
'മോഹനനാട്ടം' വീണ്ടും വന്നുകളയുമോ?
Posted on: 24 Jan 2011
കോട്ടയം കുഞ്ഞച്ചന്‍
കണ്ടതും കേട്ടതും
ആണ്‍കുട്ടികളുടെ ഭരതനാട്യം കഴിഞ്ഞു. കാഴ്ചക്കാരനായെത്തിയ ഒരധ്യാപകന്‍ തെല്ലു രോഷത്തോടെ എന്തൊക്കെയോ പറയുന്നു.ചുറ്റും ആളുകളുണ്ടെങ്ങിലും തന്നോടുതന്നെയാണ് സംസാരം.'ആമ്പിള്ളാരെ പെമ്പിള്ളേരാക്കുന്നതാണ് ഈ സാധനം',എന്നും കലാകാരന്മാര്‍ വാഴ്ത്തുന്ന നൃത്തത്തെയാണ് 'സാധന'മെന്ന് വിശേഷിപ്പിച്ചത്.
'എന്താ ഈ ഡാന്‍സിന് കുഴപ്പം? അതൊരു കലയല്ലേ?'-ചോദ്യം ആസ്വാദകനായ മറ്റൊരാളിന്‍േറത്.
'കുഴപ്പമോ, ദാ അങ്ങോട്ട് നോക്ക്'
അയാള്‍ കൈ ചൂണ്ടിയ ഭാഗത്തേക്കു നോക്കി.പെണ്‍കുട്ടികളുടെ ചലനത്തോടും ഭാവത്തോടും നില്ക്കുന്ന ആണ്‍കുട്ടി.നടത്തം പെണ്‍കുട്ടികളുടേതു പോലെ.നോട്ടത്തിലും സ്‌ത്രൈണത.ഒരാളല്ല,ഒരുപാട് ആണ്‍കുട്ടികള്‍.സ്ത്രീകളായ നൃത്താധ്യാപകര്‍ തന്നെ പറഞ്ഞിട്ടുണ്ട്,ഡാന്‍സ് കഴിഞ്ഞാല്‍ പിന്നെ ആ ഭാവം വിടണമെന്ന്.പക്ഷേ,ചിലര്‍ക്ക് അത് കഴിയുന്നില്ല.
ആണ്‍പിള്ളേര്‍ ശാസ്ത്രീയ നൃത്തം നടത്തുന്നതില്‍ അപാകമൊന്നുമില്ല.ഒരു കലയല്ലേ.നല്ല കാര്യം.ഇന്നത്തെ പല സിനിമാതാരങ്ങള്‍ അടക്കം പല പ്രമുഖരും കലോത്സവത്തില്‍ നൃത്തം ചെയ്തിട്ടുള്ളവരാണ്.ഇപ്പോഴത്തെ അടിപൊളി സിനിമാപ്പാട്ടുകള്‍ക്ക് നടത്തുന്ന അകമ്പടി താണ്ഡവ നൃത്തത്തേക്കാള്‍ എത്രയോ ഭേദം.പക്ഷേ,പ്രശ്‌നമതല്ല.ചിലര്‍ നൃത്തം ചെയ്ത,് നൃത്തം ചെയ്ത് പെണ്‍കുട്ടികളുടെ ചലനങ്ങള്‍ സ്വന്തമാക്കിയാല്‍ പാവം പെണ്‍കുട്ടികള്‍ എന്തുചെയ്യും?.
വളരെ പാടുപെട്ടാണ് ആണ്‍കുട്ടികളുടെ മോഹിനിയാട്ടം സ്‌കൂള്‍ കലോത്സവത്തില്‍ നിന്നൊഴിവാക്കിയത്.'മോഹനനാട്ട'മല്ല,മോഹിനിയാട്ടമാണ് കലാരൂപമെന്ന് കാട്ടിയാണ് ആണ്‍കുട്ടികളെ ഒഴിവാക്കിയത്.ഇപ്പോഴിതാ ഒരുകൂട്ടര്‍ ആണ്‍കുട്ടികള്‍ക്ക് മോഹിനിയാട്ടം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു.സംഘാടകര്‍ വഴങ്ങില്ലെന്ന് പ്രതീക്ഷിക്കാം.
*************************
നാടോടിനൃത്തത്തിന്റെ കാര്യമാണ്.
കടലില്‍ മീന്‍പിടിക്കാന്‍ പോയ ഭര്‍ത്താവിനേയും കാത്ത് കരയില്‍ ഭാര്യ.ഭര്‍ത്താവിന്റെ സ്‌നേഹത്തേയും തന്റെ ഭാഗ്യത്തേയും കുറിച്ചൊക്കെ പാടി, സന്തോഷത്തോടെ ഭാര്യ നൃത്തം വയ്ക്കുന്നു. പെട്ടെന്ന് കടല്‍ ക്ഷോഭിക്കുന്നു. സന്തോഷം മാറി. സങ്കടവും പേടിയുമായി.പിന്നെ കരളലിയിക്കുന്ന വിലാപം.ഒന്നും സംഭവിക്കാതെ,ഭര്‍ത്താവിനെ തിരികെക്കൊണ്ടുവരണേയെന്ന് ദൈവത്തോട് കരഞ്ഞപേക്ഷിക്കുന്നു.നേര്‍ച്ച നേരുന്നു.ഭര്‍ത്താവിനെന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ താന്‍ ജീവിച്ചിരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു.പെട്ടെന്ന് കടലില്‍ അതാ തോണി കാണുന്നു.ഭര്‍ത്താവ് വരുന്നു.സങ്കടവും പേടിയും മാറി.വീണ്ടും സന്തോഷ നൃത്തം.ഈ പാറ്റേണിലാണ് കുറേക്കാലമായി സ്‌കൂള്‍ കലോത്സവത്തിലെ നാടോടിനൃത്തത്തിന്റെ പോക്ക്.ആദ്യം സന്തോഷം.പിന്നെ ദുഃഖം,വീണ്ടും സന്തോഷം.കടലും അന്തരീക്ഷവും കഥാപാത്രവുമൊക്കെ മാറുമെന്നേയുള്ളൂ.
ഇപ്പോള്‍ സ്ത്രീ പീഡനത്തിനാണ് മാര്‍ക്കറ്റ്്.ആരെങ്കിലും പറഞ്ഞു പറ്റിച്ച് പീഡിപ്പിക്കപ്പെടുന്ന സ്ത്രീയുടെ സങ്കടം.പിന്നെ പ്രതികാരം.അതിന്റെ സന്തോഷം.നാടോടിനൃത്തമാണെങ്കില്‍ ഈ പാറ്റേണില്‍ത്തന്നെ വേണമെന്നാണ് അലിഖിത നിയമം.തെല്ലിട മാറ്റില്ല ഞങ്ങള്‍.
***************************
ഭക്ഷണശാലയിലെ മൈക്ക് അനാഥമായി.കലോത്സവം തുടങ്ങിയതുമുതല്‍ ഇവിടെ അനൗണ്‍സ്‌മെന്‍റിന്റെ ഘോഷയാത്രയായിരുന്നു. രസികന്‍ അനൗണ്‍സ്‌മെന്‍റുകള്‍.സാമ്പിള്‍:'ഭക്ഷണം കഴിക്കാന്‍ വരുന്നവരുടെ ശ്രദ്ധയ്ക്ക്.ഇവിടെയെല്ലാം നൂറുകണക്കിന് ഒളിക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.വൃത്തികേടു കാട്ടാന്‍ വരുന്നവര്‍ കുടുങ്ങും'.മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്,വെള്ളം പാഴാക്കരുത്,പായസത്തിന്റെ കൂട്ടു പറഞ്ഞ് സമ്മാനം നേടുക..... എന്നിങ്ങനെ കാണുന്നതെല്ലാം വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു.'ഈ സാറിന് ശ്വാസം മുട്ടില്ലേ'എന്ന് ദിവസവും ഇത് കേട്ടുകൊണ്ടിരുന്ന സദ്യവിളമ്പുകാരായ ടീച്ചര്‍മാരും ടീച്ചര്‍ വിദ്യാര്‍ഥിനികളും അത്ഭുതംകൊണ്ടു. എന്തായാലും അനൗണ്‍സ്‌മെന്‍റ്,
ഭക്ഷണം കഴിക്കാന്‍ കാത്തുനില്ക്കുന്നവരുടെ മുഷിപ്പു മാറ്റി.
