githadharsanam

ഗീതാദര്‍ശനം - 692

Posted on: 11 Jan 2011

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


ജ്ഞാനനിഷ്ഠയ്ക്ക് 'പരാ' എന്ന വിശേഷണം നല്‍കിയിരിക്കുന്നു. പുരുഷാര്‍ഥങ്ങളെല്ലാം അതില്‍ പര്യവസാനിക്കുന്നു എന്നും അതിനപ്പുറം നേടേണ്ടതായി ഒന്നുമില്ല എന്നും സാരം.

ബോധമില്ലാതെ അനുഭവം സാധ്യമല്ല. നമ്മുടെ അനുഭവങ്ങളെല്ലാം ബോധാനുഭവങ്ങളാണ്. ബോധം പോയി എന്നുപറഞ്ഞാല്‍ ആ ആള്‍ പിന്നെ ഒന്നും അറിയുന്നില്ല എന്നാണല്ലോ അര്‍ഥം. അപ്പോള്‍ ഒരു ചോദ്യം ഉദിക്കുന്നു. അറിയാനാവാത്തതെന്നാലും പരമാത്മസ്വരൂപം അനുഭവയോഗ്യമാണെന്ന് പറയപ്പെടുന്ന സ്ഥിതിക്ക് നമുക്ക് സാധാരണയായുള്ള ബോധംകൊണ്ട് എന്തുകൊണ്ട് ആ അനുഭവം സാധിക്കുന്നില്ല?

ഇതിന് ഉത്തരം കണ്ടെത്തണമെങ്കില്‍ 'ബോധം' എന്താണ് എന്ന് അറിയണം. ശരീരം കേന്ദ്രമായി നിന്നുകൊണ്ട് ''ഞാന്‍ അറിയുന്നു'' എന്ന അനുഭവത്തെയാണ് ബോധം എന്നു പറയുന്നത്. ഇന്ദ്രിയതലത്തിലുള്ള ലോകത്തെയാണ് ഇങ്ങനെ അറിയുന്നത്. തൊട്ടും അമര്‍ത്തിയും വേദനിച്ചും വെളിച്ചത്തിനെയും നിറങ്ങളെയും കണ്ടും ശബ്ദങ്ങള്‍ കേട്ടും സ്വാദ് അറിഞ്ഞും മണം പിടിച്ചും നാം അറിയുന്നു. ഇവയെത്തന്നെ ആസ്​പദമാക്കി മനസ്സും ബുദ്ധിയും പ്രവര്‍ത്തിക്കുന്നു. ശരീരം ആസ്​പദമാക്കി ഇരിക്കുന്ന ഈ ബോധമാണ് ആത്മാവില്‍നിന്നും പ്രപഞ്ചത്തില്‍നിന്നും വേറെയായി ഇരുന്ന് അനുഭവിക്കുന്ന 'ഞാന്‍'. ജാഗ്രദവസ്ഥയില്‍ (ഉണര്‍ന്നിരിക്കുമ്പോള്‍) ഈ ബോധത്തിലൂടെ ഇന്ദ്രിയതലത്തിലുള്ള 'പുറംലോക'ത്തെ അറിഞ്ഞ് ബഹിര്‍മുഖമായി നാം ഇരിക്കുന്നു. ഇന്ദ്രിയങ്ങളെയും മനസ്സിനെയും ആസ്​പദമാക്കി പുറമെയുള്ള കാര്യങ്ങള്‍ അറിയുന്നു. അതായത്, ബോധം ((consciousness) ഇന്ദ്രിയങ്ങളായും മനസ്സിനെയും ബുദ്ധിയെയും ആശ്രയിച്ചു നില്‍ക്കുന്ന ഒരു താത്കാലിക അവസ്ഥയാണ്.

സ്വപ്നാവസ്ഥയില്‍ ഇന്ദ്രിയങ്ങള്‍ ഉറങ്ങുന്നു. പക്ഷേ, മനസ്സ് ഉണര്‍ന്നാണ് ഇരിക്കുന്നത്. കാണുന്നത് സ്വപ്നമാണെങ്കിലും സത്യമായി തോന്നുന്നു.സുഷുപ്തി ഗാഢനിദ്രയാണ്. അപ്പോള്‍ ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും പ്രവര്‍ത്തനരഹിതമാണ്. ഒന്നും അറിയുന്നില്ല. അബോധാവസ്ഥയും ഇങ്ങനെതന്നെ.

(തുടരും)



MathrubhumiMatrimonial