githadharsanam

ഗീതാദര്‍ശനം - 701

Posted on: 25 Jan 2011

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


ഇത്രയും പറഞ്ഞുകേള്‍ക്കുമ്പോള്‍ ഈ മഹാകാര്യം സാധാരണക്കാരായ മനുഷ്യര്‍ക്ക് ആശിക്കാവുന്നതിനപ്പുറമല്ലേ എന്നു വീണ്ടും തോന്നുന്നെങ്കില്‍ ആ ശങ്ക വേണ്ട, ഇത് തീര്‍ച്ചയായും സാധിക്കും. എങ്ങനെ എന്ന് ഇനിയുള്ളശ്ലോകങ്ങളില്‍ പറയുന്നു.

സര്‍വകര്‍മാണ്യപി സദാ
കുര്‍വാണോ മദ്‌വ്യപാശ്രയഃ
മത് പ്രസാദാദവാപ്‌നോതി
ശാശ്വതം പദമവ്യയം

എല്ലാവിധ കര്‍മങ്ങളും എപ്പോഴും ചെയ്തുകൊണ്ടിരുന്നാലും എന്നെ ശരണം പ്രാപിക്കുന്നവന്‍ എന്റെ പ്രസാദംകൊണ്ട്, നിത്യമായ, ഒരിക്കലും നീക്കുപോക്കുവരാത്ത, ആനന്ദപദം (ബ്രഹ്മസ്ഥിതി) ക്രമേണ പ്രാപിക്കുകതന്നെ ചെയ്യും.
ആനന്ദപദം പ്രത്യേകിച്ച് ആര്‍ക്കും റിസര്‍വ് ചെയ്ത ഒന്നല്ല. ഇളവില്ലാതെ ഓടി നടന്ന് പണിയെടുക്കുന്നവരും കുഞ്ഞുകുട്ടിപരാധീനക്കാരുമൊക്കെയായ സാധാരണക്കാരായ നമുക്കും കൈവരിക്കാനുള്ളതാണ് പരമാനന്ദപ്രാപ്തി. വലിയ ബുദ്ധിമുട്ടൊന്നും ഇല്ലതാനും. തീര്‍ഥാടനത്തിനു പോകേണ്ട, യജ്ഞം ചെയ്യേണ്ട, യാഗങ്ങളും വേണ്ട, ഹോമവും ബാധയൊഴിപ്പിക്കലും ആവശ്യമില്ല, ദര്‍ശനത്തിനുള്ള ക്യൂവിന്റെ മുന്നിലെത്താന്‍ ഇടി കൂടുകയോ, കൈക്കൂലിയോ നിയമാനുസൃതമായ നിരക്കുപോലുമോ കൊടുക്കുകയോ വേണ്ട, വ്രതാനുഷ്ഠാനങ്ങള്‍ വേണമെന്നില്ല. അത്യന്താപേക്ഷിതമായി ഒരേ ഒരു കാര്യമേ ഉള്ളൂ. പരമാത്മാവിനെപ്പറ്റി ഉണ്ടായിക്കിട്ടിയ അറിവ് ഉള്‍ക്കൊള്ളാനും കൂടുതല്‍ മനസ്സിലാക്കാനും കിണഞ്ഞു ശ്രമിക്കുക.
സ്വന്തം ഹൃദയത്തിന്റെ താത്പര്യം ആയിരിക്കണം ഇത്. ഇതിനാണ് ഭക്തി എന്നു പറയുന്നത്. പരാവിദ്യയെ ഏറ്റവും മുഖ്യമായി കാണുക. പരംപൊരുളിനെ ശരണമായി മുറുകെ പിടിക്കുക. എന്തു ചെയ്യുമ്പോഴും ചെയ്യാതിരിക്കുമ്പോഴും ഈ പിടി വിടാതിരിക്കുക. ചെയ്യുന്ന കാര്യത്തിന്റെ ഫലത്തെക്കുറിച്ച് വേവലാതിപ്പെടാന്‍ നില്‍ക്കാതെ കര്‍മം ആരാധനയാണെന്ന് ഉറപ്പിച്ചാണ് ഈ ശരണം പ്രാപിക്കല്‍. അങ്ങനെ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മനഃപ്രസാദം തന്നെയാണ് പരമാത്മകാരുണ്യത്തിന് തെളിവ്.
(തുടരും)



MathrubhumiMatrimonial