
ഗീതാദര്‍ശനം - 675
Posted on: 15 Dec 2010
സി. രാധാകൃഷ്ണന്‍
മോക്ഷസംന്യാസയോഗം
തന്നേക്കാള്‍ ബലവാനായ ആളെപ്പോലും നേരിടാനുള്ള മനക്കരുത്താണ് ശൗര്യം. തികഞ്ഞ ആത്മവിശ്വാസം നോട്ടത്തിലും നടപ്പിലും പ്രതിഫലിക്കുന്ന അവസ്ഥയാണ് തേജസ്സ്. ധൃതി എന്നാല്‍ ഏത് ക്ലേശത്തെയും താങ്ങാനുള്ള മനക്കരുത്ത്. ധൃതിയുള്ളവന്‍ ഒരിക്കലും തളരുന്നില്ല. പ്രൊമിത്തിയൂസും ഭഗീരഥനുമൊക്കെ ഉദാഹരണം. സന്ദര്‍ഭത്തിനനുസരിച്ച് വേണ്ടതു ചെയ്യാനുള്ള സാമര്‍ഥ്യമത്രേ ദാക്ഷ്യം. കിട്ടുന്നത് തനിക്കായി സൂക്ഷിക്കാതെ അശരണര്‍ക്കു നല്‍കുന്ന സ്വഭാവമാണ് ദാനശീലം. മറ്റുള്ളവരെ എന്ത് ആപത്തില്‍നിന്നും രക്ഷിക്കും എന്ന ആത്മവിശ്വാസത്തോടെയുള്ള കര്‍ത്തവ്യബോധമാണ് ഈശ്വരഭാവം.
തങ്ങളുടെ സമൂഹങ്ങളെ പ്രകൃതിക്ഷോഭങ്ങളില്‍നിന്നും ഭീകരങ്ങളായ ജീവികളുടെ ആക്രമണത്തില്‍നിന്നും മറ്റും രക്ഷിച്ച് ക്ഷേമത്തിലേക്കു നയിച്ചവരെ എല്ലാ പുരാണങ്ങളിലും കാണാം. സമൂഹത്തിനകത്ത് ഇവര്‍ നീതി നടപ്പാക്കുകയും ചെയ്തു. ഈ പദവിയാണ് പില്‍ക്കാലത്ത് രാജാക്കന്‍മാര്‍ ഏറ്റെടുത്തത്. പക്ഷേ, രാജാവിന്റെ മകന്‍ രാജാവാകുകയെന്ന ജാതിത്തം വന്നതോടെ അഴകൊഴമ്പന്‍ രാജാക്കന്മാര്‍ ഉണ്ടായി.
ഇന്നത്തെ കാലത്ത് ക്ഷത്രിയഗുണങ്ങള്‍ ഉണ്ടാകേണ്ട ജോലികളില്‍ പോലീസും പട്ടാളവും ഒക്കെ ഉള്‍പ്പെടുന്നു. ശ്ലോകത്തില്‍ പറഞ്ഞ ഗുണങ്ങള്‍ ഇല്ലാത്തവര്‍ ഈ ജോലികളില്‍ ശോഭിക്കുകയില്ല.
ഇവര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങളില്‍ 'ദാനം' പ്രധാനമായി പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. ത്യാഗബുദ്ധിയുള്ളവര്‍ക്കേ ഈ ജോലികള്‍ നന്നായി ചെയ്യാനാവൂ. ഇങ്ങനെ ഉള്ളവര്‍ അധികാരസ്ഥാനങ്ങളില്‍ എത്തുമ്പോള്‍ അഴിമതിക്കാരാവില്ല. എക്കാലത്തും ജനഹൃദയങ്ങളില്‍ പ്രതിഷ്ഠയുള്ള നേതാക്കള്‍ എങ്ങനെ ആയിരുന്നു എന്ന് ഒന്നോര്‍ത്തു നോക്കിയാല്‍ വ്യത്യാസം അറിയാം. രജോഗുണപ്രധാനമായ അത്യാഗ്രഹവും അനധികൃതമായ സ്വത്തുസമ്പാദനവും തമോഗുണപ്രധാനമായ ഭീരുത്വവും പിന്തിരിഞ്ഞോടലും ഈ ജോലികള്‍ക്കു പറ്റിയതല്ല.
(തുടരും)
