
ഗീതാദര്‍ശനം - 686
Posted on: 05 Jan 2011
സി. രാധാകൃഷ്ണന്‍
മോക്ഷസംന്യാസയോഗം
സമൂഹത്തില്‍ മൊത്തമായുള്ള ശാന്തിയും സന്തോഷവുമാണ് സമൂഹാരോഗ്യലക്ഷണം. അതു പ്രകടമാകുന്നത് പരസ്പരസഹായസന്നദ്ധതയിലൂടെയാണ്. അതില്ലാതെ പുറമേ കുറെ അംബരചുംബികളും ആഡംബര കാറുകളും ഉണ്ടോ എന്നു നോക്കി സമൂഹപുരോഗതി വിലയിരുത്താനാവില്ല. ഇവയൊന്നും വേണ്ട എന്നല്ല. പക്ഷേ, ഇവയേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നത് സമൂഹത്തിന്റെ മൊത്തമായ ജീവിതസ്ഥിതിയാണ് (ഗുണനിലവാരം). ഇതാണ് ആധുനിക സാമ്പത്തികശാസ്ത്രത്തില്‍ ഭാരതീയ തത്ത്വവിചാരത്തിനു നല്‍കാന്‍ കഴിയുന്ന തിരുത്ത്. ഭാരതംതന്നെയാണ് ഇത് പ്രാവര്‍ത്തികമാക്കി ലോകത്തിന് കാണിച്ചു കൊടുക്കേണ്ടതും ഈ സ്ഥിതി കൈവരിക്കാനുള്ള സംവിധാനങ്ങള്‍ ഇപ്പോഴേ നമുക്കുണ്ട്. ലക്ഷ്യബോധത്തിന്റെ അഭാവമാണ് പ്രകടം.
സ്വധര്‍മമായ കര്‍മം, ഒരു പരിഗണന വെച്ചും അനഭിലഷണീയമല്ല എന്നു മാത്രമല്ല അതില്‍നിന്നു മാറരുത് എന്നാണ് ഗീത നിഷ്‌കര്‍ഷിക്കുന്നത്. എന്തുകൊണ്ടെന്നാല്‍
ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ
പരധര്‍മാത് സ്വനുഷ്ഠിതാത്
സ്വഭാവനിയതം കര്‍മ
കുര്‍വ്വന്‍ നാപ്‌നോതി കില്‍ബിഷം
വേണ്ടത്ര നന്നായി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്വധര്‍മം, നന്നായി ചെയ്യാനൊത്ത പരധര്‍മത്തേക്കാള്‍, ശ്രേയസ്‌കരമാണ്. (എന്തുകൊണ്ടെന്നാല്‍) സ്വഭാവനിയതമായി നിശ്ചയിക്കപ്പെടുന്ന കര്‍മം ചെയ്താല്‍ പാപം വന്നു ചേരുന്നില്ല.
(തുടരും)
