goodnews head

ഓര്‍മകള്‍ അരനൂറ്റാണ്ട് പിന്നോട്ട്; ബാലമന്ദിരത്തില്‍ വീണ്ടും അവര്‍

Posted on: 05 Nov 2007


കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലമന്ദിരത്തിലെ ഇടനാഴിയിലൂടെ കൈകോര്‍ത്ത് നടക്കവേ തങ്കപ്പന്‍ മാഷിന്റെയും കാര്‍ത്യായനിയുടെയും ഓര്‍മകള്‍ അരനൂറ്റാണ്ട് പിന്നിലേക്ക് പോയിക്കാണും. ബാലമന്ദിരത്തില്‍ അനാഥരായി എത്തിയ അവര്‍ സനാഥത്വത്തിലേക്ക് പരസ്​പരം കൈപിടിച്ചത് 50 വര്‍ഷം മുന്‍പാണ്.ഒറ്റപ്പെടലിന്റെ നൊമ്പരങ്ങളില്‍ നിന്നും ജീവിതത്തിന്റെ പച്ചപ്പുകളിലേക്ക് നടന്നു തുടങ്ങിയ ജുവനൈല്‍ ഹോമിലെ ബാലമന്ദിരത്തില്‍ തന്നെ തങ്ങളുടെ 50-ാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഇരുവരും എത്തി. 1957 നവംബര്‍ മൂന്നിനായിരുന്നു വിവാഹം. തങ്കപ്പന്‍ തിരുവനന്തപുരം സ്വദേശിയും കാര്‍ത്യായനി കണ്ണൂര്‍ ചിറക്കല്‍ സ്വദേശിനിയും.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മദ്രാസ് റെയില്‍വേ സ്റ്റേഷനില്‍ അനാഥത്വത്തിന്റെ സങ്കടവുമായി നിന്ന തങ്കപ്പന്‍ എന്ന കുട്ടി യാദൃച്ഛികമായാണ് സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന എ.വി. കുട്ടിമാളുഅമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയുടെ സങ്കടകഥ കേട്ട കുട്ടിമാളുഅമ്മ തങ്കപ്പന് അഭയവും നല്‍കി.പഠിച്ച് ജോലിക്കാരനായാല്‍ അനാഥാലയത്തിലെ ഏതെങ്കിലും പെണ്‍കുട്ടിക്ക് തുണയാകുമോ എന്ന് ചോദിച്ചത് ജുവനൈല്‍ ഹോം സ്ഥാപകനായ കെ.എന്‍. കുറുപ്പാണ് . എന്നാല്‍ കാര്‍ത്യായനിയുടെ മുഖം അതിനുമുമ്പുതന്നെ തങ്കപ്പന്റെ മനസ്സില്‍ പതിഞ്ഞിരുന്നു.
അധ്യാപകനായി ജോലി കിട്ടി അനാഥമന്ദിരം വിട്ട തങ്കപ്പന്‍ രണ്ടുവര്‍ഷത്തിനുശേഷം തിരിച്ചെത്തി; ജീവിതത്തിലേക്ക് കാര്‍ത്യായനിയെ കൂട്ടിക്കൊണ്ടുപോകാന്‍. അനാഥ മന്ദിരത്തിലെ ആദ്യ വിവാഹവും ഇവരുടേതാണ്. പില്‍ക്കാലത്ത് ജുവനൈല്‍ ഹോമില്‍ വിവാഹങ്ങളില്‍ കാര്‍മികത്വം വഹിച്ചതും തങ്കപ്പന്‍ മാഷാണ്. നേരത്തെ പരിചിതരായിരുന്നെങ്കിലും ഇരുവരും പ്രണയികളായിരുന്നില്ല. എങ്കിലും തന്നെ കൊണ്ടുപോകാന്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കാര്‍ത്യായനി പറഞ്ഞു.

താമരശ്ശേരി ഗവ. സ്‌കൂളിലെ പ്രധാനാധ്യാപകനായി വിരമിച്ച തങ്കപ്പന്‍ വിവാഹശേഷം മുതല്‍ താമസം അവിടെയാണ്. നാലുമക്കളും നല്ല നിലയില്‍ കഴിയുന്നു.ജുവനൈല്‍ ഹോമിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ സെക്രട്ടറിയാണ് തങ്കപ്പന്‍.വിവാഹം നടന്ന അതേ സ്ഥലത്ത് സഹപാഠികളോടും സുഹൃത്തുക്കളോടും ഒപ്പമാണ് ഞായറാഴ്ച വിവാഹ വാര്‍ഷികം ആഘോഷിച്ചത്.ജുവനൈല്‍ ഹോമിന്റെ സ്ഥാപകന്‍ കെ.എന്‍. കുറുപ്പിനെ ചടങ്ങില്‍ അനുസ്മരിച്ചു. ഈ വര്‍ഷം എസ്.എസ്.എല്‍.സി. ജയിച്ച ബാലമന്ദിരത്തിലെ കുട്ടികള്‍ക്ക് ഉപഹാരങ്ങളും നല്‍കി.

 

 




MathrubhumiMatrimonial