ആണ്‍നടനം

Posted on: 21 Jan 2011


കേരളനടനത്തിന്റെ കുത്തക പെണ്‍കുട്ടികളില്‍നിന്ന് തിരിച്ചുപിടിക്കുകയായിരുന്നു എബി സുരേഷ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒപ്പം മത്സരിച്ച 18 പെണ്‍കുട്ടികളെ പിന്തള്ളിക്കൊണ്ടാണ് ഈ ഒറ്റയാന്‍നേട്ടം. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ അവസാനിച്ച കേരളനടനത്തില്‍ മത്സരിച്ച ഏക ആണ്‍കുട്ടിയായിരുന്നു അപ്പീലുമായി വന്ന എബി. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിലെ ഈ എട്ടാംക്ലാസ്സുകാരന്‍ തോല്‍പ്പിച്ചവരെല്ലാം ഒമ്പതാംക്ലാസ്സിലേയും പത്താംക്ലാസ്സിലേയും 'ചേച്ചിമാര്‍'.
ഗുരുഗോപിനാഥ് കേരളനടനം ചിട്ടപ്പെടുത്തിയ കാലത്ത് ആണ്‍കുട്ടികള്‍ക്കായിരുന്നു ആധിപത്യം. കലോത്സവവേദിയിലെത്തിയപ്പോള്‍ ഇത് പെണ്‍കുട്ടികളുടെ കുത്തകയിനമായി. ഈ പാരമ്പര്യമാണ് എബി തകര്‍ത്തത്. എട്ടുവര്‍ഷത്തിനുശേഷമാണ് കലോത്സവവേദിയില്‍ ഒരു ആണ്‍കുട്ടിയുടെ കേരളനടനവിജയം.
എബി ഉപജില്ലാമത്സരങ്ങള്‍ക്ക് തയ്യാറെടുത്തത് കേരളനടനം ഈ വര്‍ഷംമുതല്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമായി പ്രത്യേകം നടത്തുമെന്ന ധാരണയിലാണ്. ആണ്‍കുട്ടികള്‍ക്കൊപ്പം മത്സരിക്കുന്നതിനുള്ള വസ്ത്രങ്ങള്‍വരെ തയ്യാറാക്കിക്കഴിഞ്ഞപ്പോഴാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനം മാറ്റിയത്. അതോടെ വീണ്ടും പെണ്‍കുട്ടികളോട് പൊരുതുന്നതിനുള്ള ശ്രമമായി. ജില്ലാതലത്തിലെ വിധിനിര്‍ണ്ണയത്തിനെതിരെ അപ്പീല്‍ വാങ്ങിവന്ന എബിക്ക് വിജയം ഇരട്ടത്തിളക്കമുള്ളതായി. കഥകളിയിലുമുണ്ട് എഗ്രേഡ്.
നാലുവയസ്സുമുതല്‍ നൃത്തം പഠിക്കുന്ന എബി തിരുവനന്തപുരം കളക്ടറേറ്റില്‍ ഡപ്യൂട്ടി തഹസില്‍ദാരായ സുരേഷിന്റേയും അധ്യാപികയായ ഹെലന്റേയും മകനാണ്. നന്തന്‍കോട് വിനയചന്ദ്രനാണ് ഗുരു.





MathrubhumiMatrimonial