
ജീവനോടുള്ള ആദരവിന്റെ അടയാളമായി ക്യൂന്‍മേരി വില്ലേജ്
Posted on: 04 Nov 2007

തൈക്കാട്ടുശ്ശേരിയില്‍ തേമാലിപ്പാടത്തുള്ള ഈ സംരംഭം ഭ്രൂണഹത്യക്കെതിരെയുള്ള സനേ്ദശവും വിളംബരം ചെയ്യുന്നു. ഈശ്വരനെ അന്വേഷിച്ചുനടന്ന യാത്രയ്ക്കിടയില്‍ പാലക്കാട് ജനിച്ചുവളര്‍ന്ന 45കാരനായ അനി ജോര്‍ജിന് ലഭിച്ച പ്രാര്‍ത്ഥനയുടെ ഉത്തരമായിരുന്നു ഇത്.
ഗര്‍ഭപാത്രത്തില്‍വെച്ചുതന്നെ നശിപ്പിക്കപ്പെടാന്‍ വിധിക്കപ്പെട്ട ചോരക്കുഞ്ഞുങ്ങളുടെ നിലവിളിയാണ് അനി ജോര്‍ജിനെ ഇങ്ങനെയൊണ് ഉദ്യമത്തിനെ പ്രേരിപ്പിച്ചത്.
ഏഴുവര്‍ഷംമുമ്പാണ് സാമൂഹികതിന്മക്കെതിരെയുള്ള വെല്ലുവിളിയുമായി അനി ജോര്‍ജ് പ്രവര്‍ത്തനം തുടങ്ങിയത്. ഈജിപ്തിലെ വിദേശകാര്യമന്ത്രാലയത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അസനൊപ്പം കഴിയുന്നതിനിടയിലാണ് ആത്മീയവഴികളിലേക്ക് അനി ജോര്‍ജ് പ്രവേശിച്ചത്. മടങ്ങി നാട്ടിലെത്തിയപ്പോള്‍ ജീവകാരുണ്യപ്രവൃത്തികളിലേയ്ക്ക് തിരിഞ്ഞു. ഒരു മരുന്നുകമ്പനിയില്‍ ലഭിച്ച ഉദ്യോഗം ഉപേക്ഷിച്ച് മുഴുവന്‍സമയവും സേവനപ്രവര്‍ത്തനങ്ങളില്‍ മുഴുകി.
തൃശ്ശൂരില്‍ ചെമ്പൂക്കാവിലെ സ്വന്തം വീടിനോടു ചേര്‍ന്നായിരുന്നു ആദ്യകാല പ്രവര്‍ത്തനം. ഭാര്യയ്ക്കും ആറു മക്കളോടുമൊപ്പം ശിശുക്കളെ ഇവിടെയായിരുന്നു പരിപാലിച്ചിരുന്നത്. പിന്നീട് തൈക്കാട്ടുശ്ശേരിയില്‍ സ്വന്തമായി വാങ്ങിയ സ്ഥലത്ത് എല്ലാ സൗകര്യങ്ങളോടുംകൂടിയ 'ശിശുക്കളുടെ ഗ്രാമം' ആരംഭിച്ചു. ഭാര്യ ആശാ ജോര്‍ജും മുഴുവന്‍സമയവും ഇദ്ദേഹത്തോടൊപ്പം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാണ്.
വിവാഹത്തിനുമുമ്പ് ഗര്‍ഭിണികളാകുന്ന പെണ്‍കുട്ടികളെ കണ്ടെത്തി ഭ്രൂണഹത്യയില്‍നിന്ന് പിന്തിരിപ്പിച്ച് പ്രസവം കഴിയുന്നതുവരെ സംരക്ഷിക്കുന്നു. ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളെ നിയമങ്ങള്‍ പാലിച്ച് ഏറ്റെടുക്കുന്നു. മൂന്നു വര്‍ഷത്തിനിടയില്‍ ഭ്രൂണഹത്യയില്‍നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞ 45 കുഞ്ഞുങ്ങള്‍ ഇവിടെ പിറന്നു. ഈ ശിശുക്കളെ കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് ദത്തുനല്‍കുന്നു. സര്‍ക്കാരിന്റെയും ജുഡീഷ്യറിയുടെയും വ്യവസ്ഥകള്‍ പാലിക്കുന്നതിന് ഉപദേശകസമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്.
