goodnews head

വഴിയോരങ്ങള്‍ക്ക് വിരുന്നായ് സ്‌നേഹത്തിന്റെ പൊതിച്ചോറ്‌

Posted on: 16 Jul 2008


പള്ളുരുത്തി സെന്റ് അലോഷ്യസ് കോണ്‍വെന്റ് സ്‌കൂളിലെ കുട്ടികള്‍ ആഴ്ചയിലൊരിക്കല്‍ പുസ്തകസഞ്ചിയില്‍ ഒരു പൊതി ചോറ് കൂടുതല്‍ കരുതിയാണ് സ്‌കൂളിലേക്ക് വരുന്നത്. സ്നേഹത്തിന്റെ ഈ പൊതിച്ചോറ് വഴിയോരത്ത് വിശന്നുപൊരിയുന്നവര്‍ക്ക് വിരുന്നാണ്.

ബുധനാഴ്ചകളിലാണ് കുട്ടികള്‍ പൊതിച്ചോറുമായി വരുന്നത്. 350 ലേറെ പൊതികളാണുണ്ടാകുക. ഓരോ ആഴ്ചയിലും പദ്ധതിയില്‍ പങ്കാളികളാകേണ്ട ഡിവിഷനും നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. കുട്ടികള്‍ കൊണ്ടുവരുന്ന ചോറുപൊതികള്‍ കൊച്ചി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെഹിയോന്‍ പ്രേഷിതസംഘം പ്രവര്‍ത്തകരാണ് വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് എത്തിക്കുന്നത്.

ഓട്ടോറിക്ഷയില്‍ ചോറുപൊതികളുമായി സംഘാംഗങ്ങള്‍ കൊച്ചിയിലെമ്പാടും കറങ്ങും. വഴിയോരത്ത് അന്നമില്ലാതെ കഴിയുന്നവര്‍ക്ക് രണ്ടുപൊതികള്‍ വീതം സമ്മാനം. രണ്ടുനേരം കഴിക്കാനാണിതെന്ന് സെഹിയോന്‍ സംഘത്തിന് നേതൃത്വം നല്‍കുന്ന ഫാ.ആന്റണി കൊച്ചുകരിയില്‍, എം.എക്‌സ്.ജൂഡ്‌സണ്‍ എന്നിവര്‍ പറഞ്ഞു.

സ്നേഹം പങ്കുവെയ്ക്കുന്നതിനെക്കുറിച്ച് കുഞ്ഞുങ്ങളില്‍ അറിവുണ്ടാകുന്നതിനും, അവരില്‍ സാമൂഹികമായ പ്രതിബദ്ധതയുണ്ടാവുന്നതിനുമാണ് സ്‌കൂളില്‍ ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയില്‍ കുട്ടികള്‍ ഉത്സാഹത്തോടെയാണ് പങ്കെടുക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സൂസി പറഞ്ഞു.

നേരത്തെ പള്ളുരുത്തി സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ഈ പദ്ധതി നടപ്പാക്കിയിരുന്നു.

 

 




MathrubhumiMatrimonial