githadharsanam

ഗീതാദര്‍ശനം - 706

Posted on: 31 Jan 2011

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


അല്ലയോ കുന്തീപുത്രാ, നിന്റെ സ്വഭാവത്തില്‍നിന്നു ജനിച്ച സ്വന്തം കര്‍മത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന നീ സ്വസ്വഭാവം തിരിച്ചറിയായ്ക മൂലം ആ കര്‍മംചെയ്യാന്‍ വൈമുഖ്യം കാണിച്ചാല്‍, പിന്നീട് നീ അതേ കര്‍മം ഗത്യന്തരമില്ലാതെ ചെയ്യേണ്ടതായിവരും.
ചരാചരങ്ങളില്‍ ഓരോന്നിനും സ്വാഭാവികമായ കര്‍മമുണ്ട്. മീനായാല്‍ നീന്താതെ പറ്റില്ല, പാമ്പായാല്‍ ഇഴയാതെ വയ്യ, സൂര്യനായാല്‍ പ്രകാശിക്കാതൊക്കില്ല, പൂച്ചെടിക്ക് പൂക്കാതെ കഴിയില്ല. ഓരോ മനുഷ്യനും തനതായ നൈസര്‍ഗിക കര്‍മങ്ങളുണ്ട്. ഓരോ സൃഷ്ടിയെയും പ്രകൃതിയുമായി ബന്ധിപ്പിക്കുന്നത് ഈ കര്‍മസഞ്ചയമാണ്. പരമപദപ്രാപ്തി നേടിയ ആളായാലും വെറും പാറയായാലും ഈ കര്‍മബന്ധത്തിന് നീക്കുപോക്കില്ല. അറുത്തെറിയാന്‍ പറ്റാത്ത ഈ ബന്ധത്തെ അതിജീവിക്കാനുള്ള വഴി അതിനുവഴങ്ങവെതന്നെ അതിന്റെ കുരുക്ക് അഴിക്കാന്‍ ശീലിക്കുകയാണ്.
ഈ സത്യം അറിയാതെയും സ്വപ്രകൃതിയെ തിരിച്ചറിയാതെയും നിയതകര്‍മത്തോട് വൈമുഖ്യം കാണിച്ചാല്‍ നടപ്പില്ല. എനിക്ക് ഈ വിഭവം ഇഷ്ടമല്ല, ഞാനിത് കഴിക്കില്ല എന്നു നിശ്ചയിച്ചാലും വിശപ്പുമൂത്താല്‍ അതുതന്നെ കഴിക്കേണ്ടിവരുന്നു. കൊടുക്കില്ല കോങ്കണ്ണിക്ക് തേങ്ങാമുറി എന്ന് എത്ര കടുപ്പിച്ച് ശഠിച്ചാലും അവസാനം അതു കൊടുക്കേണ്ടിയും വരുന്നു.
സ്വന്തം മനസ്സിലെ അധമവികാരങ്ങളോട് ഞാന്‍ പോരിനില്ല, അവരെല്ലാം എന്റെ സ്വന്തക്കാരാണ്, എന്നു വിചാരിച്ചാല്‍, അവയുടെ ശല്യം അസഹ്യമാകുമ്പോള്‍ ഗതികെട്ട്, ആ യുദ്ധം നടത്താന്‍ ഇടയാവും. സമൂഹത്തിന്റെ സുസ്ഥിതി കാത്തുസൂക്ഷിക്കാന്‍ ആവേശമുള്ള സ്വഭാവക്കാരന്‍ അക്രമികളെ ചെറുക്കാന്‍ ഞാനില്ലെന്നു പിന്തിരിഞ്ഞാലും അവന്, അവരുടെ അതിക്രമം അസഹ്യമാകുമ്പോള്‍, അവരോട് യുദ്ധം ചെയ്യാതെ പറ്റില്ലെന്നുവരും. യുദ്ധം ചെയ്തില്ലെങ്കിലും അക്രമികള്‍ ആദ്യം ഉപദ്രവിക്കുന്നത് യോദ്ധാക്കളെ തിരഞ്ഞുപിടിച്ചാവും! കാരണം, യുദ്ധം ചെയ്താലും ഇല്ലെങ്കിലും അക്കൂട്ടര്‍ തങ്ങള്‍ക്ക് ഭീഷണിയാണെന്ന് അവര്‍ക്കറിയാം. സമൂഹം പട്ടിണിയിലാകുമ്പോള്‍, കൃഷിവാസനയുള്ളവര്‍ക്ക്, അവര്‍ എത്ര ഉപേക്ഷ വിചാരിച്ചാലും കൃഷിയില്‍ വ്യാപൃതരാകേണ്ടിവരും. കാരണം, അവരും പട്ടിണിയിലാകും! അതിന് ഫലപ്രദമായി പരിഹാരം കാണാന്‍ അവര്‍ക്കല്ലേ പറ്റൂ?



MathrubhumiMatrimonial