githadharsanam

ഗീതാദര്‍ശനം - 708

Posted on: 02 Feb 2011

സി. രാധാകൃഷ്ണന്‍



മോക്ഷസംന്യാസയോഗം


ഈശ്വരന്റെയും അക്ഷരപ്രകൃതിയുടെയും സംയോഗത്താലാണ് ക്ഷേത്രങ്ങള്‍ ഉണ്ടാകുന്നത്. ശരീരസംഘാതം നിലനില്‍ക്കുന്നത് അക്ഷരം എന്ന അവ്യക്തമാധ്യമത്തിലാണ്, ജീവത്താകുന്നത് ആ മാധ്യമത്തിന്റെ വൈരുധ്യാത്മകതയെ (മായയെ) അടിസ്ഥാനപ്പെടുത്തിയാണ്. ശരീരസംഘാതത്തിന്റെ അഹംബോധത്തിന്റെയും കാതലാണ് അതിന്റെ ഹൃദയസ്ഥാനത്ത് ഇരിക്കുന്ന ഈശ്വരന്‍. അതായത്, പരമമായ സമതുലിതബലം പരാപ്രകൃതിയുടെ വൈരുധ്യാത്മകതയില്‍ (മായയില്‍) സമവസ്ഥിതമായി ഒളിഞ്ഞുകിടക്കുന്നു. കര്‍മപരമ്പര തുടങ്ങുന്നത് ആ ഈശ്വരനില്‍നിന്നാണ്. അനന്തമായ ബഹുസ്വരതയിലൂടെ ക്ഷേത്രങ്ങള്‍ പുരോഗമിക്കുന്നു. പരക്കെ കാണപ്പെടുന്ന 'പരിഭ്രമം' വെറുതെ അല്ല, അതുവെറും ധൂര്‍ത്തോ കളിതമാശയോ അല്ല.വേദനകളാണ് മനുഷ്യനെ ഏറ്റവും അധികം മായാബന്ധനത്തിലാക്കുന്നത്. വേദനകള്‍ രണ്ടുതരമാണ് - ശാരീരികവും മാനസികവും. ശാരീരികവേദനകളെല്ലാം ഇന്ദ്രിയങ്ങളുമായും മനസ്സുമായും മാത്രം ബന്ധപ്പെട്ടുള്ളതാണ്. ഇന്ദ്രിയങ്ങളും മനസ്സും ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രമേ വേദന ഉള്ളൂ. ഇന്ദ്രിയങ്ങള്‍ ഉറങ്ങുമ്പോള്‍ (നാഡി അറ്റുപോയവര്‍ക്കും, അനസ്‌തേഷ്യ ചെയ്തവര്‍ക്കും കുഷ്ഠരോഗികള്‍ക്കുമൊന്നും) വേദനയില്ല. അതുപോലെ, മനസ്സ് ഉറങ്ങുമ്പോഴും വേദന ഇല്ല. (അബോധാവസ്ഥ, സുഷുപ്തി, തുരീയം.)
എല്ലാ വൈകാരികവേദനകളും രണ്ടുതരത്തിലുള്ളതാണ്. ഒന്നുകില്‍ പേടി (ഉത്കണ്ഠ) യില്‍നിന്ന് അല്ലെങ്കില്‍ നഷ്ടബോധത്തില്‍നിന്ന്. ഇതുരണ്ടിനെയും അതിക്രമിക്കാനുള്ള വഴിയാണ് ആത്മബോധവും കര്‍മയോഗവും.
ശാരീരികമായോ മാനസികമായോ (വൈകാരികമായോ) ഉള്ള വേദനകളെ ഭയക്കാതാവുമ്പോള്‍ ഒരാള്‍ അധ്യാത്മവിദ്യ വശമാക്കി എന്നു പറയാം. തീര്‍ച്ചയായും ഈ എല്ലാതരം വേദനകളും വാസ്തവത്തില്‍ അനിത്യവും സ്വപ്നസമാനവുമാണ്.
പ്രകൃതിയുടെ വൈരുധ്യാത്മകതയും (തിന്മയുണ്ടെങ്കില്‍ നന്മയും ഉണ്ട്), ക്ഷരപ്രപഞ്ചത്തിലെ നിയാമകവാക്യവും (ജനനമുണ്ടെങ്കില്‍ മരണവും ഉണ്ട്), വേദനകളുടെ രഹസ്യവും ക്ഷണികവും അനിത്യവുമായ ജീവിതത്തിന് മനുഷ്യര്‍ കൊടുക്കുന്ന അമിതപ്രാധാന്യവും നന്മതിന്മകള്‍ക്ക് അതീതമായ പരമാത്മസ്വരൂപവും സമൂഹജീവിയായ മനുഷ്യന് നന്മയോടുള്ള സ്വാഭാവികമായ വാസനാബന്ധവും ആത്മാവിന്റെ നിത്യമായ അവസ്ഥയും ഈശ്വരനെ പൂര്‍ണമായി മനസ്സിലാക്കുന്നതില്‍ ബുദ്ധിക്കുള്ള പരിമിതിയും എല്ലാം ശരിയായി അറിഞ്ഞ് ഈശ്വരനോട് പരമമായ ഭക്തി കൈവന്നാല്‍ മായയെന്ന ദൃഢമായ കുരുക്കഴിച്ച്, ഏതവസ്ഥയിലും പരംപൊരുളിനെ മനസ്സില്‍ നിര്‍ത്താന്‍ കഴിയാറാകും.
(തുടരും)



MathrubhumiMatrimonial