
കടമ്പകള്‍ ബാക്കി
Posted on: 10 Feb 2011
![]() |
കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.രാമചന്ദ്രന്‍ ബോട്ടില്‍ നിന്ന് വല്ലാര്‍പാടം ടെര്‍മിനലിലേക്ക് ഇറങ്ങുന്നു - ഫോട്ടോ: ടി.കെ.പ്രദീപ് കുമാര്‍ |
പൂര്‍ത്തിയാകാത്ത ബര്‍ത്ത്
600 മീറ്റര്‍ ബര്‍ത്ത് ഉദ്ഘാടനത്തിനു മുമ്പേ തീരേണ്ടതായിരുന്നു. പൂര്‍ത്തിയായത് 350 മീറ്റര്‍ മാത്രം. 16 മീറ്റര്‍ ആഴത്തില്‍ മണ്ണുമാന്തലും തീര്‍ന്നില്ല. 14 മീറ്ററാണ് ശരാശരി ആഴം.ചുരുക്കത്തില്‍ ഇവിടെ മദര്‍ഷിപ്പുകള്‍ അടുക്കില്ല. മൂന്ന് മാസംകൊണ്ട് ഇത് പൂര്‍ത്തിയാക്കുമെന്ന് പോര്‍ട്ട് ട്രസ്റ്റ് ഉറപ്പ് നല്‍കുന്നു.
കബോട്ടേജ് നിയമം
ഇന്ത്യയില്‍ പ്രാദേശിക ചരക്കുകള്‍ കൊണ്ടുപോകാന്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് മാത്രമാണ് അനുമതി. ഇന്‍റര്‍നാഷണല്‍ ടെര്‍മിനലായ കൊച്ചിയില്‍ മുംബൈയ്ക്കുള്ള ചരക്ക് മദര്‍ഷിപ്പില്‍ ഇറക്കിയാല്‍ പിന്നീട് ഇന്ത്യന്‍ കപ്പലുകള്‍ക്കേ കൊണ്ടുപോകാനാവൂ. കൊച്ചിയില്‍ ചരക്കിറക്കുന്ന വിദേശകപ്പലിന്റെ ചെറുകപ്പലിന് അനുമതി ലഭിക്കില്ല. അതേസമയം, കൊളംബോയില്‍ ഇറക്കിയാല്‍ അവരുടെ കപ്പലില്‍ തന്നെ മുംബൈയിലെത്തിക്കാം.
അന്താരാഷ്ട്ര ടെര്‍മിനല്‍ എന്ന നിലയില്‍ കൊച്ചിക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ ഈ കബോട്ടേജ് നിയമം ഇളവ് ചെയ്യണം. യൂറോപ്പില്‍ നിന്നു വരുന്ന ഒരു കണ്ടെയ്‌നര്‍ കൊച്ചിയില്‍ ഇറക്കിക്കയറ്റുമ്പോള്‍ അത് പ്രാദേശിക ചരക്കായി പരിഗണിക്കുന്നത് ശരിയല്ലെന്ന് തുറമുഖ ട്രസ്റ്റ് ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ കസ്റ്റംസ് ക്ലിയറന്‍സ് അടക്കമുള്ളവ മുംബൈയിലാണ് നടക്കുന്നത്.
കബോട്ടേജ് നിയമം ഇളവ് ചെയ്യാത്തപക്ഷം കൊച്ചി ഒരുസാധാരണ ടെര്‍മിനലായി ചുരുങ്ങുമെന്നു സാരം. ഇതുസംബന്ധിച്ച് കപ്പല്‍ മന്ത്രാലയത്തില്‍ നിന്ന് അനുകൂല നടപടി പ്രതീക്ഷിക്കുകയാണ് തുറമുഖ ട്രസ്റ്റും ഡി.പി. വേള്‍ഡും.
നേവിയുടെ തര്‍ക്കങ്ങള്‍
തുറമുഖ ട്രസ്റ്റും നേവിയുമായുള്ള തര്‍ക്കങ്ങള്‍ തീര്‍ന്നിട്ടില്ല. വില്ലിങ്ടണ്‍ ഐലന്‍ഡിലെ ആര്‍ജിസിടിയില്‍ ഉയര്‍ന്ന ക്രെയിനുകള്‍ വെയ്ക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ട്. റെയില്‍വേലൈന്‍ വൈദ്യുതീകരണവും തടസ്സപ്പെട്ടിരിക്കുകയാണ്. രാജീവ്ഗാന്ധി ടെര്‍മിനലിന്റെ നവീകരണം തുറമുഖ ട്രസ്റ്റിന്റെ നിലനില്പിന് അനിവാര്യമാണ്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
തുറമുഖ ട്രസ്റ്റും ഡി.പി. വേള്‍ഡും
പദ്ധതി ചുമതലയുള്ള തുറമുഖ ട്രസ്റ്റും നടത്തിപ്പുകാരായ ഡി.പി. വേള്‍ഡും തമ്മിലുള്ള സ്വരച്ചേര്‍ച്ചക്കുറവ് മറ നീക്കി പുറത്തുവന്നിട്ടുണ്ട്. മണ്ണുമാന്തലില്‍ വന്ന കാലതാമസമാണ് മുഖ്യപ്രശ്‌നം. കഴിഞ്ഞ ജൂലായില്‍ വല്ലാര്‍പാടത്ത് കീ ക്രെയിനുകളുമായെത്തിയ കൂറ്റന്‍ ബാര്‍ജ് ഒന്നര മാസം ഇവിടെ കുടുങ്ങിയിരുന്നു. ഇതിന് നഷ്ടപരിഹാരം വേണമെന്ന് ഡി.പി. വേള്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഡ്രെഡ്ജിങ് വൈകിയതിന് ഡി.പി. വേള്‍ഡ് നഷ്ടപരിഹാരം നല്‍കണമെന്ന് തുറമുഖ ട്രസ്റ്റും ആവശ്യമുന്നയിച്ചു.
ടെര്‍മിനലിന്റെ സുരക്ഷാ ചുമതല ഡി.പി. വേള്‍ഡിന്റെ എതിര്‍പ്പ് വകവെയ്ക്കാതെ തുറമുഖ ട്രസ്റ്റ് സി.ഐ.എസ്.എഫിനെ ഏല്പിക്കുകയായിരുന്നു. സുരക്ഷാച്ചെലവ് ഡി.പി. വേള്‍ഡ് വഹിക്കണമെന്ന ആവശ്യം അവര്‍ തള്ളി. ഇതോടെ കണ്ടെയ്‌നറുകള്‍ക്കുമേല്‍ സുരക്ഷാസെസ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് തുറമുഖ ട്രസ്റ്റ്.
സമരങ്ങള്‍ തുടരുമ്പോള്‍
അടിക്കടി ഉണ്ടാകുന്ന സമരങ്ങള്‍ കൊച്ചി തുറമുഖത്തിന്റെ ശാപമാണ്. സമരകോലാഹലങ്ങള്‍ക്കിടെയാണ് വല്ലാര്‍പാടം ഉദ്ഘാടനം ചെയ്യുന്നത്. തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാനും തുറമുഖ ട്രസ്റ്റ് സന്നദ്ധത കാട്ടണം. പ്രത്യേക സാമ്പത്തിക മേഖലയായ വല്ലാര്‍പാടത്ത് സമരരഹിതദിനങ്ങള്‍ പ്രതീക്ഷിക്കാം.
