githadharsanam

ഗീതാദര്‍ശനം - 724

Posted on: 21 Feb 2011

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


പക്ഷേ, അര്‍ജുനനുപോലും ഈ അറിവിലും പ്രതിജ്ഞയിലും ഉറച്ചു നിന്ന് പ്രവര്‍ത്തിക്കാന്‍ പില്‍ക്കാലജീവിതത്തില്‍ ഉടനീളം സാധിച്ചുവോ? ഇല്ലെന്നതാണ് വാസ്തവം. പാളിച്ചകള്‍ സ്വാഭാവികമാണ്. ആശങ്കപ്പെടേണ്ടതില്ല, സങ്കടപ്പെടേണ്ടതുമില്ല. അവസാനം, അര്‍ജുനന്റെ നിലയും പാകപ്പെടുന്നതായി നാം കാണുന്നു. തനിക്ക് തത്ത്വോപദേശം ചെയ്ത ഗുരുവിന്റെ വംശത്തിനു വന്ന ദുരന്തം കേട്ട് അര്‍ജുനന്‍ ഞെട്ടുന്നു. സര്‍വോപരി, തന്റെ എല്ലാമായിരുന്ന കൃഷ്ണന്റെ വേര്‍പാട് അര്‍ജുനനെ വല്ലാതെ വലയ്ക്കുന്നു. ലോകജീവിതത്തിന്റെ നിസ്സാരത അപ്പോഴേ പ്രത്യക്ഷമായി ബോധ്യമാകുന്നുള്ളൂ. അതോടെ കൃഷ്ണഭക്തി ഹൃദയത്തില്‍ നിറയുന്നു. അപ്പോഴാണ് ആത്മതത്ത്വം സവ്യസാചിക്ക് അനുഭവവേദ്യമാകുന്നതെന്ന് മഹാഭാഗവതം വെളിപ്പെടുത്തുന്നു. ('ഗീതം ഭഗവതാ ജ്ഞാനം / യത്തത് സംഗ്രാമമൂര്‍ധനി / കാലകര്‍മതമോര്യുദ്ധം/ പുനരധ്യഗമത് പ്രഭുഃ' യുദ്ധക്കളത്തില്‍ വെച്ച് ഭഗവാന്‍ ഉപദേശിച്ച ജ്ഞാനം, പിന്നെ കാലം, കര്‍മം, അവിദ്യ എന്നിവയാല്‍ തടയപ്പെട്ടു. ആ ജ്ഞാനം അര്‍ജുനന് (ഇപ്പോള്‍) പ്രത്യക്ഷമായി അനുഭവിക്കാന്‍ അവസരമുണ്ടായി - മഹാഭാഗവതം, 1-15-30.) ഗീതകൊണ്ട് നമുക്കും പരോക്ഷജ്ഞാനം ഉറപ്പിക്കാം. അത് അനുഭവമാക്കാന്‍ ശ്രമിക്കാം. വഴിയില്‍ എത്ര പാളിച്ചകള്‍ ഉണ്ടായാലും പരമപദപ്രാപ്തി ഉറപ്പാണ്, ഇന്നല്ലെങ്കില്‍ നാളെ.
സഞ്ജയന്‍ ഉവാച -

ഇത്യഹം വാസുദേവസ്യ
പാര്‍ഥസ്യ ച മഹാത്മനഃ
സംവാദമിമമശ്രൗഷം
അദ്ഭുതം രോമഹര്‍ഷണം

സഞ്ജയന്‍ പറഞ്ഞു -
ഇപ്രകാരം ഞാന്‍ (സര്‍വാത്മാവായ) വാസുദേവന്റെയും മഹാത്മാവായ പാര്‍ഥന്റെയും അദ്ഭുതകരവും രോമാഞ്ചജനകവുമായ ഈ സംവാദം കേട്ടു. (തുടരും)



MathrubhumiMatrimonial