
ഗീതാദര്‍ശനം - 697
Posted on: 20 Jan 2011
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
കാമക്രോധാദികള്‍ അഹങ്കാരത്തിന്റെ കൂട്ടുകാരാണ്. ''ഞാന്‍ ചെയ്യുന്നു'' എന്ന ഭാവമാണ് അഹങ്കാരം. അതിന്റെ പ്രകടനമാണ് ബലപ്രയോഗം. യോഗ്യനാണ് എന്ന് നാലാളെ അറിയിക്കാനുള്ള വെമ്പലാണ് ദര്‍പ്പം. ഇതെല്ലാം ഉപയോഗിച്ച് അന്യന്റേത് തന്റേതാക്കലാണ് പരിഗ്രഹം.
എല്ലാ ക്ഷോഭങ്ങളും അടങ്ങുമ്പോള്‍ കൈവരുന്ന പരമമായ സമതുലിതാവസ്ഥയാണ് ഇവിടെ പരാമര്‍ശിക്കുന്ന ശാന്തി. ഇത്രത്തോളമെത്തിയാല്‍ ആത്മസാരൂപ്യം വിളയിക്കാനുള്ള വയല്‍ ഒരുങ്ങി. ഇനി കൃഷിചെയ്യണം. സംശയമൊന്നും ശേഷിക്കാതിരിക്കാന്‍ ആ കൃഷിഭൂമിയുടെ കൂടുതല്‍ വിശേഷങ്ങള്‍ പറയുന്നു.
ബ്രഹ്മഭൂതഃ പ്രസന്നാത്മാ
ന ശോചതി ന കാങ്ക്ഷതി
സമഃ സര്‍വേഷു ഭൂതേഷു
മദ്ഭക്തിം ലഭതേ പരാം
ബ്രഹ്മത്തെ അറിഞ്ഞ് അതായിത്തീര്‍ന്നവന്‍ എപ്പോഴും പ്രസന്നനായി ഒന്നിലും ദുഃഖിക്കാതെയും ഒന്നും ആഗ്രഹിക്കാതെയും ഇരിക്കുന്നു. (എല്ലാറ്റിലും വലിയ, എന്നുമുള്ള, ആനന്ദം അയാള്‍ നേടിക്കഴിഞ്ഞു.) ചരാചരങ്ങളെയെല്ലാം സമമായി കാണുന്നു. (അങ്ങനെ) അവന് പരമാത്മാവില്‍ പരമമായ ഭക്തി കൈവരുന്നു.
ആത്മതത്ത്വം എവ്വിധമെങ്കിലും അറിയാന്‍ കഴിയുന്നതോടെ ആ അറിവിന്റെ വെളിച്ചത്തില്‍ ധ്യാനിക്കാം. ധ്യാനാനുഭൂതി ആനന്ദകരമാണെന്നറിയുന്നു. അപ്പോള്‍ ധ്യാനവിഷയത്തെ കൂടുതല്‍ അറിയാന്‍ അഭിനിവേശമുണ്ടാകുന്നു. ഇതാണ് ഭക്തിയുടെ നാമ്പ്. ഏതെങ്കിലുമൊരാളെയൊ വസ്തുവിനെയൊ അറിയാതെ സ്‌നേഹിക്കാനൊ സ്‌നേഹിക്കാതെ കൂടുതല്‍ അറിയാനൊ സാധിക്കില്ലല്ലോ. ഇവിടെയും അതുതന്നെ.
തുടര്‍ന്ന്, കൂടുതല്‍ പഠനവും മനനവും നിധിധ്യാസനവും നടത്തുന്നു. പരിശ്രമംകൊണ്ടും ഭക്തികൊണ്ടും ദൈനംദിന ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ വികാരപ്പെടാതെയും ഉല്‍ക്കണ്ഠപ്പെടാതെയും ആലോചിച്ച് ശരിയുത്തരം കണ്ടെത്താനുള്ള പക്വത കൈവരുന്നു. അങ്ങനെ കിട്ടിയ അധിക അറിവുകൂടി ഉപയോഗിച്ച് കര്‍മത്തില്‍ ഏര്‍പ്പെടുന്നു. ആനന്ദാനുഭൂതി അപ്പോള്‍ അധികരിക്കുന്നു. അത്രത്തോളം ഭക്തിയും വളരുന്നു. അങ്ങനെ കര്‍മങ്ങള്‍ തുടര്‍ന്നു ചെയ്തുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ധ്യാനവിഷയത്തെ കൂടുതല്‍ അറിഞ്ഞനുഭവിക്കാന്‍ ശ്രമിച്ച്, ഭൗതികജീവിതത്തില്‍ നിസ്സംഗത നിലനിര്‍ത്തി, കെട്ടുപാടുകള്‍ ഒഴിവാക്കി, ക്രമേണ പ്രാപഞ്ചികമായ രാഗദ്വേഷങ്ങളുടെ കുരുക്കുകള്‍ അഴിച്ച്, ഞാന്‍ വേറെ എന്ന ഭാവം പോകുമ്പോള്‍ അവ്യയമായ ആനന്ദം ലഭ്യമാകുന്നു. ജീവിതം ഈ അനുഭൂതിക്കുവേണ്ടി സമര്‍പ്പിതമാകുന്നു.
(തുടരും)
