
ഗീതാദര്‍ശനം - 729
Posted on: 28 Feb 2011
സി. രാധാകൃഷ്ണന്‍
മോക്ഷസംന്യാസയോഗം
യത്ര യോഗേശ്വരഃ കൃഷ്ണഃ
യത്ര പാര്‍ഥോ ധനുര്‍ധരഃ
തത്ര ശ്രീര്‍വിജയോ ഭൂതിഃ
ധ്രുവാ നീതിര്‍മതിര്‍മമ
എവിടെ യോഗേശ്വരനായ കൃഷ്ണനുണ്ടോ, എവിടെ ധനുര്‍ധരനായ പാര്‍ഥനുണ്ടോ, അവിടെയാണ് ഐശ്വര്യവും വിജയവും അഭിവൃദ്ധിയും അടിയുറപ്പുള്ള നീതിയും എന്നാണ് എന്റെ അഭിപ്രായം.
എല്ലാം കൃത്യമായും സ്പഷ്ടമായും റിപ്പോര്‍ട്ടു ചെയ്തതില്‍പ്പിന്നെ, താന്‍ നേരിട്ടു കണ്ടതിന്റെയും കേട്ടതിന്റെയും അടിസ്ഥാനത്തില്‍, ഒരു മുഖക്കുറി കൂടി (വലഹറ്ിഹമാ) എഴുതിയിട്ടേ സഞ്ജയന്‍ എന്ന പ്രതിഭാശാലിയായ മാധ്യമപ്രവര്‍ത്തകന്‍ വിരമിക്കുന്നുള്ളൂ. ഇവിടെയും കുറ്റപ്പെടുത്തലോ പഴിചാരലോ അല്ല അദ്ദേഹത്തിന്റെ രീതി എന്നു ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഈ ലോകത്തില്‍ സന്തോഷമായും സുഖമായും പുലരാന്‍ എന്തെല്ലാം വേണം എന്നാണ് അദ്ദേഹം ആദ്യം ചോദിക്കുന്നത്. ഐശ്വര്യം വേണം. ഈശ്വരാനുഗ്രഹമില്ലെങ്കില്‍ ഇരിക്കപ്പൊറുതിതന്നെ അസാധ്യം. പിന്നെ വേണ്ടത് വിജയം. ചെയ്യുന്നതെല്ലാം എങ്ങുമെത്താതെ അവസാനിച്ചാല്‍ ആകെ കുഴയും. മൂന്നാമതാവശ്യം വിഭവസമൃദ്ധി. അതില്ലാതെ അന്നവസ്ത്രാദികള്‍പോലും ലഭ്യമാവില്ല. അവസാനമായി വേണ്ടത് കറയറ്റ നീതി ഉറപ്പാക്കാനുള്ള സംവിധാനമാണ്.ഇതെല്ലാം ഒരിടത്ത് ഒരുമിച്ചുണ്ടാകണമെങ്കില്‍ രണ്ടേ രണ്ടു സംഗതികളുടെ സാന്നിധ്യമേ വേണ്ടൂ എന്നാണ് അദ്ദേഹം കണ്ടെത്തുന്നത്. യോഗേശ്വരനായ കൃഷ്ണന്‍ വേണം, വില്ലേന്തിയ അര്‍ജുനനും വേണം. കര്‍മങ്ങളെല്ലാം യജ്ഞഭാവനയോടെ ചെയ്യാനുള്ള മനപ്പാകം നല്‍കുന്നതാണ് യോഗവിദ്യ. ആ വിദ്യയുടെ പരമഗുരു സദാ കൂടെ ഉണ്ടാകണം. എന്നുവെച്ചാല്‍ ആ ഈശ്വരനില്‍ അടിയുറച്ചു വേണം നില്പ്. അതിനുള്ള വിദ്യയാണ് ഗീത നല്‍കുന്നത്. പിന്നെ, അര്‍ജുനന്‍ വേണം. വില്ല് താഴെ ഇട്ട അര്‍ജുനന്‍ അല്ല, വില്ല് കൈയിലേന്തിയ അര്‍ജുനന്‍. അതായത് കര്‍മോത്സുകത. ഇവരിരുവരും നമ്മില്‍ ഉണ്ടെങ്കില്‍ പിന്നെ 'സുഖം'. അകത്തുള്ള പ്രാകൃതവികാരങ്ങളോടായാലും പുറത്തെ പ്രതിരോധങ്ങളോടായാലും ജീവിതപ്പോരില്‍ നയിക്കാന്‍ യോഗേശ്വരനായ തേരാളിയും തേര്‍ത്തട്ടില്‍ ധനുര്‍ധരനായ അര്‍ജുനനും ഉണ്ടെങ്കില്‍ ജീവിതം മംഗളകരമാകുമെന്നു നിശ്ചയം.
(തുടരും)
