
അപ്പീല്‍ വഴി സര്‍ക്കാറിന് 20 ലക്ഷം ; തുക റെക്കോഡിലേക്ക്
Posted on: 20 Jan 2011
കെ.ആര്‍. പ്രഹ്ലാദന്‍

കോട്ടയം: സ്‌കൂള്‍ കലോത്സവം സര്‍ക്കാറിന് നേട്ടമാകുമെന്ന് ഉറപ്പായി. പ്രതിഭകളുടെ വരവുകൊണ്ടല്ല മറിച്ച്, ഖജനാവിലേക്കുള്ള വരവു കൊണ്ടായിരിക്കുമത്.സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോള്‍ അപ്പീല്‍ ഇനത്തില്‍ കിട്ടിയത് 20 ലക്ഷം രൂപ.മൊത്തം വന്ന 410 അപ്പീലുകളില്‍ നിന്നുള്ള വരുമാനമാണിത്. കഴിഞ്ഞ വര്‍ഷം ആകെ കിട്ടിയത് 540 അപ്പീലുകള്‍ മാത്രമായിരുന്നു.
മേള തീരാന്‍ നാലു നാള്‍ ബാക്കി നില്‍ക്കെ അപ്പീലുകള്‍ സര്‍വകാല റെക്കോഡ് സ്ഥാപിക്കുമെന്ന് ഉറപ്പായി.
5000 രൂപയാണ് ഒരു അപ്പീലിന് കെട്ടിവെക്കേണ്ട തുക.ജില്ലാകലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ആളേക്കാള്‍ ഒരു പോയിന്റെങ്കിലും അപ്പീല്‍ വഴി വന്നയാള്‍ നേടിയാല്‍ തുക മടക്കി നല്‍കും.കഴിഞ്ഞ വര്‍ഷം 540ല്‍ 240 പേര്‍ക്ക് തുക മടക്കി നല്‍കി.27 ലക്ഷം കിട്ടിയതില്‍ 12 ലക്ഷം തിരിച്ചു കൊടുക്കേണ്ടി വന്നു.ഇൗ മേളയില്‍ ഇതുവരെ 23 പേര്‍ പണം തിരിച്ചു കിട്ടാന്‍ യോഗ്യത നേടിയിട്ടുണ്ട്. അപ്പീലുകളുടെ കാര്യത്തില്‍ തൃശ്ശൂരും തിരുവനന്തപുരവുമാണ് മുന്നില്‍. 55 വീതം.പത്തനംതിട്ട 39, കോട്ടയം 36,കൊല്ലം 36,എറണാകുളം 32,കണ്ണൂര്‍ 28, ആലപ്പുഴ 28, വയനാട് 24,പാലക്കാട് 21,കാസര്‍കോട് 20,മലപ്പുറം 15,കോഴിക്കോട് 14,ഇടുക്കി 7 എന്നിങ്ങനെയാണ് അപ്പീല്‍ വരവ്്. അപ്പീലുകളുടെ തള്ളിക്കയറ്റം മേളയുടെ സമയക്രമം തെറ്റിച്ചുകളഞ്ഞു. എച്ച്.എസ്. പെണ്‍കുട്ടികളുടെ കുച്ചുപ്പുടിയില്‍ 24 പേരാണ് മത്സരിക്കാന്‍ എത്തിയത്.ഇതു നടക്കുന്ന രണ്ടാം വേദിയില്‍ അഞ്ചു മണിക്കൂറോളം മത്സരം വൈകി ഓടുകയാണ്.
ഒന്നാം വേദിയില്‍ മോഹിനിയാട്ടത്തിന് വന്നതും 24 പേരാണ് .ഇവിടെ രണ്ടാം നാളിലും മത്സരം പുലരുവോളം തുടരുമെന്ന നിലയാണ്.
