
ഗീതാദര്‍ശനം - 677
Posted on: 27 Dec 2010
സി. രാധാകൃഷ്ണന്‍
മോക്ഷസംന്യാസയോഗം
യഥാര്‍ഥത്തില്‍ ഓരോ വ്യക്തിയും ഓരോ പ്രത്യേകവ്യതിയാനമാണ്. ഓരോരുത്തനും തന്റേതും പ്രത്യേകവുമായ 'മതം' ഉണ്ട്. നേരറിവു നേടുന്നതിലുള്ള പുരോഗതി അനുസരിച്ച് ഓരോരുത്തനിലും ഈ 'മതം' പക്വമാവുന്നു.
കൃഷിഗൗരക്ഷ്യവാണിജ്യം
വൈശ്യകര്‍മസ്വഭാവജം
പരിചര്യാത്മകം കര്‍മ
ശൂദ്രസ്യാപി സ്വഭാവജം
കൃഷി, മൃഗപരിപാലനം, കച്ചവടം ഇവയാണ് സ്വാഭാവികമായ വൈശ്യകര്‍മങ്ങള്‍. ശൂദ്രന് ആകട്ടെ, (മറ്റുള്ളവരെ) ശുശ്രൂഷിക്കുന്നതു സംബന്ധിച്ചുള്ളതാണ് സ്വാഭാവികമായ കര്‍മം.
സമൂഹജീവിയാണല്ലോ മനുഷ്യന്‍. സമൂഹത്തിന് രക്ഷ വേണം, അകമേ ക്രമസമാധാനം പുലരണം. എല്ലാവര്‍ക്കും ആവശ്യമായ പരാപരാവിദ്യകള്‍ അറിവായി നിലനില്‍ക്കണം. സമൂഹത്തിന് അടിസ്ഥാനാവശ്യങ്ങള്‍ നിറവേറാനുള്ള ഉത്പാദനവും വിതരണവും വേണം.
കച്ചവടം നടത്താന്‍ സ്വാഭാവികമായി കഴിവുള്ളവരും കഠിനാധ്വാനികളും നീതിന്യായങ്ങള്‍ ഉള്‍ക്കൊണ്ട് തനിക്കും സമൂഹത്തിനും ഉത്കര്‍ഷമുണ്ടാകണമെന്ന് താത്പര്യപ്പെടുന്നവരും ആണ് വൈശ്യര്‍. രജോഗുണപ്രധാനമായ ആര്‍ത്തിയും തമോഗുണപ്രധാനമായ ആലസ്യവും അമാന്തവും ഇത്തരം ജോലിക്കു നിരക്കുന്നതല്ല. കച്ചവടത്തില്‍ രജോഗുണാധിക്യമോ തമോഗുണാധിക്യമോ വരാതെ സൂക്ഷിച്ചാല്‍ ഇവരും ബ്രഹ്മജ്ഞാനത്തിന് തുല്യ അര്‍ഹതയുള്ളവരാണ്.
ശൂദ്രരില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സാങ്കേതികവിദഗ്ധര്‍, കര്‍ഷകത്തൊഴിലാളികള്‍, യന്ത്രങ്ങളും വാഹനങ്ങളും പ്രവര്‍ത്തിപ്പിക്കുന്ന അധ്വാനശീലര്‍ എന്നു തുടങ്ങി പരിസരശുദ്ധി വരുത്താന്‍ അഴുക്കുകളുമായി ഇടപഴകുന്നവര്‍ വരെയുള്ള മഹാസേവകരുടെ നിര നീളുന്നു.
ഒരു പണിയും ചെയ്യാതെ വലിയ കസേരയില്‍ കയറി ഇരിക്കുന്നവനെ ആഢ്യനായും ഏറ്റവും മുഖ്യമായ ജോലി ചെയ്യുന്നവനെ മൂഢനായും കാണുന്നതാണ് ഏറ്റവും അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണം.
ഏതെങ്കിലും ഒരു വിഭാഗത്തിന് മറ്റുള്ളവരേക്കാള്‍ രജോഗുണമോ തമോഗുണമോ കൂടുതലാണ് എന്നല്ല ശരിയായ അര്‍ഥം. ഗുണങ്ങളുടെ ചേരുവകള്‍ക്കാണ് വ്യത്യാസം. ഇതാകട്ടെ, പ്രതിജനഭിന്നവുമാണ്. ഗുണച്ചേരുവയ്ക്കനുസരിച്ചുള്ളതും സമൂഹത്തിനാവശ്യവുമായ സ്വാഭാവികകര്‍മം ചെയ്യുമ്പോഴും യജ്ഞഭാവനയോടെയും നിസ്സംഗരായും വേണം അത് അനുഷ്ഠിക്കാന്‍.
(തുടരും)
