ് സഞ്ജയന്റെ ഈ തീരുമാനം. ആത്മീയതയും പ്രാപഞ്ചികതയും രണ്ടും രണ്ടല്ല, ഒന്നിന്റെതന്നെ തുടര്‍ച്ചയാണ്. രണ്ടും സമഞ്ജസമായി സമ്മേളിക്കുന്നതാണ് സുസ്ഥിതിയുടെ രഹസ്യം. അപരാവിദ്യകളും (സയന്‍സ്) പരാവിദ്യയും (ബ്രഹ്മവിദ്യ) കൈകോര്‍ക്കുമ്പോള്‍ ജീവിതം മുഴുവലിപ്പത്തില്‍ ഭാസുരമാവും.
യോഗേശ്വരത്വത്തെ, അതായത് ഗീതാദര്‍ശനത്തെ അതിഭൗതികതയുടെ (super materialism) ആധിപത്യം പറ്റേ തിരസ്‌കരിക്കുന്നതാണ് ആധുനികമനുഷ്യന്റെ എല്ലാ ഗതികേടുകള്‍ക്കും കാരണം.
പ്രപഞ്ചത്തിന്റ അടിസ്ഥാനമായ ശക്തിയെക്കുറിച്ചുള്ള ശരിയായ അറിവിന്റെ വെളിച്ചത്തില്‍, സ്വഭാവേനയുള്ള കര്‍മങ്ങളില്‍, യജ്ഞഭാവനയോടും കൗശലത്തോടുംകൂടി ഉത്സുകരായി അക്ഷയാനന്ദം അനുഭവിച്ച്, പരമാത്മസ്വരൂപിയായി ഭവിക്കുക എന്ന സ്‌നേഹപൂര്‍വമായ ആശംസയോടെ സഞ്ജയന്‍ വിട വാങ്ങുന്നു.
ഇതി മോക്ഷസന്ന്യാസയോഗോ നാമ അഷ്ടാദശോ/ധ്യായഃ
മോക്ഷസന്ന്യാസയോഗമെന്ന പതിനെട്ടാമധ്യായം സമാപിച്ചു.
(ഗീതാദര്‍ശനം എന്ന പംക്തി ഇവിടെ അവസാനിക്കുന്നു)
