
ഗീതാദര്‍ശനം - 728
Posted on: 27 Feb 2011
സി. രാധാകൃഷ്ണന്‍
മോക്ഷസംന്യാസയോഗം
പ്രപഞ്ചത്തിന്റെ ഉല്പത്തിയും നിലനില്പും നാശവുമാണ്, ഒരു ചലച്ചിത്രംപോലെ അവതരിപ്പിക്കപ്പെട്ട വിശ്വരൂപദര്‍ശനം. വിശ്വത്തിന് ആശ്രയവും അതിന്റെ നിയന്താവുമായ അനശ്വരശക്തിയുടെ ആ കാഴ്ചയും അതില്‍നിന്നുണ്ടാകുന്ന അനുഭൂതിയുമാണ് ഈ ലോകത്തില്‍ ഏറ്റവും വലിയ അദ്ഭുതങ്ങള്‍ എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. പക്ഷേ, അതില്‍ അതിയായി ആഹ്ലാദിക്കാന്‍ കഴിയണമെങ്കില്‍ അന്തഃകരണം ജ്ഞാനശുദ്ധി നേടിയിരിക്കണം. കാരണം, വിശ്വരൂപം കാണുന്ന ആള്‍ ഉള്‍പ്പെടെ ഇക്കാണായതൊന്നും നാളെ ഉണ്ടാവില്ല എന്ന മുന്നറിയിപ്പാണ് അത് പ്രാഥമികമായി നല്‍കുന്നത്. പുതിയത് ഉണ്ടാകാനാണ് ആ അനിവാര്യമായ നാശംഎന്ന സത്യം അനുഭവജ്ഞാനമായാലേ ഇത്തരമൊരു സാധ്യതയോര്‍ത്ത് സന്തോഷിക്കാനൊക്കൂ.
ആ ജ്ഞാനമില്ലെങ്കിലത്തെ സ്ഥിതി അറിയാന്‍ അപ്പോഴത്തെ ധൃതരാഷ്ട്രരെ ഒരു നോക്കു കണ്ടാല്‍ മതി. തന്റെ നൂറ്റൊന്നു മക്കളുടെയും ഭീഷ്മദ്രോണാദികളുടെയും കര്‍ണന്റെയുമൊക്കെ തലകള്‍ കാലപുരുഷന്റെ വായിലെ തേറ്റപ്പല്ലുകള്‍ക്കിടയില്‍ ചതഞ്ഞരഞ്ഞ് ചട്ട്ണിയായി ഒട്ടിപ്പിടിച്ചു കിടക്കുന്ന ചിത്രം അദ്ദേഹത്തെ ഞെളിപിരി കൊള്ളിക്കുകയാണ്. പോരെങ്കില്‍, വിശ്വരൂപന്‍ ആ ശിരസ്സുകളുടെ പൊട്ടുംപൊടിയുമൊക്കെ നാക്കുകൊണ്ടു നുഴഞ്ഞെടുത്ത് നൊട്ടിനുണയുന്ന ദൃശ്യം മനസ്സില്‍ കാട്ടുതീ പടര്‍ത്തുന്നു. പോരേ, ആഹ്ലാദിക്കാന്‍ വക!
നമ്മുടേതുകൂടിയാണെന്നു തീര്‍ച്ചപ്പെട്ട സര്‍വനാശത്തില്‍ വിഷമിക്കാതിരിക്കാന്‍ കഴിയണമെങ്കില്‍ നാം ഈ ദേഹം മാത്രമല്ല എന്ന നല്ല നിശ്ചയം വേണം. ആത്മബോധം ഉണ്ടായില്ലെങ്കില്‍ എത്ര നന്നായി പ്രപഞ്ചവിജ്ഞാനീയം പഠിച്ചിട്ടും കാര്യമില്ല. കൂടുതല്‍ സുഖസൗകര്യങ്ങളും അധികാരശേഷിയും നേടാം, ശാന്തി കിട്ടില്ല.
എത്ര അദ്ഭുതവും എത്ര ആനന്ദവും എത്ര ശാന്തിയും എത്ര സ്വാതന്ത്ര്യവും അനുഭവിക്കാന്‍ കഴിയുന്നു എന്നതിനെ ആസ്പദിച്ചാണ് ജീവിതവിജയം ഇരിക്കുന്നത്. ആ വിജയം കൈവരിക്കാന്‍ അത്യാവശ്യമായ കാര്യങ്ങള്‍ ഏതെന്ന് ഗീതാപാഠത്തില്‍നിന്ന് സ്വയം മനസ്സിലാക്കേണ്ടിവരും. ഇവിടെയും സഹായത്തിനെത്തിയിട്ടേ സര്‍വദൃക്കായ സഞ്ജയന്‍ വിട പറയുന്നുള്ളൂ.
(തുടരും)
