വേദിയില്‍ വീണ അര്‍ജുന് 'രാവണ'വിജയം

Posted on: 21 Jan 2011

കെ.ആര്‍. പ്രഹ്ലാദന്‍



കോട്ടയം: ബാലിയെ പിടിച്ചു കെട്ടാന്‍ വന്ന രാവണന്‍ അട്ടഹസിച്ചു , പിന്നെ വീണു. വീണു പോയ രാവണന്‍ ഉയിര്‍ത്തത് ഒന്നാം സ്ഥാനവുമായി. കഥയില്‍ ഇല്ലാത്ത കളിയുമായി വിധി അരങ്ങില്‍ വന്നെങ്കിലും അര്‍ജുന്‍ സുബ്രഹ്മണ്യന്‍ ആസ്​പത്രിക്കിടക്ക വിട്ട് വിജയിയായി തിരനോട്ടം നടത്തി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എച്ച് എസ് വിഭാഗം അണ്‍കുട്ടികളുടെ കഥകളിയില്‍ വേഷമിട്ട അര്‍ജുനാണ് കത്തിവേഷം ചെയ്ത് വീണു പോയെങ്കിലും വിജയം കൊയ്തത്.

ബാലിവിജയത്തിലെ രാവണനെ മനോഹരമായി രംഗത്തെ ത്തിച്ച് അട്ടഹാസത്തോടെ വിട പറയുമ്പോഴാണ് അര്‍ജുന്‍ കുഴഞ്ഞു വീണത്. അണിയറയില്‍ ഉള്ളവരും മററും ചേര്‍ന്ന് അര്‍ജ്ജുനെ താങ്ങിയെടുത്ത് കിടത്തി. വേഷം അഴിച്ചു വീശി, വെള്ളം കൊടുത്തു. പരിശീലകനും ഗുരുവുമായ കലാമണ്ഡലം ബാലസുബ്രഹ്മണ്യനും ഉടന്‍ ഓടി വന്നു. രക്ത സമ്മര്‍ദ്ദം താഴ്ന്നതാണ് പ്രശ്‌നമായതെന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ച് പറഞ്ഞു.

അച്ഛന്‍ മകനെ താങ്ങിയെടുത്ത് ഗ്രീന്‍ റൂമിലേക്ക് കൊണ്ടുപോയി. പിന്നെ ചുട്ടിയോടെ തന്നെ ആസ്​പത്രിയിലേക്ക്. ഡ്രിപ്പ് നല്‍കിയ ശേഷം വിശ്രമിക്കാന്‍ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടു മണിക്കൂറിനു ശേഷം മത്സരഫലം വന്നപ്പോള്‍ അര്‍ജുന്‍ അവശതയ്ക്കു മേല്‍ വിജയം കൊയ്തു. ബാലി വിജയത്തിലെ രാവണന്‍ തോറ്റെങ്കിലും അര്‍ജുന്‍ സ്വന്തം കഥയില്‍ കലാശം മാറ്റിയെഴുതുകയായിരുന്നു.അസാധാരണമായ ഗര്‍ജ്ജനമായിരുന്നു അര്‍ജുന്റെ രാവണന്‍ നടത്തിയതെന്ന് കാണികളും പറഞ്ഞു. ആദ്യ മത്സരാര്‍ഥിയായിരുന്നു അര്‍ജുന്‍. ഒരുങ്ങാന്‍ താമസിച്ചെന്നു പറഞ്ഞ് സംഘാടകരില്‍ ഒരാള്‍ വഴക്കു പറഞ്ഞത് കുട്ടിയെ സങ്കടത്തിലാക്കിയെന്ന് അച്ഛന്‍ പറഞ്ഞു. കരഞ്ഞു കൊണ്ടാണ് അവന്‍ കളിക്കാന്‍ പോയതെന്ന് ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.

കഴക്കൂട്ടം ജ്യോതിനിലയം സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അര്‍ജ്ജുന്‍. കഥകളിയില്‍ കേന്ദ്രസര്‍ക്കാരിന്റ ഫെല്ലോഷിപ്പ് നേടിയിട്ടുണ്ട്. ഉഷയാണ് അമ്മ.കഥകളി ഗ്രാമമായ വെള്ളിനേഴി ഗ്രാമത്തില്‍ നിന്നാണ് ഇവരുടെ കുടുംബം കഴക്കൂട്ടത്തെത്തിയത്.
മത്സരത്തില്‍ അലപ്പുഴ മറ്റം സ്‌കൂളിലെ വിവേക് ജി നമ്പൂതിരി രണ്ടാം സ്ഥാനവും കോഴിക്കോട് പൊയില്‍ക്കാവ് സ്‌കൂളിലെ നന്ദകിഷോര്‍ മൂന്നാം സ്ഥാനവും നേടി.



MathrubhumiMatrimonial