
ഗീതാദര്‍ശനം - 695
Posted on: 17 Jan 2011
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
അമ്പമ്പൊ, ഇത്രയൊക്കെ പാടുപെടണമെങ്കില്‍ ഞാനില്ല എന്നു പിന്തിരിയേണ്ടതില്ല. സത്യത്തില്‍ ഇതൊന്നും ഒരു പെടാപ്പാടല്ല എന്ന് അല്പാല്പമായി ശ്രമിച്ചു നോക്കിയാല്‍ അറിയാം. അറിവു കിട്ടുന്തോറും അതു കുറേശ്ശെയായി ജീവിതത്തില്‍ പ്രതിഫലിച്ചു തുടങ്ങും. സുഖവും ശാന്തിയും കിട്ടിത്തുടങ്ങും. ഇതില്‍ ജയവും തോല്‍വിയും ഇല്ല. ഓരോ ചെറിയ ശ്രമവും വലിയ ജയമാണ്. അവസാനപരീക്ഷയില്‍ ജയിക്കാന്‍ സാധിക്കായ്കയുമില്ല. സാധാരണക്കാര്‍ക്ക് അസാധ്യമെന്ന് പറഞ്ഞ് പേടിപ്പിച്ച് നമ്മെ ഈ സുവര്‍ണാവസരത്തില്‍നിന്ന് ആരെല്ലാമോ അകറ്റി നിര്‍ത്തിയിരിക്കുന്നു.
ആദ്യം പോകേണ്ടത് 'ഇതൊന്നും എന്നെക്കൊണ്ടാവില്ല, ഇതൊന്നും എനിക്കു പറഞ്ഞിട്ടില്ല' എന്ന തോന്നലാണ്. നമ്മെ നിയന്ത്രിക്കാനുള്ള എല്ലാ കോപ്പും നമ്മില്‍ത്തന്നെ ഉണ്ടെന്ന് അനുഭവിച്ചറിയാത്തവര്‍ ആരെങ്കിലുമുണ്ടോ? 'ഞാന്‍ വല്ല കടുംകൈയും ചെയ്തുപോയേനെ! ദൈവാധീനംകൊണ്ട്, ആകപ്പാടെ ആലോചിച്ചപ്പോള്‍ എന്നെ പിടിച്ചു നിര്‍ത്താന്‍ എനിക്കു കഴിഞ്ഞു!' എന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടില്ലാത്ത ആരുണ്ട്? 'നാവേ അവിടെ അടങ്ങിക്കിടന്നോ!' എന്ന് പരസ്യമായി സ്വയം ശാസിക്കുന്നവരെ കാണാറില്ലേ? കളിക്കാതെ, ചിരിക്കാതെ, ഉറങ്ങാതെ ഏകാഗ്രമായി പഠിക്കുന്നവരില്ലെ? മറ്റെല്ലാം മറക്കുന്ന ശാസ്ത്രജ്ഞരും കലാകാരന്‍മാരുമില്ലെ?
വിവിക്തസേവീ ലഘ്വാശീ
യതവാക്കായമാനസഃ
ധ്യാനയോഗപരോ നിത്യം
വൈരാഗ്യം സമുപാശ്രിതഃ
ശുദ്ധമായ സ്ഥലത്ത് കഴിഞ്ഞുകൂടുന്നവനായി (ജനങ്ങളുടെ ഇടയില്‍പ്പോലും വേറിട്ട ഒരു തനിമ ഉള്ളില്‍ നിലനിര്‍ത്തുന്നവനായി), ആവശ്യത്തിനു (കൂടുതലോ കുറവോ ഇല്ലാതെ) ആഹാരം കഴിക്കുന്നവനായി, വാക്ക്, ശരീരം, മനസ്സ് എന്നിവയെ തികച്ചു വശത്താക്കിയവനായി, ആത്മധ്യാനതത്പരനായി, ഇന്ദ്രിയസുഖങ്ങളില്‍ വിരക്തനായി......
ഏതൊരു കാര്യത്തിലും മനസ്സിരുത്തണമെങ്കില്‍ അതിനു സൗകര്യമുള്ളിടത്ത് ചെല്ലണം. അല്ലെങ്കില്‍ മനശ്ശക്തി നല്ലൊരളവും അലോസരങ്ങളോട് പടപൊരുതാന്‍ ചെലവാവും, ഏകാഗ്രത അത്രയും ക്ലേശകരമാകും. പ്രയത്‌നിച്ചാല്‍, ഏതു ബഹളത്തിനിടയിലും ഏകാഗ്രത കൈവരിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, ജീവശ്ശക്തി എന്തിന് വൃഥാവ്യയം ചെയ്യണം? സ്വസ്ഥതയുള്ള ഇടം തിരഞ്ഞെടുത്താല്‍ മതിയല്ലൊ.
