githadharsanam

ഗീതാദര്‍ശനം - 689

Posted on: 09 Jan 2011

സി. രാധാകൃഷ്ണന്‍



മോക്ഷസംന്യാസയോഗം


എല്ലാവര്‍ക്കും ഡോക്ടറോ എന്‍ജിനീയറോ അല്ലെങ്കില്‍ ഭരണാധികാരിയോ ആകണമെന്നു തോന്നിയാല്‍, ഇവര്‍ക്കിടയില്‍ ഇതിനൊക്കെയായി സ്വഭാവപ്രകൃതമുള്ളവര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും അവര്‍ ലക്ഷ്യം നേടിയാലുമില്ലെങ്കിലും നിത്യമായ അശാന്തിയും വിഷമങ്ങളും മിച്ചം. സമൂഹത്തിനോ പറഞ്ഞാല്‍ ഒടുങ്ങാത്ത ദുരിതം ഫലശ്രുതി.

സഹജം കര്‍മ കൗന്തേയ
സദോഷമപി ന ത്യജേത്
സര്‍വാരംഭാ ഹി ദോഷേണ
ധൂമേനാഗ്‌നിരിവാവൃതാഃ

അല്ലയോ കുന്തീപുത്രാ, ദോഷമുള്ളതെന്നു തോന്നിയാലും സ്വഭാവനിയതമായ കര്‍മം ത്യജിച്ചുകൂടാ. എന്തെന്നാല്‍, എല്ലാ കര്‍മങ്ങളും തീ പുകയാലെന്നപോലെ ദോഷത്താല്‍ ആവരണം ചെയ്യപ്പെട്ടാണ് ഇരിക്കുന്നത്.

സമവസ്ഥിതമാണ് പരംപൊരുള്‍. എല്ലാ കര്‍മവും തുടങ്ങുന്നതോ, പ്രകൃതിസ്​പന്ദത്തിലും. അതിനാല്‍, പരംപൊരുളിന്റെ അവസ്ഥയില്‍നിന്നുള്ള വ്യതിയാനമാണ് കര്‍മം. അതായത്, എല്ലാ കര്‍മവും ആത്യന്തികസത്യാവസ്ഥയ്ക്ക് മറയായി ഭവിക്കുന്നു.

താത്ത്വികമായ ഈ അര്‍ഥത്തിനു പുറമെ ലൗകികതലത്തില്‍ പ്രസക്തമായ മറ്റൊരു അര്‍ഥംകൂടി ഈ പദ്യത്തിനുണ്ട്. ഒരു ന്യായാധിപനെ നോക്കുക. അദ്ദേഹം പലപ്പോഴും പലരെയും വധശിക്ഷയ്ക്ക് വിധിക്കുന്നു. ശിക്ഷാവിധിക്കു പിന്നിലെ ഹിംസ പാപമാണ് എന്നു കരുതി അദ്ദേഹം ഒഴിഞ്ഞുമാറിയാലോ?രക്ഷയായാലും ശിക്ഷയായാലും ഒരു ദോഷവും ആര്‍ക്കുമൊന്നിനും വരാതെ കര്‍മം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. ബലപ്രയോഗത്തിലാണ് കര്‍മം ആരംഭിക്കുന്നത്. മറ്റേതെങ്കിലും ബലത്തെ മറികടന്നാലേ, അഥവാ ഹിംസിച്ചാലേ, ഏതൊരു കര്‍മവും നിറവേറൂ. മറികടന്നു മുന്നേറുന്ന ഈ ബലം പ്രയോഗിക്കുന്നത് 'ഞാന്‍' എന്ന കര്‍ത്താവാണ്. ആ കര്‍ത്താവിന്റെ പിറവിയും നിലനില്പും സമവസ്ഥിതബലവുമായുള്ള സാരൂപ്യത്തിന് മാര്‍ഗവിഘ്‌നങ്ങളുമാണ്.

(തുടരും)



MathrubhumiMatrimonial