
ഗീതാദര്‍ശനം - 681
Posted on: 31 Dec 2010
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
ചൂഷണം ചെയ്യപ്പെടുന്ന പാവപ്പെട്ടവനോ, അവന്റെ ഏക ആശ്രയം അവന്റെ തൊഴിലായിത്തീരുന്നു. ശമ്പളത്തിനു വേണ്ടി മാത്രമാണ് ജോലി ചെയ്യുന്നത്. അതിനാല്‍, പണിശാലയില്‍ അയാള്‍ അന്യനാണ്. ശമ്പളം കൂടുതല്‍ ചോദിച്ചാല്‍ പിരിച്ചുവിടപ്പെടുമെന്നറിയാം. ഇതേ കൂലിക്കോ അതിലും കുറവിനോ ജോലി ചെയ്യാന്‍ ആളുണ്ടെന്ന അറിവ് ഇതരമനുഷ്യരില്‍നിന്നും അവനെ അന്യനാക്കുന്നു. ഈ പരാധീനത അവന്റെ വിലപേശല്‍ക്കഴിവിനെ പ്രതികൂലമായി ബാധിക്കുന്നു. അവന്റെതന്നെ പ്രയത്‌നഫലമായുള്ള ഉത്പന്നങ്ങള്‍ക്ക് അവന്‍ ആവശ്യത്തിലേറെ വില നല്‍കേണ്ടിയും വരുന്നു. സമൂഹത്തിനോ പ്രപഞ്ചത്തിനോ യഥാര്‍ഥത്തില്‍ ഹിതകരമാണ് തന്റെ അധ്വാനഫലം എന്നുറപ്പില്ല. അതിനാല്‍ ബാഹ്യലോകത്തില്‍നിന്ന് അയാള്‍ അന്യനാവുന്നു. അയാള്‍ക്കൊരു സമൂഹമില്ലാതാവുന്നു.
പ്രകൃതിയില്‍ അതിന്റെ ഊടും പാവുമായി ഇഴ ചേരുന്നതിനു പകരം മനുഷ്യന്‍, ചൂഷകനായാലും ചൂഷിതനായാലും ഇങ്ങനെ അന്യവത്കരിക്കപ്പെടുമ്പോള്‍ ജീവിതം നിരര്‍ഥമാവുന്നു. പൊളിക്കാനാവാത്ത ഒരു വലയായിത്തീരുന്നു ഈ ഏടാകൂടം. ജോലിക്കാരുടെ അശരണത്വം കൂടുന്തോറും കൂലി കുറയുന്നു. നല്‍കപ്പെടാത്ത കൂലിഭാഗം മൂലധനമായി മാറി അതുപയോഗിച്ച് കൂടുതല്‍ അന്യവത്കരണാലയങ്ങള്‍ ഉണ്ടാവുന്നു. ഇല്ലാത്തവന്റെ ഇല്ലായ്മയും ഉള്ളവന്റെ ഉള്ളായ്മയും പെരുകാന്‍ ഈ സാഹചര്യം ഇടയാക്കുന്നു. അതൃപ്തിയും വിദ്വേഷവും സംശയവും ഭയവും സമൂഹത്തെ ഭരിക്കുന്നു. ആര്‍ക്കുമില്ല സന്തോഷം എന്ന സ്ഥിതി സംജാതമാകുന്നു.
അന്യവത്കരണത്തിന്റെ ശമ്പളമാണ് ഈ 'ലാഭം.' കാരണം, മിച്ചവരുമാനമായ അത് സഹജീവികളില്‍നിന്ന് അന്യനാകാതെ ആര്‍ജിക്കാനാവില്ല. മറ്റുള്ളവര്‍ തന്നേക്കാള്‍ എത്ര ദരിദ്രരായിരുന്നാലും അവരുടെകൂടി വിഹിതം കിട്ടിയാലേ ലാഭം പെരുകൂ?
(തുടരും)
