githadharsanam

ഗീതാദര്‍ശനം - 712

Posted on: 07 Feb 2011

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം

സര്‍വഗുഹ്യതമം ഭൂയഃ
ശൃണു മേ പരമം വചഃ
ഇഷ്‌ടോശസി മേ ദൃഢമിതി
തതോ വക്ഷ്യാമി തേ ഹിതം

അത്യന്തം രഹസ്യമായ എന്റെ പരമോത്തമവാക്യം വീണ്ടും കേട്ടോളൂ. നീ എനിക്ക് അതീവ പ്രിയനാകുന്നു. അതിനാല്‍ നിന്റെ നന്മയ്ക്കായി പറയുകയാണ്.

ഇനി ഉപദേശിക്കാന്‍ പോകുന്നത് മുമ്പ് പലപ്പോഴായി, വിശേഷിച്ച് ഒമ്പതാമധ്യായത്തില്‍ മുപ്പത്തിനാലാം ശ്ലോകത്തില്‍, അവതരിപ്പിച്ച കാര്യത്തിന്റെ വിശദീകരണമാകയാല്‍ 'വീണ്ടും' കേട്ടോളൂ എന്നു പറയുന്നു.

രഹസ്യങ്ങളില്‍ രഹസ്യമായ അറിവ് സ്വാഭാവികമായും ഗഹനവുമാണ്. അത് ഗ്രഹിക്കാനോ ഓര്‍ക്കാനോ അപഗ്രഥിച്ചു നോക്കാനോ ഒക്കെ ആവശ്യമായ ബുദ്ധി ഇല്ല എങ്കിലോ? പരമാത്മസാരൂപ്യം ഒരിക്കലും സാധിക്കില്ലേ? ഈ സംശയം തീര്‍ക്കാന്‍ ഒരു പരമമായ സത്യം, അത് മുമ്പ് വെളിപ്പെടുത്തിയതാണെന്നാലും വിസ്തരിക്കുന്നു.

ശിഷ്യനുവേണ്ടി ഗുരു ഇങ്ങനെ ബദ്ധപ്പെടാനുള്ള കാരണം എന്ത്? ഗുരുവിന് ശിഷ്യന്‍ അതീവ പ്രിയനാണ് എന്നതുതന്നെ. അതിനാല്‍ ഗുരു ശിഷ്യന്റെ നന്മയില്‍ അങ്ങേയറ്റം തത്പരനാണ്. ഗുരുശിഷ്യബന്ധം പിതൃപുത്രബന്ധത്തിനു സമാനമാണ്. ഈശ്വരനും സൃഷ്ടികളും തമ്മിലുള്ളതും പിതൃപുത്രബന്ധംതന്നെ. ഈശ്വരന് സൃഷ്ടികള്‍ ഏറെ പ്രിയപ്പെട്ടവയാണ്, ഈശ്വരന്‍ അവയുടെ നന്മയില്‍ അത്യധികം തത്പരനുമാണ്. അതിനാല്‍ ഹൃദയത്തിലിരുന്ന് പരമമായ വചനം നിമന്ത്രിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യന് ഈ പ്രിയം തിരിച്ചറിയാനുള്ള കഴിവുണ്ട്. അത് അംഗീകരിച്ച് ആനന്ദത്തോടെ കര്‍മത്തിലേര്‍പ്പെടാനോ, തള്ളിക്കളഞ്ഞ്‌തോന്നിയപോലെ ജീവിക്കാനോ ഉള്ള പ്രകടമായ സ്വാതന്ത്ര്യവുമുണ്ട്. നമുക്കറിയാവുന്ന ദൃശ്യപ്രപഞ്ചത്തില്‍ മനുഷ്യനു മാത്രമേ ഇതു രണ്ടും ഉള്ളൂ.

തിരിച്ചറിയുമ്പോഴേ ആ പ്രിയം പ്രകടമാകുന്നുള്ളൂ. അറിവിന്റെഅകമ്പടിയില്ലാതെയും ഈ തിരിച്ചറിവുണ്ടാകാം. ആ തിരി തെളിഞ്ഞാല്‍ എല്ലാ അറിവും വഴിയേ സ്വയംഭൂവായി ഉണ്ടാവും.








MathrubhumiMatrimonial