
ഒരുവര്‍ഷത്തിനകം എല്‍എന്‍ജി ടെര്‍മിനലും സജ്ജമാകും
Posted on: 10 Feb 2011
രാധാകൃഷ്ണന്‍ നരിപ്പറ്റ

എനര്‍ജി പോര്‍ട്ടായി വികസിപ്പിക്കുന്ന പുതുവൈപ്പിനിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ എല്‍എന്‍ജി ടെര്‍മിനലിന്റെ നിര്‍മാണം ത്വരിതഗതിയില്‍ നടന്നുവരികയാണ്. പ്രകൃതിവാതകം സംഭരിക്കാനായി രണ്ടു ഭീമന്‍ ടാങ്കുകള്‍ ഉയര്‍ന്നുകഴിഞ്ഞു.
എല്‍എന്‍ജി.യുമായെത്തുന്ന ടാങ്കറുകള്‍ക്ക് അടുക്കാനായി 300 കോടി രൂപ ചെലവില്‍ പുതിയ ജെട്ടി നിര്‍മിക്കുന്നുണ്ട്. മൈനസ് 163 ഡിഗ്രി സെന്‍റീഗ്രേഡില്‍ ദ്രവീകൃതരൂപത്തിനു കൊണ്ടുവരുന്ന വാതകം ഗ്യാസിഫൈ ചെയ്യാനുള്ള റീഗ്യാസിഫിക്കേഷന്‍ കോംപ്ലക്‌സിന്റെ നിര്‍മാണമാണ് മറുഭാഗത്ത്. ഓസ്‌ട്രേലിയയിലെ ഗോര്‍ഗോണ്‍ വാതകപ്പാടത്തുനിന്ന് 2014 മുതല്‍ പ്രതിവര്‍ഷം 15 ലക്ഷം ടണ്‍ വാതകം ലഭ്യമാക്കാന്‍ എകേ്‌സാണ്‍ മൊബീല്‍ കോര്‍പ്പറേഷനുമായി ധാരണയായി. 20 വര്‍ഷം നീളുന്ന ഈ കരാറിന്റെ മൂല്യം 90,000 കോടി രൂപയോളം വരും.
പെട്രോനെറ്റ് എല്‍എന്‍ജി.യുടെ ഇന്ത്യയിലെ രണ്ടാമത്തെ എല്‍എന്‍ജി ടെര്‍മിനലാണ് ഏറെ വൈകി പുതുവൈപ്പിനില്‍ യാഥാര്‍ഥ്യമാവുന്നത്. കമ്പനിയുടെ പ്രഥമ എല്‍എന്‍ജി ടെര്‍മിനല്‍ ഗുജറാത്തിലെ ദനേജില്‍ യാഥാര്‍ഥ്യമായ ഏതാണ്ട് അതേസമയത്തുതന്നെ കൊച്ചിയിലെ ടെര്‍മിനലും കമ്മീഷന്‍ ചെയ്യേണ്ടതായിരുന്നു. അവിടെ 50 ലക്ഷം ടണ്ണായിരുന്ന ശേഷി ഇതിനകം ഒരുകോടി ടണ്ണാക്കി ഉയര്‍ത്തിയിരുന്നു.
പ്രതീക്ഷിച്ചതിലും ഏറെ വൈകി തുടക്കംകുറിച്ച കൊച്ചിയിലെ പദ്ധതി പക്ഷേ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്.
ദ്രവീകൃതപ്രകൃതിവാതകം കൊണ്ടുവന്ന് റീഗ്യാസിഫിക്കേഷന്‍ നടത്തി വ്യവസായങ്ങള്‍ക്ക് ചെലവുകുറഞ്ഞ പ്രകൃതിവാതകവും വീടുകളില്‍ സിറ്റിഗ്യാസും വാഹനങ്ങള്‍ക്ക് വേണ്ട ഇന്ധനമായ സിഎന്‍ജി.യും ലഭ്യമാക്കുകയാണ് സിഎന്‍ജി ടെര്‍മിനലിന്റെ ലക്ഷ്യം. കൊച്ചി തുറമുഖ ട്രസ്റ്റ് 25 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയ 33.3 ഹെക്ടര്‍ സ്ഥലത്താണ് അറബിക്കടലിന് അഭിമുഖമായി പദ്ധതി ഉയരുന്നത്. രണ്ടുഭാഗത്തും കടലാണ്. ടെര്‍മിനലില്‍നിന്ന് പ്രതിദിനം ഒരുകോടി സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക് മീറ്റര്‍ വാതകം പ്രവഹിക്കുമെന്ന് പെട്രോനെറ്റ് എല്‍എന്‍ജി വൈസ് പ്രസിഡന്‍റ് പുഷ്പ ഖേത്തര്‍പാല്‍ അറിയിച്ചു.
ചതുപ്പുനിലം ഉയര്‍ത്തിക്കൊണ്ടുവന്നതിനാല്‍ 58 മീറ്റര്‍ ആഴത്തില്‍ പൈലിങ് നടത്തേണ്ടിവന്നു. 81 മീറ്റര്‍ വ്യാസമുള്ള രണ്ട് സ്റ്റോറേജ് ടാങ്കുകള്‍ ഉയര്‍ത്തിയിരിക്കുന്നത് 1320 പൈലുകളുടെ ബലത്തിലാണ്. ജപ്പാനിലെ ഐഎച്ച്‌ഐ കോര്‍പ്പറേഷനാണ് ടാങ്ക് നിര്‍മാണം പൂര്‍ത്തിയാക്കിയതെങ്കില്‍ തായ്‌വാനിലെ സിടിസിഐ കോര്‍പറേഷനാണ് റീഗ്യാസിഫിക്കേഷന്‍ കോംപ്ലക്‌സിന്റെ കരാര്‍ ലഭിച്ചത്. ജെട്ടിനിര്‍മാണം ഷപ്പൂര്‍ജി ഫല്ലോണ്‍ജി ഗ്രൂപ്പില്‍പ്പെട്ട അഫ്‌കോണ്‍സിനാണ്. 65,000 ടണ്‍ മുതല്‍ 2 ലക്ഷം ടണ്‍ വരെ കേവുഭാരമുള്ള എല്‍എന്‍ജി ടാങ്കറുകള്‍ക്ക് രണ്ടു ഭാഗമായി 14.5 മീറ്റര്‍ ആഴമുള്ള ജെട്ടിയാണ് നിര്‍മിക്കുന്ത്. കരയില്‍നിന്ന് 360 മീറ്റര്‍ ദൂരത്തില്‍ പാലം നിര്‍മിച്ചാണ് ജെട്ടി സ്ഥാപിക്കുന്നത്.
തറനിരപ്പിനു മുകളിലുള്ള ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി ടാങ്കുകളാണ് പുതുവൈപ്പിനില്‍ സ്ഥാപിച്ചിരിക്കുന്നത്. 1.88 ലക്ഷം ക്യൂബിക് മീറ്ററാണ്. ഓരോ ടാങ്കിന്‍േറയും വ്യാപ്തം. ഇതുകാരണം ടെര്‍മിനലിന്റെ ശേഷി 30 ലക്ഷം ടണ്ണാക്കിയാലും പുതിയൊരു ടാങ്ക് നിര്‍മിക്കേണ്ടിവരില്ല.
കേരളത്തില്‍ രണ്ടാമത് വ്യവസായവിപ്ലവത്തിന് സാധ്യത തുറക്കുന്ന എല്‍എന്‍ജി ടെര്‍മിനല്‍വഴി മൊത്തം 14,500 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലേക്കെത്തുന്നത്. പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നുള്ള വാതകം കടത്തിവിടാനായി മംഗലാപുരം-ബാംഗ്ലൂര്‍ വാതകലൈന്‍ നിര്‍മിക്കാന്‍ 5,000 കോടി രൂപ മുതല്‍മുടക്ക് വേണ്ടിവരും. പുതുവൈപ്പിനില്‍നിന്ന് കടലിലൂടെ 100 കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചാണ് കായംകുളം താപവൈദ്യുതി നിലയത്തിലേക്ക് എല്‍എന്‍ജി എത്തിക്കുക. എല്‍എന്‍ജി കൊണ്ടുവരാന്‍ രണ്ട് കപ്പലുകള്‍ വാങ്ങാനായി 2500 കോടി രൂപയുടെ നിക്ഷേപം വേണ്ടിവരും.
പുതുവൈപ്പിനില്‍ അനുബന്ധ സംരംഭമായി 1068 മെഗാവാട്ട് വൈദ്യുതിനിലയവും പെട്രോനെറ്റ് എല്‍എന്‍ജി.യുടെ പരിഗണനയിലുണ്ട്. ഇതിനായി 3250 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
