
ഗീതാദര്‍ശനം - 721
Posted on: 17 Feb 2011
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
കണ്മുന്നിലുള്ളതില്‍ പലതും നാം കാണാറില്ല, കാതില്‍ വീഴുന്ന ശബ്ദങ്ങളില്‍ മിക്കതും നാം കേള്‍ക്കാറുമില്ല. താത്പര്യമുള്ളതേ കേള്‍ക്കൂ. അഭിരുചിയുള്ളതിലേ ഫലപ്രദമായ താത്പര്യമുണ്ടാകൂ. പാട്ട് ഇഷ്ടമാണെന്നാലും ത്യാഗരാജരേക്കാള്‍ വലിയ പാട്ടുകാരന്‍ താനാണെന്ന് വിചാരിക്കുന്നവന് ത്യാഗരാജകീര്‍ത്തനത്തിലെ ഭക്തി രസിക്കില്ല. വിശ്വാസവും ശ്രദ്ധയും വിനയവും ഒത്താല്‍ താന്‍തന്നെ പഠിച്ചു പാടണമെന്നില്ല, ആരെങ്കിലും പാടുന്നത് കേട്ടാലും മതിയായ ഭക്തി ഉണ്ടാവും. ആ ഭക്തി ജിജ്ഞാസയായി പൂവിടും. അതില്‍ അറിവിന്റെ കാ പിടിക്കും. പരംപൊരുളിനെക്കുറിച്ചുള്ള അറിവിന്റെ അമൃത് നുകരാന്‍ അക്ഷരജ്ഞാനംപോലും അത്യന്താപേക്ഷിതമല്ല എന്നു ചുരുക്കം.
ഈ അമൃതം രുചിച്ചാലുള്ള ഗുണഫലം എന്താണ്? കെട്ടുപാടുകളില്‍നിന്ന് മോചനം. അറിവ് യാഥാര്‍ഥ്യബോധത്തിന് ആഴം കൂട്ടുന്ന മുറയ്ക്ക് ഭൗതികസുഖങ്ങളുടെ അന്തസ്സാരശൂന്യത വെളിപ്പെടുന്നു. അവയിലുള്ള ആസക്തികളുടെ ആധിപത്യത്തില്‍നിന്ന് അത്രയ്ക്കത്രയ്ക്ക് മുക്തി കിട്ടുന്നു.
പുണ്യലോകങ്ങളെല്ലാം നമ്മുടെ ഉള്ളില്‍ത്തന്നെയാണെന്ന് നേരത്തേ കണ്ടതാണല്ലോ. നിലനില്പിന്റെ സവിശേഷതലങ്ങളാണ് പുണ്യലോകങ്ങളും പാപലോകങ്ങളും. ജീവിതയാത്ര ഗീത നിര്‍ദേശിക്കുന്ന വഴിയേ ആണെങ്കില്‍ ഭൗതികവും സാംസ്‌കാരികവും ആധ്യാത്മികവുമായ വലിയ നേട്ടങ്ങള്‍ വന്നു ചേരും.
കച്ചിദേതത് ശ്രുതം പാര്‍ഥ
ത്വയൈകാഗ്രേണചേതസാ
കച്ചിദജ്ഞാനസമ്മോഹഃ
പ്രണഷ്ടസ്‌തേ ധനഞ്ജയ
ഹേ കുന്തീപുത്രാ, ഇപ്പറഞ്ഞതെല്ലാം നീ മനസ്സിരുത്തി കേട്ടില്ലേ? അല്ലയോ ധനഞ്ജയാ, അജ്ഞാനം മൂലം ഉണ്ടായ നിന്റെ സംഭ്രാന്തി നല്ലപോലെ നീങ്ങിയോ?
അറിവില്ലായ്മ പല തരത്തിലുണ്ട്. കാഴ്ചയില്ലാഞ്ഞാല്‍ ഒന്നും കാണില്ല. ചുറ്റും എന്തെങ്കിലുമുള്ളതായി അറിവുണ്ടാവില്ല. ഇത് ഇന്ദ്രിയപരാജയംകൊണ്ടുള്ള അറിവില്ലായ്മ. ഇന്ദ്രിയങ്ങള്‍ ശരിയായി പ്രവര്‍ത്തിച്ചാലും അവയുടെ പരിമിതികളാല്‍ വരുന്ന അറിവില്ലായ്മ മറ്റൊരു തരം. നല്ല ചൂടുള്ള വെള്ളത്തില്‍ മുക്കിയ വിരല്‍ ഉടനെ അതിനേക്കാള്‍ അല്പം ചൂടു കുറഞ്ഞ വെള്ളത്തില്‍ മുക്കിയാല്‍ തണുപ്പാണ് അനുഭവപ്പെടുക. ഇന്ദ്രിയങ്ങള്‍ ശരിയായി പ്രവര്‍ത്തിച്ചാലുമില്ലെങ്കിലും അവയെ മാത്രം ആശ്രയിച്ചാല്‍ യഥാര്‍ഥസ്ഥിതി അറിയാതിരിക്കലാണ് ഫലം.
(തുടരും)
