സൈനോജിന്റെ ഓര്‍മ്മകളുമായി വീണ്ടും...

Posted on: 21 Jan 2011


സ്മൃതിയില്‍ എന്നും വാഴുന്ന, നിനവില്‍ ശാന്തമായി ഉറങ്ങുന്ന സൈനോജിനുവേണ്ടി വൈശാഖ് ഇത്തവണയും പാടി.
യാത്രപറയുംമുന്‍പ് സൈനോജ് തനിക്ക് മാത്രമായി സമ്മാനിച്ച ആ വരികള്‍തന്നെയാണ് ഈ വര്‍ഷവും വൈശാഖ് ആലപിച്ചത്. സ്‌നേഹവും വേര്‍പാടും നിറഞ്ഞ ആ പാട്ടിന് വിധികര്‍ത്താക്കള്‍ മൂന്നാംസ്ഥാനത്തോടെ എ ഗ്രേഡ് നല്‍കി.
ഹയര്‍ സെക്കന്‍ഡറി വിഭാഗം ലളിതഗാനമത്സരത്തിലാണ് വൈശാഖ് ബിജോയ് തന്റെ സുഹൃത്തും ഗുരുവും ഗായകനുമായ സൈനോജ് മരിക്കുന്നതിന് മുന്‍പ് ചിട്ടപ്പെടുത്തി പഠിപ്പിച്ച പാട്ടുപാടിയത്.
എറണാകുളം ഏഴൂര്‍ സെന്റ് ആന്‍സ് ഇ.എം.എച്ച്.എസ്.എസ്സിലെ പ്ലസ്ടു വിദ്യാര്‍ഥിയായ വൈശാഖിന് കലോത്സവത്തിന് പാടാനാണ് സൈനോജ് ശുഭപന്തുവരാളി രാഗത്തില്‍ 'സ്മൃതിയില്‍ വാഴും' എന്ന പാട്ട് പഠിപ്പിച്ചത്.
അഞ്ചാംക്ലാസ് മുതല്‍ വൈശാഖ് എല്ലാ കലോത്സവത്തിനും ഈ പാട്ടുപാടി.
എന്നാല്‍ കഴിഞ്ഞ സംസ്ഥാന കലോത്സവത്തിന് ലളിതഗാനവേദിയില്‍ എത്തുംമുന്‍പ് പാട്ടിന്റെ ശില്‍പി ഈ ലോകത്തോട് വിടപറഞ്ഞു. തന്നെ ഏല്‍പ്പിച്ച പാട്ടില്‍ ജീവിച്ചുകൊണ്ടാണ് സൈനോജ് അന്ന് പാടിയത്. രണ്ടാംസ്ഥാനവും നേടി. സ്‌കൂള്‍ ജീവിതത്തിലെ ഈ അവസാന കലോത്സവത്തിലും വൈശാഖ് സൈനോജിന്റെ പാട്ട് ഹൃദയത്തോട് ചേര്‍ത്തുവച്ചു. സൈനോജിന്റെ ഓര്‍മകള്‍ വീണ്ടും ജീവിച്ചു.
'ഇവര്‍ വിവാഹിതരായാല്‍' എന്ന ചിത്രത്തില്‍ എനിക്ക് പാടാനുണ്ടൊരു... എന്ന പാട്ട് പാടിയ സൈനോജ് രക്താര്‍ബുദത്തെത്തുടര്‍ന്നാണ് മരിച്ചത്.




MathrubhumiMatrimonial