githadharsanam

ഗീതാദര്‍ശനം - 699

Posted on: 23 Jan 2011

സി. രാധാകൃഷ്ണന്‍



മോക്ഷസംന്യാസയോഗം


ആ പ്രസന്നതയ്ക്ക് ഇച്ഛകളോ ഇച്ഛാഭംഗങ്ങളോ ഒരു പോറലും ഏല്പിക്കില്ല. കാരണം, പുറമെനിന്നുവരുന്ന എല്ലാ സന്തോഷങ്ങളും എല്ലാമായ പരമാത്മാവിന്റെതു തന്നെയും അതുകൊണ്ട് പരമാത്മാവില്‍നിന്നുമാത്രം വരുന്നതുമാണ്. 'ഉറയ്ക്കാത്ത' ബുദ്ധി അത് മറ്റു വസ്തുക്കളില്‍ തെറ്റായി ആരോപിക്കുന്നു എന്നുമാത്രം. സത്യം അനുഭവത്തില്‍ വരുമ്പോള്‍ അത് അനുഭവിക്കുന്ന ആള്‍ അതുതന്നെ ആയിത്തീരുന്നു. ചരാചരങ്ങളെയെല്ലാം സമമായി കാണുന്നതിനാല്‍ മാനാപമാനങ്ങളോ രാഗദ്വേഷങ്ങളോ ഇല്ല. (അദ്ദേഹത്തിന് അതിലൊന്നും താത്പര്യവും ഇല്ല.)
ബ്രഹ്മത്തെ അറിയുന്നവന്‍ അതായിത്തീരുന്നു എന്നാണ് ഉപനിഷത് പ്രഖ്യാപനം. ഭക്തിയും ജ്ഞാനവും രണ്ടല്ലെന്നു മനസ്സിലാവാന്‍ ഈ ശ്ലോകം ശ്രദ്ധയോടെ ഒരേ ഒരുവട്ടം വായിച്ചാല്‍ മതി. സാധനയുടെ ആദ്യനാളുകളില്‍ രണ്ടാണെന്നു തോന്നാം. അനുഭവത്തിലേക്കു കടന്നാല്‍ രണ്ടും ഒന്നുതന്നെ. പ്രത്യക്ഷജ്ഞാനംതന്നെയാണ് പരമമായ ഭക്തി.
ഭക്തിയിലൂടെയല്ലാതെ എന്നെ കാണാനോ, അറിയാനോ, പ്രാപിക്കാനോ കഴിയില്ല (''ഭക്ത്യാ ത്വനന്യയാ ശക്യ ....'' - 11, 54) എന്ന ദൃഢപ്രഖ്യാപനത്തിന്റെ വ്യാഖ്യാനമാണ് ഇത്. യഥാര്‍ഥഭക്തി ഉള്ളവരുടെ മനോനില ഭക്തിയോഗത്തില്‍ കണ്ടു. (മൂന്നുതരം തപസ്സിലൂടെയും യജ്ഞഭാവനയോടെയുള്ള കര്‍മനിര്‍വഹണത്തിലൂടെയും ഈ സ്ഥിതിയില്‍ എത്താമെന്നും കണ്ടു.) അത്രയുമായാല്‍ പിന്നെ ഹൃദയത്തിലൂടെയാണ് അറിവിന്റെ സാക്ഷാത്കാരം. ഈശ്വരന്‍ എല്ലാവരുടെയും ഹൃദയത്തില്‍ ഇരിക്കുന്നെന്ന് (''ഈശ്വരഃ സര്‍വഭൂതാനാം ഹൃദ്ദേശേ/ര്‍ജുന തിഷുതി'') ഇനി എടുത്തു പറയുന്നുണ്ട്. ഹൃദയത്തിലിരിക്കുന്ന ഈശ്വരനെ തിരിച്ചറിഞ്ഞ് ഹൃദയംകൊണ്ടുതന്നെ താദാത്മ്യം കൈവരുന്നതെങ്ങനെ എന്ന് ഇനി വിശദമാക്കുന്നു.
ഭക്ത്യാ മാമഭിജാനാതി
യാവാന്‍ യശ്ചാസ്മി തത്ത്വതഃ
തതോ മാം തത്ത്വതോ ജ്ഞാത്വാ
വിശതേ തദനന്തരം
പരമമായ ഭക്തികൊണ്ട് എന്റെ മഹിമ എത്രയെന്നും എന്റെ സ്വരൂപമെന്തെന്നുമെല്ലാം ശരിയായി അറിയുന്നു. അങ്ങനെ എന്റെ യഥാര്‍ഥസ്വരൂപം അസ്സലായി നേരിട്ടറിഞ്ഞ് അതില്‍പ്പിന്നെ എന്നോടുചേര്‍ന്ന് ഒന്നായിത്തീരുന്നു.
(തുടരും)



MathrubhumiMatrimonial