വക്കീലിനും പോലീസിനും ഓട്ടന്‍ തുള്ളലില്‍ ഒരുവേഷം

Posted on: 21 Jan 2011


ഓട്ടന്‍തുള്ളല്‍ വേദിയില്‍ വക്കീലിനും പോലീസിനും എം.ബി.എ. വിദ്യാര്‍ത്ഥിക്കും ഒരേവേഷം, ഗുരുവിന്റെ. തൃശ്ശൂര്‍ ജില്ലയിലെ സ്‌പെഷല്‍ ബ്രാഞ്ചിലെ അഡീഷണല്‍ എസ്.ഐ. മണലൂര്‍ ഗോപിനാഥും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഡ്വ. അഞ്ജന ശ്രീകുമാറും എം.ബി.എ. വിദ്യാര്‍ത്ഥി കടുത്തുരുത്തി സ്വദേശി പ്രഭുല്‍കുമാറും തങ്ങളുടെ ശിഷ്യന്‍മാരുമായാണ് ഓട്ടന്‍ തുള്ളലിനെത്തിയത്.
മണലൂര്‍ ഗോപിനാഥ് എല്ലാ വര്‍ഷവും രണ്ടു ശിഷ്യന്‍മാരുമായി സംസ്ഥാന കലോത്സവത്തിനെത്താറുണ്ട്. ഡ്യൂട്ടിതിരക്കുകാരണം ബിരുദാനന്തര ബിരുദവിദ്യാര്‍ഥിയായ തന്റെ മകനും വിദ്യാര്‍ഥികളെ പഠിപ്പിക്കാറുണ്ടെന്ന് ഗോപിനാഥ് പറയുന്നു.
എച്ച്.എസ്.എസ്.എച്ച്.എസ്. വിഭാഗത്തിലും ഇദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ കോട്ടയത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കോടതിയിലെ അഡ്വക്കേറ്റായ അഞ്ജന ശ്രീകുമാര്‍ 2005ലെ കേരള സര്‍വ്വകലാശാല കലോത്സവത്തില്‍ ഓട്ടന്‍ തുള്ളലില്‍ ഒന്നാമതെത്തിയിട്ടുണ്ട്. ചാക്യാര്‍കൂത്തിലും ഓട്ടന്‍തുള്ളലിലും സംസ്ഥാന കലോത്സവത്തില്‍ മത്സരിച്ചിട്ടുമുണ്ട്. അഞ്ജനയുടെ ശിഷ്യരും ഈ രണ്ടിനങ്ങളിലും മത്സരിക്കുന്നുണ്ട്.
സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ഓട്ടന്‍തുള്ളലിലെ സ്ഥിരം സാന്നിധ്യമായിരുന്ന കടുത്തുരുത്തി സ്വദേശി പ്രഭുല്‍കുമാര്‍ ഗുരുവിന്റെ വേഷത്തിലാണ് വേദിയിലെത്തിയത്.
2005 സംസ്ഥാന കലോത്സവത്തില്‍ മൂന്നാസ്ഥാനം നേടിയ പ്രഭുല്‍ എം.ബി.എ. വിദ്യാര്‍ഥിയാണ്.
കലാമണ്ഡലം പ്രഭാകരന്‍ ഉള്‍പ്പെടെ പ്രഗത്ഭരായ ഓട്ടന്‍തുള്ളല്‍ കലാകാരന്മാരും തങ്ങളുടെ ശിഷ്യന്‍മരോടൊപ്പം ഇവിടെ മത്സരത്തിനെത്തിയിട്ടുണ്ട്.



MathrubhumiMatrimonial