goodnews head

സ്‌നേഹത്തിന്റെ തെരുവോരക്കാഴ്ചയായി ബേഠിയും പൂച്ചകളും

Posted on: 04 Feb 2011

കെ.ആര്‍. സേതുരാമന്‍



ആലപ്പുഴ: നിലതെറ്റിയ മനസ്സുമായി തെരുവിലഭയം തേടുന്ന ബേഠി പൂച്ചകള്‍ക്കുമുന്നില്‍ തന്റെ സ്‌നേഹസാമ്രാജ്യം തുറക്കും. ഒപ്പം ചേര്‍ന്ന അഞ്ച് പൂച്ചകളെ താലോലിച്ചും കുളിപ്പിച്ചും ഭക്ഷണം നല്കിയും പരിചരിക്കുന്ന ബേഠി, സ്‌നേഹം അന്യമാകുന്ന സമൂഹത്തിന് മാതൃകയാവുകയാണ്.

വര്‍ഷങ്ങളായി ആലപ്പുഴ നഗരത്തില്‍ അലയുന്ന ഇവര്‍ക്ക് രണ്ടുവര്‍ഷം മുമ്പാണ് രണ്ട് പൂച്ചക്കുട്ടികളെ കിട്ടുന്നത്. 'മുന്ന' എന്നും 'മുന്നി' എന്നും പേരിട്ട് ഇവയെ മക്കളെപ്പോലെ സ്‌നേഹിച്ചുവളര്‍ത്തിയ ബേഠിക്കൊപ്പം ഇപ്പോള്‍ അഞ്ച് പൂച്ചകളുണ്ട്. മിട്ടു, കിരണ്‍, മിട്ടി എന്നിങ്ങനെയാണ് മറ്റുള്ളവയുടെ പേരുകള്‍.

ആലപ്പുഴ ജനറലാസ്?പത്രി ജങ്ഷനു തൊട്ടുപടിഞ്ഞാറുള്ള ബസ്‌സ്‌റ്റോപ്പിനോടു ചേര്‍ന്നാണ് ബേഠി അന്തിയുറങ്ങുന്നത്; ഒപ്പം അഞ്ചു പൂച്ചകളും. കഴുത്തില്‍ ചരടുകെട്ടി ഒപ്പം താമസിപ്പിക്കുന്ന പൂച്ചകളെ ബേഠി മൂന്നുനേരം കുളിപ്പിക്കും, താലോലിക്കും, ഉമ്മവെക്കും. പിന്നെ വഴിയാത്രക്കാര്‍ ശ്രദ്ധിച്ചാല്‍ അവരോടു പറയും, 'എന്റെ മക്കള്‍ക്ക് ഭക്ഷണം നല്കാന്‍ എന്തെങ്കിലും തരണം'.

ആലപ്പുഴ നഗരത്തില്‍ത്തന്നെയുള്ള ഒരു മുസ്‌ലിം പഠാണിസ്ത്രീയാണ് ബേഠി. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവര്‍ വിവാഹിതയായി. പിന്നീട് ഇവരില്‍ പുരുഷലക്ഷണങ്ങള്‍ വന്നു. ഹോര്‍മോണ്‍ വ്യതിയാനമായിരുന്നു കാരണം. ഇതോടെ ഇവരെ ഭര്‍ത്താവ് ഉപേക്ഷിച്ചു. മനോനില തെറ്റിയ ബേഠി അന്ന് തെരുവിലേക്കിറങ്ങി. വര്‍ഷങ്ങളായി ഇപ്പോഴത്തെ ജനറലാസ്?പത്രിയിലായിരുന്നു താമസം. സമൂഹവിരുദ്ധരുടെ ശല്യം ഏറിയപ്പോള്‍ നിരത്തിലെത്തിപ്പെട്ടു. പിന്നീട് കുറച്ചുകാലം ഒരു ക്രിസ്ത്യന്‍ കോണ്‍വെന്റില്‍ താമസം.

ആറുമാസത്തിനുശേഷം അവിടംവിട്ട് വീണ്ടും തെരുവിലേക്ക്. ഇതിനിടെ ക്രിസ്തീയവിശ്വാസിയായ ബേഠി പേരിനൊപ്പം യേശു എന്നുകൂടി ചേര്‍ത്താണ് പറയുക. വൃത്തിയായും മാന്യമായും വസ്ത്രം ധരിക്കുന്ന ഇവര്‍ മൂന്നുനേരം മുട്ടില്‍ക്കുത്തി പ്രാര്‍ഥന നടത്തും. കഴിഞ്ഞ രണ്ടുവര്‍ഷമായി ബസ്‌സ്‌റ്റോപ്പിനു സമീപം താമസിക്കുന്ന ബേഠി ആര്‍ക്കും ഒരു ശല്യവും ഉണ്ടാക്കുന്നില്ലെന്ന് ഇവിടെ പാലസ് ഓട്ടോമൊബൈല്‍സ് എന്ന കട നടത്തുന്ന അഷറഫ് പറയുന്നു. എന്നാല്‍ പൂച്ചകള്‍ക്കുനേരെ ആരെങ്കിലും അടുത്താല്‍ അവരെ ഓടിക്കും. മനോനില തെറ്റിയിട്ടും, സ്‌നേഹത്തിന്റെ ഈ സന്ദേശം പകരുന്ന തെരുവോരക്കാഴ്ച സമൂഹത്തിനുതന്നെ മാതൃകയാണ്.


 

 




MathrubhumiMatrimonial