
വികസനത്തിന് വഴിതുറന്ന് കണ്ടെയ്‌നര്‍ റോഡ്
Posted on: 09 Feb 2011

കൊച്ചി: വല്ലാര്‍പാടം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കണ്ടെയ്‌നര്‍ റോഡ് കൊച്ചിയുടെ സമഗ്ര വികസനത്തിന് വഴിതുറക്കും. വല്ലാര്‍പാടത്തുനിന്നും മുളവുകാട്, മൂലമ്പിള്ളി, കോതാട്, ചേരാനെല്ലൂര്‍, ഏലൂര്‍വഴി കളമശ്ശേരിക്കാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്.
17.2 കിലോ മീറ്റര്‍ റോഡില്‍ ആറ് കിലോ മീറ്ററിലധികം പുഴനികത്തി നിര്‍മിച്ചതാണ്. എന്‍എച്ച്-47 സി എന്ന് പേരിട്ടിരിക്കുന്ന നാലുവരിപ്പാതയുടെ രണ്ടുവരിയാണ് സജ്ജമായിരിക്കുന്നത്. ബാക്കി രണ്ടുവരിയുടെ 20 ശതമാനം ജോലി പൂര്‍ത്തിയാകാനുണ്ട്.
ദേശീയപാത അധികൃതരുടെ മേല്‍നോട്ടത്തില്‍ സണ്‍കോണ്‍-സോമ കമ്പനി നിര്‍മിക്കുന്ന റോഡ് സമ്പൂര്‍ണമാകുമ്പോള്‍ 1000 കോടി രൂപ ചെലവാകും.
കളമശ്ശേരിക്കും കൊച്ചിക്കുമിടയില്‍ പുതിയപാത തുറക്കുന്നത് നഗരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് ആശ്വാസമേകും. കളമശ്ശേരിയില്‍നിന്നും 19 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സുഖമായി ഹൈക്കോടതി കവലയിലെത്താം. എന്‍എച്ച്-17നെയും 47-നെയും ബന്ധിപ്പിക്കുന്ന പാതയായി കണ്ടെയ്‌നര്‍ റോഡ് മാറും. ദേശീയപാത-17 വഴി വരുന്നവര്‍ക്ക് വരാപ്പുഴ പാലമിറങ്ങി ഇടത്തോട്ട്തിരിഞ്ഞ് പുതിയ റോഡിലൂടെ ആറുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കളമശ്ശേരിയിലും വലത്തോട്ടുതിരിഞ്ഞ് 11 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വല്ലാര്‍പാടം പാലത്തിലുമെത്താം. വൈപ്പിന്‍മേഖലയിലുള്ളവര്‍ക്ക് നഗരം ഒഴിവാക്കി സുഗമമായി വരാപ്പുഴയ്ക്കും കളമശ്ശേരിവഴി ആലുവയ്ക്കും പോകാം.
റോഡ് കടന്നുപോകുന്ന ദ്വീപുകളുടെ വികസനത്തിനും ഇത് വഴിവെക്കും.
കഴിഞ്ഞ സപ്തംബര്‍ മുതല്‍ രണ്ടുവരി ഭാഗികമായി പൊതുജനം ഉപയോഗിക്കുന്നുണ്ട്. ജങ്ഷന്‍വികസനം, ലൈറ്റുകളും സിഗ്‌നല്‍സംവിധാനവും സൂചനാ ബോര്‍ഡുകളും സ്ഥാപിക്കുക തുടങ്ങിയ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്.
17.2 കിലോ മീറ്റര്‍ റോഡില്‍ 9.25 കിലോ മീറ്ററും പാലത്തിലൂടെയാണ് പോകുന്നത്. 12 പ്രധാന പാലങ്ങളും ഒരു ഫൈ്‌ളഓവറും 25 ബോക്‌സ് കള്‍വര്‍ട്ടുകളും 14 പൈപ്പ് കള്‍വര്‍ട്ടുകളും 5 അണ്ടര്‍പാസുകളും പാതയിലുണ്ട്.
റോഡിന്റെ രണ്ടറ്റത്തും ടോള്‍ ബൂത്തുണ്ടാകും. തുടക്കത്തില്‍ ദേശീയപാത അധികൃതരായിരിക്കും ടോള്‍പിരിക്കുക. നാലുവരി പൂര്‍ത്തിയായശേഷമേ ഈ പാതയില്‍ ഗതാഗതം സുഗമമാകൂ.
