
ഗീതാദര്‍ശനം - 687
Posted on: 06 Jan 2011
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
സ്വഭാവനിയതമായ കര്‍മം തിരിച്ചറിയാന്‍ എളുപ്പമാര്‍ഗമുണ്ട്. അത് ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷവും ലയവും നോക്കിയാല്‍ മതി. ഏതു പണി ചെയ്യുമ്പോഴാണോ ഏറ്റവും കൂടുതല്‍ ലയവും സന്തോഷവും കിട്ടുന്നത് ആ പണിയാണ് ഒരാളുടെ സ്വഭാവാനുസാരമായ കര്‍മം അഥവാ സ്വധര്‍മം.
ഉദാഹരണമായി അര്‍ജുനന്റെ കാര്യംതന്നെ എടുക്കാം. യുദ്ധം അര്‍ജുനന് സ്വഭാവാനുസാരിയായ കര്‍മമാണ്. ആയോധനവിദ്യ അഭ്യസിക്കുമ്പോഴേ ഇക്കാര്യം അര്‍ജുനനും ഗുരുനാഥര്‍ക്കും ലോകത്തിനും ബോധ്യപ്പെട്ടു. അര്‍ജുനന്റേതല്ലാത്ത കര്‍മങ്ങളുടെ ഫലമായി ഈ യുദ്ധം അര്‍ജുനന്റെ മുമ്പില്‍ സാഹചര്യങ്ങളുടെ അനിവാര്യതയോടെയും സമൂഹത്തിന്റെ ആവശ്യമായും വന്നെത്തുകയും ചെയ്തു. സാരഥി ഈശ്വരനായതിനാല്‍ ഇത് ധര്‍മയുദ്ധമാണ്. പിന്നെ, പൊരുതുമ്പോഴത്തെ മനോഭാവം അഹന്തയോ വിദ്വേഷമോ ആണോ, അതോ, ഈശ്വരാര്‍പ്പണമാണോ? സാരഥിയെ പരമഗുരുവായി അംഗീകരിച്ചതില്‍പ്പിന്നെ അര്‍ജുനന് ഈശ്വരാര്‍പ്പണഭാവമാണ്.
ഇങ്ങനെയിരിക്കെ അര്‍ജുനന് ഈ യുദ്ധം അഥവാ വേണ്ടത്ര നന്നായി ചെയ്യാന്‍ കഴിഞ്ഞില്ല എങ്കിലോ? മരണംതന്നെ സംഭവിച്ചാലോ? അതല്ല, അതിലേറെയും സംഭവിക്കുമെന്നു വന്നാലും സ്വധര്‍മംതന്നെ ചെയ്യുകയാണ് കൂടുതല്‍ ശ്രേയസ്‌കരമെന്നാണ് ഇവിടെ പറയുന്നത്. അല്ലാതെ, സന്ന്യസിച്ച് ഭിക്ഷാപാത്രവുമായി നടക്കലല്ല. മറ്റു പല സന്ന്യാസിമാരേക്കാളും നന്നായി അതു ചെയ്യാന്‍ അര്‍ജുനന് കഴിഞ്ഞെന്നിരിക്കും. എങ്കില്‍പ്പോലും അതല്ല അഭികാമ്യം.
(തുടരും)
