
ഗീതാദര്‍ശനം - 688
Posted on: 06 Jan 2011
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
കാരണം, അതു ചെയ്താല്‍ പാപമുണ്ടാകും. പ്രകൃതി നല്‍കുന്ന കര്‍മചോദനയാണ് സ്വഭാവം. ആ വഴിയെ ഒഴുകാനാണ് ജീവിതം എന്ന പുഴ ഉത്ഭവിച്ചത്. അര്‍ജുനനെ സംബന്ധിച്ചിടത്തോളം, ആ പുഴ ഇനിയങ്ങോട്ട് ഒഴുകേണ്ടുന്ന വഴിയും ചുറ്റുപാടും പ്രകൃതി ഒരുക്കിക്കഴിഞ്ഞു. ഈ യുദ്ധം ഇല്ലാതാക്കാന്‍ അര്‍ജുനന് കഴിയില്ല. സഹോദരങ്ങളെയും അതുവഴി ധര്‍മത്തെയും തോല്‍ക്കാന്‍ വിട്ടിട്ട് സന്ന്യസിക്കുകയെന്നത് സാധ്യവുമല്ല. യുദ്ധം പ്രാകൃതമാണെന്നു വെച്ച്, രാജ്യത്തിനു വേണ്ടി പൊരുതാനുള്ള പട്ടാളക്കാരന്‍ പോയി സന്ന്യസിക്കയല്ല വേണ്ടത്. സ്വഭാവമനുസരിച്ചുള്ള ഈ കര്‍മം അര്‍ജുനന്‍ ചെയ്യാതിരുന്നാല്‍ എന്തുണ്ടാകുമെന്ന് ഈ അധ്യായത്തിലെ 59-ഉം 60-ഉം ശ്ലോകങ്ങളില്‍ ഇനി വിസ്തരിച്ച് പറയുന്നുണ്ട്. ആത്മനാശവും സംഘര്‍ഷവുമാണ് ഫലം.
താന്താങ്ങളുടെ സ്വഭാവത്തിനിണങ്ങുന്ന പണിയല്ല ഇന്ന് ലോകത്ത് മിക്കവരും ചെയ്യുന്നത്. തന്റെ പ്രകൃതത്തിനനുസരിച്ചും സാഹചര്യങ്ങള്‍ക്കനുസരിച്ചും കര്‍മങ്ങള്‍ തിരഞ്ഞെടുക്കാനോ പഠിക്കാനോ ചെയ്യാനോ മഹാഭൂരിപക്ഷത്തിനും സമ്മതമല്ല. അതിനു പകരം, മോഹങ്ങള്‍ നിറവേറ്റാനുള്ള തത്രപ്പാടില്‍ കണ്ടുകിട്ടാവുന്ന തൊഴിലിന് സ്വയം പാകപ്പെടുത്താന്‍ ശ്രമിക്കുന്നു.
തൊഴിലുകള്‍ക്ക് ഉച്ചനീചത്വം കല്പിക്കുന്ന, പണവും സ്ഥാനവും പ്രധാനമായി കരുതുന്ന, അജ്ഞാനമോഹിതമായ സമൂഹത്തില്‍ ഈ വഴിക്ക് ഇറങ്ങിത്തിരിക്കാന്‍ ഓരോരുത്തരും നിര്‍ബന്ധിതരായിത്തീരുന്നു. തുണിയുടെ ലഭ്യതയ്ക്ക് അനുസരിച്ച് തയ്ച്ച ഉടുപ്പു ധരിക്കാന്‍ ദേഹത്തെ അമര്‍ത്തിയോ അറുത്തോ പാകമാക്കുന്നപോലെ. അതിനാല്‍ സന്തോഷവും ചാരിതാര്‍ഥ്യവും വിരളം. കോപതാപങ്ങള്‍ ധാരാളം. പ്രതിഫലം മാത്രമാണ് പ്രമാണം. ഇതിന്റെയൊക്കെ നീക്കിബാക്കിയോ? വ്യര്‍ഥതാബോധവും ഒടുങ്ങാത്ത ആര്‍ത്തിയും മാത്രം.
(തുടരും)
