ഇത് ചെമ്പ്ര: സാഹസികരായ പ്രകൃതിസ്നേഹികള്‍ക്ക് സ്വാഗതം

Posted on: 07 Jan 2011

ടി.പി. ബാലകൃഷ്ണ പിള്ള



സാഹസികരായ പ്രകൃതിസ്നേഹികള്‍ക്ക് മനസ്സും ഹൃദയവും നിറയെ വിഭവങ്ങളൊരുക്കി ഒരു ഗിരിനിര ക്ഷണിക്കുന്നു. പച്ചപ്പട്ടു വിരിച്ച പുല്‍മേടുകളും ഷോലക്കാടുകളും ഇലപൊഴിയും കാടുകളും കോടമഞ്ഞും എല്ലാറ്റിനും മധ്യേ മലനിരയുടെ ഹൃദയം പോലൊരു തെളിനീര്‍ തടാകവും. ഇതാണ് ചെമ്പ്രാപീക്ക്. താമരശ്ശേരി ചുരം കയറി വയനാടിന്റെ ആസ്ഥാനമായ കല്പറ്റയിലെത്തുമ്പോള്‍ത്തന്നെ ചെമ്പ്രയെന്ന പശ്ചിഘട്ടത്തിന്റെ മനോഹരദൃശ്യം കാണാനാകും.

സമുദ്രനിരപ്പില്‍നിന്ന് 1800 മീറ്റര്‍ ഉയരത്തിലാണ് ചെമ്പ്രാപീക്ക്. ഉയരത്തില്‍ ആനമുടിക്കു തൊട്ടുതാഴെ രണ്ടാമനാണ് ചെമ്പ്രയെന്ന വയനാടന്‍ ഹിമവാന്‍.

സംസ്ഥാന വനംവകുപ്പിന്റെ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനു കീഴില്‍ വരുന്നതാണ്. 2000 മുതല്‍ 3000 മില്ലിമീറ്റര്‍ മഴ വര്‍ഷത്തില്‍ ലഭിക്കുന്നു. 1971 വരെ ചെമ്പ്ര എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള വനഭാഗങ്ങളായിരുന്നു. 1971-ലെ സ്വകാര്യവന ദേശസാല്‍കൃതനിയമം വന്നില്ലായിരുന്നുവെങ്കില്‍ പ്രകൃതിയുടെ വരദാനമായ ഇവിടം നഷ്ടപ്പെടുമായിരുന്നു. നവംബര്‍ മുതല്‍ ജനവരി വരെ പ്രഭാതങ്ങളില്‍ മഞ്ഞില്‍ മുങ്ങുന്ന ചെമ്പ്രമലയില്‍ നല്ല കാറ്റുമുണ്ടാകും.

കല്പറ്റയില്‍നിന്നു മേപ്പാടിയിലെത്തി ഏഴുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചെമ്പ്രയുടെ താഴ്‌വാരത്തിലെത്താം. തുടര്‍ന്ന് 'എസ്റ്റേറ്റ് റോഡി'ലൂടെ മലനിരയിലേക്ക്. ഇതിനിടയില്‍ വനംവകുപ്പിന്റെ അനുമതിയും മറ്റുംആവശ്യമാണ്. ഇവിടെത്തന്നെ ഇതിനുള്ള ക്രമീകരണങ്ങളുമുണ്ട്. പാറയിടുക്കുകളിലൂടെ ഒഴുകുന്ന അരുവിയും ഇളംകാറ്റും യാത്ര മറക്കാനാവാത്ത അനുഭവമാക്കും.

ഈട്ടി, വെണ്‍തേക്ക്, ചടച്ചി എടല, ഞാവല്‍, ചുവന്നകില്‍, കുന്നി, വാക, നെല്ലി, അയനി, കുളിര്‍മാവ്, എലമംഗലം തുടങ്ങിയ മരങ്ങളും കറപ്പ, ഞാവല്‍, മരോട്ടി തുടങ്ങിയങ്ങിയവ ഷോലക്കാട്ടിലും കാണാം. കാട്ടുകുരുമുളക്, ശതാവരി, നന്നാറി, കുറുന്തോട്ടി, ചുണ്ട തുടങ്ങി നിരവധി അപൂര്‍വയിനം പച്ചമരുന്നുകളും പശ്ചിമഘട്ടത്തിലെ ഉയര്‍ന്ന മേഖലകളില്‍ മാത്രം കാണുന്ന അനവധിയായ അപൂര്‍വയിനം ഓര്‍ക്കിഡുകളും ചെമ്പ്രയ്ക്ക് സ്വന്തമാണ്. നീലക്കുറിഞ്ഞിയും ചെമ്പ്രയുടെ മലവാരങ്ങളില്‍ പൂവിട്ടിട്ടുണ്ട്.

കരിങ്കുരങ്ങ്, സാമ്പര്‍, കാട്ടുപന്നി, കാട്ടാട്, മുയല്‍, കുരങ്ങ്, കൂരമാന്‍, മുള്ളന്‍പന്നി, കാട്ടുനായ, പുള്ളിപ്പുലി തുടങ്ങിയ മൃഗങ്ങളും മൈന, തത്ത, പരുന്ത്, കൂമന്‍, കാട്ടുകോഴി, മരംകൊത്തി, ഉഗ്രവിഷമുള്ള പാമ്പുകള്‍ എന്നിവയും ചെമ്പ്രയിലെ താമസക്കാരാണ്.

ചെമ്പ്ര ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമാണ്. മലയുടെ മുകളിലെ തടാകമായ ഹൃദയസരസ്സ് ഏതു കൊടും വേനലിലും ജല സമൃദ്ധമാണ്. ഒരുഘട്ടത്തില്‍ ചെമ്പ്രയിലെ പുല്‍മേട്ടില്‍ വനം വകുപ്പ് അക്കേഷ്യ തൈകള്‍ നട്ടെങ്കിലും അതില്‍ ഒന്നുപോലും അവിടെ നിര്‍ത്താന്‍ പ്രകൃതിസംരക്ഷണസമിതി അനുവദിച്ചില്ല. അനുവദിച്ചിരുന്നുവെങ്കില്‍ പുല്‍മേടിന്റെ നാശത്തിന് വഴിയൊരുക്കുമായിരുന്നു.

ചെമ്പ്ര ഗിരിശൃംഗത്തിലെ പ്രകൃതി സൗന്ദര്യം ബ്രിട്ടീഷുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. മലയിലെ പുല്‍മൈതാനം ഇംഗ്ലീഷുകാര്‍ ഗോള്‍ഫ്‌കോര്‍ട്ടായും ഉപയോഗിച്ചിരുന്നതാണ്. ഇവിടേക്ക് കുതിരപ്പാത തന്നെയുണ്ടായിരുന്നു. ചെമ്പ്രയില്‍നിന്നു സൂര്യാസ്തമയം കാണുന്നത് സഞ്ചാരികള്‍ക്ക് ഇതില്‍പ്പരം മറ്റൊരു അനുഭവമുണ്ടാകില്ല. അത്രയ്ക്ക് മനോഹരമാണ്.

വേനല്‍ക്കാലം ചെമ്പ്രയിലെ പുല്‍മേടുകളുടെ പേടിസ്വപ്നമാണ്. സഞ്ചാരികളുടെ അശ്രദ്ധയാലും മനഃപൂര്‍വമായിപ്പോലും കാട്ടുതീ പലപ്പോഴും പടരാറുണ്ട്. ചെമ്പ്രയിലെ സസ്യമൃഗസമ്പത്തിന് കനത്ത നാശം വിതച്ചാണ് ഓരോ തവണയും അഗ്‌നിയടങ്ങുക. വനം വകുപ്പിന്റെയും മറ്റും ശ്രദ്ധ ഇപ്പോള്‍ ഇതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ടൂറിസത്തിന് അനന്ത സാധ്യതകളുള്ളതാണ് ചെമ്പ്രാപീക്ക്. വേനല്‍ രൂക്ഷമാകുന്ന ഘട്ടങ്ങളില്‍ ഇവിടേക്ക് വനംവകുപ്പ് സന്ദര്‍ശകരെ കടത്തിവിടാറില്ല. ഇപ്പോള്‍ ഇവിടേക്ക് സന്ദര്‍ശകര്‍ധാരാളമായി എത്തുന്നുണ്ട്.

ഫോട്ടോകള്‍: വി.ഡി. മോഹന്‍ദാസ്,







MathrubhumiMatrimonial