goodnews head

ജീവനും ജീവിതവും പകര്‍ന്ന് സരോജിനിയുടെ മരണം

Posted on: 18 Jan 2011


കൊച്ചി: സരോജിനി മരിച്ചു, പക്ഷേ മരണത്തിലേക്ക് ആണ്ടുപോയ്‌ക്കൊണ്ടിരുന്ന രണ്ട് യുവാക്കളെ ജീവിതത്തിന്റെ കരയിലേക്കെത്തിക്കുവാന്‍ അവര്‍ക്കു കഴിഞഞു. സരോജിനിയുടെ കരളും വൃക്കകളുമാണ് ഇവര്‍ക്ക് തുണയായത്. ഒപ്പം സരോജിനിയുടെ കണ്ണുകള്‍ രണ്ട് അന്ധര്‍ക്ക് കാഴ്ചയുടെ സൗഭാഗ്യവുംപകര്‍ന്നു.

തിരൂര്‍ പൂക്കയില്‍ വെളുത്തേടത്ത് റിട്ട. അധ്യാപിക സരോജിനിക്ക് (65) അമൃത ആസ്​പത്രിയില്‍ ഡിസംബര്‍ 20ന് മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. മസ്തിഷ്‌കരക്തസ്രാവത്തെ തുടര്‍ന്ന് 13നാണ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ഏകമകന്‍ ബിനു അമ്മയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം മൂളുകയായിരുന്നു.

നാഗര്‍കോവില്‍ സ്വദേശി സജി(20)നാണ് സരോജിനിയുടെ ഒരു വൃക്കയും കരളും നല്‍കിയത്. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായ സജിന്‍ കരളിനും വൃക്കയ്ക്കും രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. ആര്‍മിയില്‍ നിന്നും വിരമിച്ച മണിയുടെയും നിര്‍മലയുടെയും മകനാണ് സജിന്‍. മകന്റെ രോഗാവസ്ഥയില്‍ ആധി പിടിച്ചുകഴിഞ്ഞ ഇവര്‍ക്ക് ആശ്വാസമായാണ് അമൃത ആസ്​പത്രിയില്‍ നിന്നുള്ള സന്ദേശമെത്തിയത്. ഉടന്‍ ആസ്​പത്രിയിലെത്തി കരളും വൃക്കയും മാറ്റിവെയ്ക്കുകയായിരുന്നു.11 മണിക്കൂറിലേറെ നീണ്ടതായിരുന്നു ശസ്ത്രക്രിയ.

കോട്ടയ്ക്കല്‍ സ്വദേശി സാദിഖ് അലി (26)ക്കാണ് രണ്ടാമത്തെ വൃക്ക ദാനം ചെയ്തത്. അച്ഛന്‍ മരിച്ചതോടെ പത്താം ക്ലാസ്സില്‍ പഠനം നിര്‍ത്തി റേഷന്‍കടയില്‍ ജോലിചെയ്യുകയാണ് സാദിഖ്. അമ്മയും രണ്ട് പെങ്ങന്മാരുമടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്നത് സാദിഖാണ്. ഇതിനിടെയാണ് വൃക്കകള്‍ തകരാറിലായത്. ഡയാലിസിസിലൂടെ ജീവിതം തള്ളിനീക്കുമ്പോഴാണ് കുടുംബത്തെ ഞെട്ടിച്ചുകൊണ്ട് ഒരു സഹോദരിക്കുകൂടി വൃക്കരോഗം ബാധിച്ചത്.

തുടര്‍ന്ന് അമ്മയുടെ ഒരു വൃക്ക മകള്‍ക്ക് നല്‍കി. സാദിഖ് അലിയാവട്ടെ കടുത്ത രോഗബാധയിലായിരുന്നു. ഈ സമയത്താണ് സരോജിനിയുടെ വൃക്ക സാദിഖിന് അനുയോജ്യമാണെന്നു കണ്ടെത്തിയത്.

സജിനും സാദിഖ് അലിയും ആരോഗ്യവാന്മാരായി ആസ്​പത്രി വിട്ടു. സരോജിനിയുടെ കണ്ണുകള്‍ അങ്കമാലി എല്‍.എഫ്. ആസ്​പത്രിക്ക് കൈമാറുകയും അതുവഴി രണ്ടു അന്ധര്‍ക്ക് കാഴ്ച പകരുകയും ചെയ്തു.

അവയവദാനം പ്രോത്സാഹിപ്പിക്കുന്ന 'സോര്‍ട്ടി'ന്റെ മേല്‍നോട്ടത്തിലാണ് അവയവദാനം നടന്നത്.മരണാനന്തരം അവയവദാനം ചെയ്യാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് സോര്‍ട്ടുമായി ബന്ധപ്പെടാം. ഫോണ്‍: 9388632630.



 

 




MathrubhumiMatrimonial