വേദിയില്‍ മിമിക്രി സദസ്സ് മൂകം

Posted on: 23 Jan 2011


കോട്ടയം: ജി.എസ്.എല്‍.വി. പലവട്ടം കുതിച്ചുയര്‍ന്നു, ട്രെയിനുകള്‍ സ്റ്റേഷനില്‍ നിര്‍ത്താതെ കൂകിപ്പാഞ്ഞു, ഇംഗ്ലീഷ് സിനിമകളും കാര്‍ട്ടൂണ്‍ പരിപാടികളും മാറി മാറി കാണിച്ചു, മുഖ്യമന്ത്രി അച്യുതാനന്ദന്‍ മുതല്‍ ജഗതി ശ്രീകുമാര്‍ വരെ പഠിച്ച പണി പതിനെട്ടും നോക്കി. ആരും അനങ്ങിയില്ല, ഒരു കൈയടി പോലും ഉയര്‍ന്നില്ല. എച്ച്.എസ്.എസ്. വിഭാഗം മിമിക്രി മത്സരം ഏതാണ്ട് ശോകമൂകമായിരുന്നു.

ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രകടനം കാണികളെ നിരാശപ്പെടുത്തി.ആണ്‍കുട്ടികളില്‍ മല്‍സരിച്ച 16 പേരില്‍ ആറു പേര്‍ക്കു മാത്രമാണ് എ ഗ്രേഡ് കിട്ടിയത്. പെണ്‍കുട്ടികളില്‍ 16 പേര്‍ മല്‍സരിച്ചെങ്കിലും 4 പേര്‍ക്കേ എ ഗ്രേഡ് ലഭിച്ചുള്ളൂ.

ആവര്‍ത്തനവിരസതയായിരുന്നു മല്‍സരത്തിലുടനീളം. പതിവ് ഇനങ്ങളായ രാഷ്ട്രീയ പ്രവര്‍ത്തകരെയും സിനിമാ താരങ്ങളെയുമാണ് മിക്കവരും അനുകരിച്ചത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം എം.ടി.എസ്. എച്ച്.എസ്.എസ്സിലെ ജിക്കു തോമസ്സിന് കൂടുതന്‍ പോയിന്‍റ് ലഭിച്ചു. കണ്ണൂര്‍ ചൊക്ലി രാമവിലാസം എച്ച് എസ് എസ്സിലെ എം.ടി. ശ്രീനാഥ് രണ്ടാമതും തൃശ്ശൂര്‍ എങ്ങണ്ടാനൂര്‍ എച്ച്.എസ്.എസ്സിലെ എന്‍.ആര്‍. ശ്രീനാഥ് മൂന്നാമതുമെത്തി.

പെണ്‍കുട്ടികളില്‍ കോഴിക്കോട് സെന്‍റ് ജോസഫ്‌സ് സ്‌കൂളിലെ പ്രിയ ലക്ഷ്മി പ്രകാശ്, പാലക്കാട് ശ്രീകൃഷ്ണപുരം എച്ച് എസ്.എസ്സിലെ പി. ആര്‍. ജമുന, ആലപ്പുഴ ആയാമ്പറമ്പ് ജി.എച്ച്.എസ്.എസ്സിലെ ജിഷ്ണുജ കൃഷ്ണന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.



MathrubhumiMatrimonial